പരിഭാഷപ്പെടുത്തൽ ഒരു സർഗാത്മക ഇടപെടലാണ്

World of Letters

പരിഭാഷപ്പെടുത്തൽ ഒരു സർഗാത്മക ഇടപെടലാണ്


പരിഭാഷാസാഹിത്യം ഇല്ലായിരുന്നെങ്കിൽ എൻ്റെ കുട്ടിക്കാലം വളരെ വിരസമാകുമായിരുന്നു. റഷ്യനിൽനിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ട സോവിയറ്റ് ബാലസാഹിത്യപുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്. അർക്കാദി ഗൈദാറിൻ്റെ 'ചുക്കും ഗെക്കും’, ഒ. പിറോവ്സ്കയയുടെ 'കുട്ടികളും കളിത്തോഴരും’, അനറ്റോലി അലക്സിനിന്റെ 'വൈകി ജനിച്ച കുഞ്ഞനുജൻ’ തുടങ്ങി നിരവധി പുസ്തകങ്ങൾ. കൂടാതെ നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) പ്രസിദ്ധീകരിച്ച പരമ്പരയായ നെഹ്രു ബാല പുസ്തകാലയം മറ്റ് ഇന്ത്യൻ ഭാഷകളിലെ പുസ്തകങ്ങളെയും എനിക്ക് പരിചയപ്പെടുത്തി. അങ്ങനെ കുഞ്ഞുനാളിൽതന്നെ റസ്കിൻ ബോണ്ട് പോലെയുള്ള എഴുത്തുകാരുടെ ബാലസാഹിത്യപുസ്തകങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടവയായി. ലോകക്ലാസിക്കുകളായ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’, ‘ഡ്രാക്കുള’ എന്നിവയും ഞാൻ മലയാളത്തിലാണ് വായിച്ചത്.

ഒരു പരിഭാഷകയായി പില്ക്കാലത്ത് പ്രവർത്തിക്കുമെന്ന് അപ്പോഴൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു എഴുത്തുകാരിയായാണ് ഞാൻ എന്നെ എപ്പോഴും അടയാളപ്പെടുത്തിയിരുന്നത്. ചേച്ചിയുടെ കുഞ്ഞിനുവേണ്ടി ഇംഗ്ലീഷ് പുസ്തകങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി വരിവരിയായി വായിച്ചുകൊടുക്കേണ്ടി വന്നപ്പോഴാണ് 'നിലവാരമുള്ള ബാലസാഹിത്യപുസ്തകങ്ങൾ മലയാളത്തിലും വരേണ്ടതല്ലേ' എന്ന ആശയം ആദ്യം തോന്നിയത്. ആ തോന്നലിൽ നിന്നാണ് ഇ. ബി. വൈറ്റിൻ്റെ ‘ഷാർളറ്റ്സ് വെബ്’ എന്ന പുസ്തകം പരിഭാഷപ്പെടുത്തിയത്.

ആ പരിഭാഷയുമായി ഡി സി ബുക്സിനെ സമീപിച്ചപ്പോൾ അവർ യുവാൽ നോവാ ഹരാരിയുടെ ‘അൺസ്റ്റോപ്പബിൾ അസ്’ (Unstoppable Us) എന്ന പുസ്തകം പരിഭാഷപ്പെടുത്താനുള്ള അവസരം തന്നു. ആ പുസ്തകത്തിന്റെ പരിഭാഷയായ 'മനുഷ്യർ എങ്ങനെ ലോകം പിടിച്ചടക്കി?'യാണ് ഒരു പരിഭാഷക എന്ന നിലയിൽ എന്നെ ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തിയത്.


Related Articles