ഓട്ടുറുമപോലൊരു ആനവണ്ടി

World of Letters

ഓട്ടുറുമപോലൊരു ആനവണ്ടി


എൽ.പി. സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി ആനവണ്ടി കാണുന്നത്. ഞങ്ങളുടെ നാട്ടിൽ കുറച്ച് ബസുകൾ മാത്രം ഓടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. ബസിൽ കയറുന്നതാവട്ടെ വല്ലപ്പോഴുംമാത്രം. ഒന്നുങ്കിലൊരു പനി വന്ന് ആശുപത്രിയിൽ പോകാൻ, അല്ലെങ്കിൽ ഓണത്തിനും വിഷുവിനും കോടി എടുക്കാൻ പോകാൻ. അവിടെ തീർന്നു ബസ് യാത്ര. എന്റെയും സുഹൃത്തുക്കളുടെയും അവസ്ഥ അതുതന്നെയായിരുന്നു. അതുകൊണ്ട് ബസ് കാണുമ്പോഴൊക്കെ എനിക്കു വല്ലാത്ത കൗതുകമായിരുന്നു. അങ്ങനൊരു ദിവസത്തിലാണ് ‘ആനവണ്ടി’ എന്നൊരു പ്രയോഗം ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞത്. “ഞാൻ ഇന്നലെ ആനവണ്ടീലാടാ കണ്ണൂര് പോയത്.” മാഷ് ബോർഡിൽ കണക്ക് കൂട്ടാൻ പഠിപ്പിക്കുമ്പോൾ അവൻ അടുത്തിരുന്നവന്റെ ചെവിയിൽ പറഞ്ഞു. ആണോ എന്ന് അവൻ അതിശയംകൊള്ളുന്നതും ഞാൻ കേട്ടു. തല തിരിച്ചു നോക്കിയാൽ മാഷിന്റെ കൈയീന്ന് നുള്ള് കിട്ടുമെന്നുള്ളതോണ്ട് ഞാൻ എന്റെ സംശയം ഉള്ളിലടക്കി വച്ചു. ബെല്ലടിച്ച് മാഷ് പുറത്തേക്കിറങ്ങിയതും “ആന കേറുന്ന വണ്ടിയാണോ?”ന്ന് ഞാൻ ചോദിച്ചു. അവനടക്കം അത് കേട്ട പിള്ളേരൊക്കെ കൂട്ടച്ചിരി.

“അല്ല... ആന ഉണ്ടാക്കിയ വണ്ടിയാ.”
“ശരിക്കും?”
“ഹാന്ന്...” അമർത്തിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
ആന എങ്ങനെയാകും ആ വണ്ടി ഉണ്ടാക്കിയിട്ടുണ്ടാവുക എന്നോർത്ത് ഞാനാകെ ആശയക്കുഴപ്പത്തിലായി. അന്ന് വൈകിട്ട് വീട്ടിലേക്കു നടക്കുമ്പോഴും എന്റെ തലയിൽ ഇതുതന്നെയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്മിതയാണ് എന്നോടപ്പോൾ ആനവണ്ടി എന്താണെന്നു പറഞ്ഞുതന്നത്.
“അത് നമ്മടെ കേരളത്തിന്റെ ബസാ... ഗവൺമെന്റ് ബസ്. സ്റ്റേറ്റ് ബസ്.” അച്ഛനുമമ്മയും അധ്യാപകരായതുകൊണ്ട് അവൾക്കിത്തരം കാര്യങ്ങളിൽ കുറച്ചുകൂടി അറിവുണ്ടായിരുന്നു.
“അത് നമ്മുടെ നാട്ടിലൊക്കെ ഓടുന്നുണ്ടോ?”
“ഏതൊക്കെയോ സമയത്തിലാ. രാവിലെ ഒന്നുണ്ട്. പിന്നെ ഉച്ചയ്ക്കും. നമ്മൾക്ക് ക്ലാസ്സുള്ള നേരമായതോണ്ടാ കാണാത്തത്.” അവൾ പറഞ്ഞു.
“അടുത്ത തവണ ബസിൽ പോകുമ്പോ സ്റ്റേറ്റ് ബസിൽ കേറാം.” അന്ന് രാത്രി ഞാൻ അമ്മയോട് പറഞ്ഞു.
“സ്റ്റേറ്റിലോ?”
“ആ...”
“അതിലൊന്നും പോണ്ട. പിള്ളേർക്ക് അതില് പൈസ എടുക്കും.” ഒറ്റവാക്കിൽ അമ്മ എന്റെ ആഗ്രഹത്തെ ആകെ കുഴിച്ചുമൂടി.


Related Articles