‘ആണുങ്ങൾക്കൊത്തവിധം ആണാവാൻ എന്താ വേണ്ടത്?' എന്നുചോദിച്ചത് ഞങ്ങളുടെ നാട്ടിലെ ഒരു സ്ത്രീയോട് പഴയൊരു മീൻപിടിത്തക്കാരനാണ്. രാത്രികളിൽ പുരുഷന്മാരെ മനോഹരമായ പുതുക്കങ്ങളിലൂടെ കൊണ്ടുപോകുന്ന സ്ത്രീയായിരുന്നു, അവർ. പലവിധത്തിലുള്ള അലങ്കോലപ്പെട്ട ജീവിതവ്യഥകളുമായി ജീവിക്കുന്ന പുരുഷന്മാർ അവരുടെ നിശാ സത്രത്തിൽ അഭയം കണ്ടെത്തി. അടിത്തട്ടിലെയും ഇടത്തട്ടിലെയും മേൽത്തട്ടിലെയും മനുഷ്യർ അവരിലുണ്ടായിരുന്നു. എല്ലാവർക്കും അവർ തുല്യമായ രീതിയിൽ ആനന്ദാനുഭൂതികൾ പകുത്തുനൽകി. അവർക്ക് പിടയ്ക്കുന്ന മീൻ കൊടുത്ത്, പിടപിടയ്ക്കുന്ന സെക്സ് തിരിച്ചുവാങ്ങിയ മീൻ പിടിത്തക്കാരനാണ് ഇങ്ങനെ ചോദിച്ചത്.
“ആണ്ങ്ങൾക്കൊത്ത വിധം ആണാവാൻ എന്താ വേണ്ടേ?”
സ്ത്രീ പറഞ്ഞ മറുപടി കുറേ കാലം ഞങ്ങളുടെ നാട്ടിലെ പഴയ മനുഷ്യർ ഓർത്തു പറഞ്ഞു: “മീനിനെപ്പോലെ മിണ്ടാട്ടം മുട്ടിയവരാണ് പെണ്ണ്ങ്ങള് എന്ന് കരുതാണ്ട് ന്നാ മതി. അങ്ങനെയായാ നീ നല്ല ആണായി.”
അത് നല്ല മറുപടിയായിരുന്നു. ആ സ്ത്രീ പാർത്തത് ഞങ്ങളുടെ നാട്ടിൽത്തന്നെയായിരുന്നു. പിൽക്കാലത്ത് ആ സ്ത്രീ ലോട്ടറി വിറ്റാണ് ജീവിച്ചത്.
