ഇന്ത്യയിലെ മറ്റു ഭാഷകളിലും ഇംഗ്ലീഷിലും കാണാത്ത ഒരു പുസ്തകപ്രസാധന മാതൃക കേരളത്തിനുണ്ട്. ഒരു പ്രസ്സ്, അതില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ പുസ്തകക്കടകളുടെ കേരളം എമ്പാടുമുള്ള ഒരു ശൃംഖല- ഡി സി കിഴക്കെമുറി അടക്കമുള്ള നാഷണല്‍ ബുക്സ്റ്റാളിന്റെ നേതൃത്വമാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. പിന്നീട് പ്രസാധനത്തിലെ ഈ കേരള മോഡലിന് പല അനുകര്‍ത്താക്കളുണ്ടായി. മലയാളത്തിലെ എഴുത്തുകാര്‍ക്ക് ഒരു വിപണി എളുപ്പത്തില്‍ തുറന്നു കിട്ടി.
ഡി സി കിഴക്കെമുറി സ്വന്തമായി ഡി സി ബുക്‌സ് തുടങ്ങിയപ്പോള്‍ ഈ വിപണനവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കി. പുസ്തകം വാങ്ങിക്കാന്‍ ഉതകുന്ന നാഷണല്‍ ബുക്സ്റ്റാള്‍ തുടങ്ങിവെച്ച പ്രി-പബ്ലിക്കേഷന്‍ പദ്ധതിയും മറ്റും കൂടുതല്‍ മെച്ചമായി അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. മലയാള വായനക്കാര്‍ക്ക് പുസ്തകം സ്വന്തമാക്കുക എന്നത് ആയാസരഹിതമാക്കി.
ഞാന്‍ കഥയൊന്നും എഴുതാതെ വായനക്കാരന്‍ മാത്രമായി തുടരുന്ന കാലത്താണ് ഡി സി കിഴക്കെമുറി വളരെ പാടുപെട്ട് എന്നെ കണ്ടെത്തി എന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന് വേണ്ടിയിരുന്നത് എന്നെക്കുറിച്ചുള്ള ജീവചരിത്രപരമായവിവരങ്ങള്‍ ആയിരുന്നു.
