കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാൽ ഗ്രാമത്തിൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ താമസം തുടങ്ങിയ സമയം. നാല് മരത്തടികൾക്കു മുകളിൽ വിരിഞ്ഞുനിന്ന മെടഞ്ഞ ഓലകളുടെ തണലുമാത്രമാണ് വെയിലിൽനിന്നും മഴയിൽനിന്നും പൊതിഞ്ഞുപിടിച്ചത്. വലിയ കല്ലുകൾ പൊടിച്ച് ചെറിയ മെറ്റലുകളാക്കുന്ന മില്ലിൻ്റെ കഞ്ഞിപ്പുരയിൽ താമസിച്ച ഞങ്ങളെ വാടക കൊടുക്കാത്തതിനാൽ സന്ധ്യാസമയത്ത് ഇറക്കിവിട്ടിരുന്നു. പിന്നീട് കുറഞ്ഞ നേരത്തിനുള്ളിൽ കെട്ടിയുണ്ടാക്കിയ പുരയിൽ നിലാവ് പുതച്ചുറങ്ങി, ഉണർന്നെണീക്കുകയാണ് ഒന്നാം ക്ലാസുകാരിയായ ഞാൻ.
വാടകവീടുകൾ കയറിയിറങ്ങി, ഉടമസ്ഥരുടെ വഴക്കും ചീത്തയും കേട്ട് ചത്ത മനസ്സും മരവിച്ച ശരീരവും ഇന്നലെ മറ്റൊരു ലോകത്തായിരുന്നു. വിളക്കണച്ച് പുൽമെത്തയിലേക്ക് ചായുമ്പോൾ കൂരിരുട്ടിൽ കുറുമ്പിനെത്തുന്ന മിന്നാമിനുങ്ങിൻ കൂട്ടങ്ങൾ "ഇനി നിനക്ക് ഞങ്ങളുണ്ട്" എന്ന് പറഞ്ഞുകൊണ്ടിരുന്നു. പമ്മിവന്ന്, ഇറുകെപ്പുണർന്ന് തണുപ്പിക്കുന്ന കറുത്ത കാറ്റ് "ഇവിടം നിന്റെയാണ്" എന്ന് കൊഞ്ചി. അതേ! ഞാനുറങ്ങി. ഒരുപാട് നാളുകൾക്ക് ശേഷം സമാധാനത്തോടെ! ഇനിയൊരാളും ആട്ടിയിറക്കാൻ വരില്ലല്ലോ, ഇനിയൊരാളും മാസാവസാനം വീടിനുമുന്നിൽ വന്ന് തെറി പറയില്ലല്ലോ…
“ബടാരുല്യേ…പൂയ്…ബടാരുല്യേ…”
