കൊടുംവരൾച്ചയുടെ കാലമായിരുന്നു. മഴ പെയ്തിട്ടു വർഷങ്ങളായി. ചെടികളും പുല്ലുകളുമെല്ലാം ഉണങ്ങിക്കരിഞ്ഞു. വനങ്ങളിൽ ഇലകൾ കൊഴിഞ്ഞ മരങ്ങൾ പ്രേതങ്ങളെപ്പോലെ തലയുയർത്തി നില്ക്കുന്നു. എവിടെയും ഒരു കുഞ്ഞുതണൽപോലുമില്ല.
പണ്ടൊക്കെ സമൃദ്ധമായി മഴ കിട്ടുന്ന നാടായിരുന്നു അത്. എവിടെയും നീർച്ചാലുകൾ. വയലുകളും കുളങ്ങളും തൊടികളുമൊക്കെ നിറഞ്ഞ വളരെ പച്ചപ്പുള്ള സുന്ദരമായ ഒരു പ്രദേശം. പാടത്തും പറമ്പിലും പണിയെടുത്തു ജീവിക്കുന്ന ശാന്തശീലരായ മനുഷ്യർ. പുൽമൈതാനങ്ങളിൽ മേയുന്ന പശുക്കൾ. ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ. എമ്പാടും ഉല്ലാസവും ഉത്സാഹവും നിറഞ്ഞു നിന്നു. ഗ്രാമഭംഗി കാണുന്നതിനുതന്നെ ധാരാളം ആളുകൾ അവിടെ വന്നുപോവാറുണ്ടായിരുന്നു. അന്നൊക്കെ വയൽക്കരയിൽ നിന്നാൽ കാണാമായിരുന്ന സൂര്യാസ്തമയം അത്രയും മനോഹരമായിരുന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളുടെ അതിർത്തിയിൽനിന്നും കുങ്കുമനിറമുള്ള സൂര്യൻ താഴ്ന്നുതാഴ്ന്നു പോകുന്ന ആ കാഴ്ച! ആകാശത്ത് അപ്പോൾ നീലനിറമുള്ള മേഘങ്ങൾ പതുക്കെ ചലിച്ചുകൊണ്ടിരിക്കും. മേഘങ്ങൾക്കു താഴെ അനേകം പക്ഷികൾ വട്ടമിട്ടു പറക്കും. പണികഴിഞ്ഞു മടങ്ങിവരുന്ന കൃഷിക്കാരുടെ പാട്ടു കേൾക്കാം.
പക്ഷേ, അതെല്ലാം അവസാനിച്ചു. ഒരു കാലത്ത് കാടുകൾക്കരികിലൂടെ നൃത്തംവച്ചു നീങ്ങിക്കൊണ്ടിരുന്ന അരുവികളെല്ലാം വറ്റി. കിണറുകളെല്ലാം അനാഥമായിക്കിടക്കുന്നു. വയലുകളിൽ ബാക്കിനിന്ന പാഴ്ച്ചെടികൾകൂടി കരിഞ്ഞുണങ്ങി. കുടിക്കാൻപോലും തുള്ളിവെള്ളം കിട്ടാതായി. ചൂടാണെങ്കിൽ അസഹ്യമായിരിക്കുന്നു. വെള്ളവും ഭക്ഷണവും തേടി ആളുകൾ ദൂരദേശങ്ങളിലേക്ക് നാടുവിട്ടു പോയി. മൃഗങ്ങളും പക്ഷികളും എന്തിന് പാമ്പുകൾപോലും ആ ഗ്രാമത്തെ ഉപേക്ഷിച്ചു. പേടി തോന്നിക്കുന്ന മുരൾച്ചയോടെ ഒരു കാറ്റ് ഭൂമിക്കുമേൽ വീശിക്കൊണ്ടേയിരുന്നു. വരണ്ട മണ്ണിൽനിന്നും ആകാശത്തോളം ഉയർന്നുപൊങ്ങിയ പൊടി സകലരുടെയും കാഴ്ചയെ മറച്ചു.
