പമേലയുടെ പച്ചവീട്: ആമുഖം

World of Letters

പമേലയുടെ പച്ചവീട്: ആമുഖം


കേട്ടുമടുത്ത പ്രേതകഥകളിൽനിന്ന് വ്യത്യസ്തമാണ് "പമേലയുടെ പച്ചവീട്'. കാരണം ഈ കഥയിലെ പച്ചവീട്ടിൽ മറഞ്ഞിരിക്കുന്നത്, പമേലയെ വിടാതെ പിന്തുടരുന്നത്, അവളുടെ കുടുംബത്തെ വേട്ടയാടുന്നത്, പ്രേതമോ ഭൂതമോ പിശാചോ അല്ല ദൈവമാണ്. സംരക്ഷിക്കേണ്ടവർതന്നെ ശിക്ഷിക്കാൻ ഒരുങ്ങുമ്പോൾ അവൾക്ക് രക്ഷയേകാൻ ആരാണ് വരിക? ദൈവം തെറ്റുചെയ്‌താൽ മനുഷ്യൻ എന്ത്‌ ചെയ്യും? പക്ഷേ, ഇത് തെറ്റും ശരിയും തമ്മി​ലുള്ള പോരാട്ടമല്ല. മറിച്ച് പ്രകൃതിയും അവളുടെ സൃഷ്ടിയും തമ്മിലുള്ള ശത്രുതയുടെ കഥയാണ്. ഭഗവതിക്കാവിലെ ദേവിയായ സ്വന്തം അമ്മയോട് പിണങ്ങി തന്റെ ജ്യേഷ്ഠന്മാരുടെ വാക്ക് കേൾക്കാതെ കുന്നിറങ്ങിപ്പോയ പച്ച. ഒരിടം തേടി അവൾ കാടും മേടും അലഞ്ഞുനടന്നു. ഒടുവിൽ അവൾക്ക് അഭയം നൽകിയ വനത്തിലെ സർവ്വചരാചരങ്ങളുടെയും അമ്മയായി അവൾ മാറി. പച്ചയമ്മ!! വെള്ളാട്ടുകോലം കെട്ടി അവൾക്കായി ആടുന്ന മക്കൾ. അവസാനം ആ വനംതന്നെ അമ്മയുടെ പേരിലായി. പച്ചവനം!

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പച്ചവനത്തിലേക്ക് താമസിക്കാനെത്തിയ ഫോറസ്റ്റ് ഓഫീസർ പോൾസൺ സായിപ്പും കുടുംബവും. സായിപ്പിന്റെ മകൾ പമേല. പച്ചിലവള്ളികൾ ചുറ്റിപ്പടർന്ന സായിപ്പിന്റെ ബംഗ്ലാവിന് അവളാണ് പച്ചവീടെന്ന പേര് നൽകിയത്. മിത്തുകളുടെ ലോകത്ത് ചെമ്പരത്തിക്കാവിൽ വാഴുന്ന പച്ചവനത്തിന്റെ അമ്മയായ പച്ചയമ്മയുടെ വെള്ളാട്ടുകോലത്തെ അത്ഭുതത്തോടെ നോക്കിനിന്ന ആ പത്ത് വയസ്സുകാരി. കാലത്തിന്റെ കുത്തൊഴുക്കിൽ പച്ചവനം അവളുടെ പ്രിയപ്പെട്ടതെല്ലാം കവർന്നെടുത്തു. പച്ചവീട് ഉപേക്ഷിച്ച് ദൂരേക്ക് പോയിട്ടും ജീവന്റെ അവസാനപ്രതീക്ഷയെ തന്റെ ഗർഭത്തിൽ ചുമന്ന് വീണ്ടും അവൾ ആ പച്ചവീട്ടിലേക്ക് എത്തിപ്പെടുമ്പോൾ പച്ചവനത്തിന്റെ അമ്മ അവൾക്കായി കാത്തുവെച്ചത് എന്തായിരുന്നു?

ഒരു സാങ്കല്പികലോകത്ത് ദുരൂഹ പശ്ചാത്തലത്തിൽ എഴുതിയ നോവലാണിത്. പ്രണയവും പ്രതികാരവും തുടങ്ങി എല്ലാ ചേരുവ​കളും കോർത്തിണക്കിയത്. ഗ്രേ ഷേഡിൽ നിൽക്കുന്ന കഥാപാത്ര​ങ്ങളാണിതിലെല്ലാം. അതുകൊണ്ടുതന്നെ നന്മനിറഞ്ഞവരെ പ്രതീ​ക്ഷിച്ച് ആരും വായിക്കേണ്ടതില്ല. നിഗൂഢതകൾ നിറഞ്ഞ പച്ചയായ മനുഷ്യരുടെയും അമാനുഷികരുടെയും ഈ കഥ ഏവർക്കും പുതിയൊരു വായനാനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.


Related Articles