കുട്ടിക്കാലത്തു വീട്ടിൽ "സോവിയറ്റ് ലാൻഡ്', "സോവിയറ്റ് നാട്' മാസികകൾ വരുത്തിയിരുന്നു. അതിന്റെ താളുകൾക്കു പ്രത്യേകമായൊരു സുഗന്ധമുണ്ടായിരുന്നു. ഐസ് പോലെ തിളങ്ങുന്നതും തെന്നുന്നതുമായ കടലാസിൽ മറ്റൊരു പ്രസിദ്ധീകരണത്തിലും കണ്ടിട്ടില്ലാത്ത ജീവൻതുളുമ്പുന്ന ഫോട്ടോഗ്രാഫുകൾ അച്ചടിച്ചിരുന്നു. നീലാകാശത്തിനുതാഴെ പച്ചമഷി തളംകെട്ടിയ തടാകത്തിന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. ആ പ്രായത്തിൽ, അതിലേറെ മാസ്മരികമായ ഫോട്ടോ വേറെ കണ്ടിട്ടില്ല. ബിഗ് ആൽമാട്ടി തടാകത്തിന്റെ ചിത്രമായിരുന്നു അത്. ആ സ്ഥലമൊന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ തീവ്രമായി കൊതിച്ചു. ഏഴോ എട്ടോ വയസ്സുള്ള കാലമാണ്. പത്തു നാൽപ്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം സാധിച്ചു. പല കടമ്പകൾ കടന്നും ജീവൻ പണയംവച്ചും ഐസിൽ പലതവണ തെന്നിവീണും പിച്ചനടന്നും ഞാൻ അവിടെയെത്തി. ജീവിതത്തോടുള്ള സ്നേഹം തിരിച്ചുകിട്ടി. ജീവിതം കഥയായി ഞാൻ വായിച്ചു. പലതരം യക്ഷിക്കഥകൾ ഇഴയിട്ട യക്ഷിക്കഥയായി അനുഭവിച്ചു.
കലാച്ചി എന്ന ഗ്രാമത്തെപ്പറ്റി കേട്ടത് 2013–ലാണ്. ‘ആരാച്ചാർ’ എഴുതിക്കഴിഞ്ഞിരുന്നു. പ്രതീക്ഷാശൂന്യതയും കടുത്ത വിഷാദവും ഒരു കടൽച്ചുഴിയെന്നവണ്ണം എന്നെ കുടുക്കി. രാത്രി ഉറക്കമില്ലായ്മയും പകൽ ഉറക്കംതൂങ്ങലുമായി ഞാൻ വട്ടംകറങ്ങി. ഒരു ദിവസം ഉച്ചയ്ക്കു ടിവിയിൽ സിനിമ കാണാൻ ശ്രമിച്ചു. ശ്രദ്ധയുറയ്ക്കാതെ ചാനലുകൾ മാറ്റിമാറ്റി നോക്കി. ഒടുവിൽ ഒരു വിദേശചാനലിൽ എത്തി. മഞ്ഞും ഉണങ്ങിയ പോപ്ലാർ മരവുമാണ് ആദ്യം കണ്ണിൽത്തടഞ്ഞത്. ‘സ്ലീപ്പിങ് സിക്ക്നെസ്' എന്ന സബ്ടൈറ്റിൽ എന്നെ കൊളുത്തിവലിച്ചു. ഞാൻ ജിജ്ഞാസുവായി. കസഖ്സ്ഥാനിലെ ‘കലാച്ചി’ എന്ന ഗ്രാമത്തിൽ ദുരൂഹമായ ഒരു അജ്ഞാതരോഗം വ്യാപിക്കുന്നതിനെപ്പറ്റിയുള്ള വാർത്തയായിരുന്നു അത്. അവിടെ താമസിക്കുന്നവർ ഉറങ്ങിവീഴുന്നു. എട്ടും പത്തും ദിവസം ഉണരാതെ ഉറങ്ങുന്നു. പല നാടുകളിൽനിന്നും വിദഗ്ധർ പരിശോധനയ്ക്ക് എത്തിയെങ്കിലും ആർക്കും കൃത്യമായ കാരണം കണ്ടെത്താൻ കഴിയുന്നില്ല.
ഞാൻ ഞെട്ടിയുണർന്നു. ഭാവിയിൽ എഴുതാൻപോകുന്ന നോവൽ മനസ്സിൽ വായിച്ചു. ‘കലാച്ചി’യെക്കുറിച്ചും ഉറക്കരോഗത്തെക്കുറിച്ചും കൂടുതൽ അന്വേഷിച്ചു. അന്നുമുതൽ ‘കലാച്ചി’ എന്റെ റഡാറിൽ തുടർന്നു. 2015-ലും അവിടെ ഉറക്കരോഗം റിപ്പോർട്ട് ചെയ്തു. എങ്ങനെയും അവിടെ പോകാൻ മനസ്സുവെമ്പി. പക്ഷേ, എങ്ങനെ? സമയമില്ല, പണമില്ല, വീസയില്ല––അതു സ്വപ്നംമാത്രമായി അവശേഷിച്ചു.
