ഞാന്‍ ഒരു ഭര്‍ത്താവായിരുന്നെങ്കിൽ...

World of Letters

ഞാന്‍ ഒരു ഭര്‍ത്താവായിരുന്നെങ്കിൽ...


ശക്തമായ സ്ത്രീപക്ഷ രചനകൾ നടത്തിയിട്ടുള്ള എഴുത്തുകാരിയാണ് കെ. സരസ്വതിഅമ്മ. ലിംഗഭേദവിചാരങ്ങള്‍ കേരളത്തില്‍ സജീവമായിരുന്ന 1930-കളിലാണ് സരസ്വതിഅമ്മയുടെ സര്‍ഗ്ഗാത്മകജീവിതം ആരംഭിക്കുന്നത്. താന്‍ ഒരു ഭര്‍ത്താവായിരുന്നെങ്കിൽ... എന്ന് സങ്കല്‍പ്പിച്ച് കാലങ്ങള്‍ക്ക് മുന്‍പ് സരസ്വതിഅമ്മ എഴുതിയ ലേഖനം വായിക്കാം...

ഞാന്‍ ഒരു പുരുഷനായിരുന്നെങ്കില്‍ എന്നു സങ്കല്പിക്കാനെളുപ്പമുണ്ട്. പല നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായ മനുഷ്യ ജീവിതത്തില്‍ ഒരു തടവുപുള്ളിക്കു കിട്ടുന്ന കഠിനതടവുപോലെയാണു മനുഷ്യജീവിക്കു കിട്ടുന്ന സ്ത്രീജന്മം. ഒരു സ്ത്രീയുടേതിനെക്കാള്‍ ജീവിതത്തിന്റെ സമരോഗ്രതയും ഭാരവും പുരുഷന് കുറവായിത്തോന്നുമെന്ന വിശ്വാസം എങ്ങനെയോ എന്നിലുറച്ചുപോയിട്ടുണ്ട്. ഇതും വെറും അക്കരപ്പച്ചയാണോ എന്നറിഞ്ഞുകൂടാ. പൊതുജനവിശ്വാസം മറിച്ചാണല്ലോ. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനശക്തിയുടെയും പര്യായമെന്നു വാഴ്ത്തപ്പെടുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ സമരവും ഭാരവും ബോധപൂര്‍വ്വമല്ലാതായിത്തീര്‍ന്നതായിരിക്കാം അതിനു കാരണം. എന്നാലും ഒരു പുരുഷനായി സങ്കല്പിക്കുമ്പോള്‍തന്നെ എന്തൊരു ലഘുചിത്തതയും ആനന്ദവുമാണ് എനിക്കനുഭവപ്പെടുന്നത്! പരസ്യമായങ്ങനെ സങ്കല്പിക്കാന്‍ സ്വമേധയാ തുനിയുമായിരുന്നില്ലാത്ത ഞാന്‍ അതിനൊരവസരം കിട്ടിയതില്‍ സന്തോഷിക്കുകയും ചെയ്‌തേനേ. അവിടെയും ഭാഗ്യം എന്നെ അനുഗ്രഹിച്ചിട്ടില്ല എന്നല്ലാതെന്തു പറയാന്‍?

വെറും പുരുഷനെന്ന നിലയില്‍ സ്ത്രീസ്വാതന്ത്ര്യത്തെയും സമത്വത്തെയും സ്വാഗതം ചെയ്യുന്നതൊരു സുഖമാണ്; പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷത്തിനു കാര്യമുണ്ട്. കാരണം നിങ്ങള്‍ക്കൂഹിക്കാം. പക്ഷേ, ഭര്‍ത്താവിന്റെ നിലയിലായാലോ? ഇരുകക്ഷികളും, ഇത്രയധികം വിട്ടുവീഴ്ച ചെയ്യേണ്ട ബന്ധം ദാമ്പത്യംപോലെ വേറൊന്നുണ്ടോ?


Related Articles