നിർമ്മിതബുദ്ധി (Artificial Intelligence – AI) ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സാങ്കേതികവിദ്യയാണ്. ഈ വിഷയത്തിൽ ദിനംപ്രതി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവയിൽ ചിലത് AI-യെ മനുഷ്യരാശിയുടെ ഏറ്റവും വലിയ അവസരമായി അവതരിപ്പിക്കുമ്പോൾ, മറ്റുചിലത് അതിനെ ഏറ്റവും വലിയ ഭീഷണിയായാണ് ചിത്രീകരിക്കുന്നത്. യാഥാർഥ്യം ഈ രണ്ടിനുമിടയിലാണ്. ആവേശത്തിന്റെയോ ഭയത്തിന്റെയോ അതിരുകൾക്കപ്പുറം, നിർമ്മിതബുദ്ധിയെ ശാസ്ത്രീയമായും വിമർശനാത്മകമായും മനുഷ്യകേന്ദ്രിതമായും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മലയാള പുസ്തകത്തിന്റെ ആവശ്യമുണ്ടെന്ന തോന്നലാണ് ഈ പുസ്തകം എഴുതാനുള്ള പ്രചോദനം.
ഈ പുസ്തകം കമ്പ്യൂട്ടർ ശാസ്ത്രജ്ഞർക്കുവേണ്ടിയുള്ള ഒരു സാങ്കേതിക പാഠപുസ്തകമല്ല. അതുപോലെ, AI-യെക്കുറിച്ചുള്ള വാർത്തകളുടെ ഒരു സമാഹാരവുമല്ല. അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, സംരംഭകർ തുടങ്ങി പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏത് സാധാരണ വായനക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
അഞ്ച് ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ആദ്യഭാഗം നിർമ്മിതബുദ്ധിയുടെ അടിസ്ഥാന ആശയങ്ങളെ പരിചയപ്പെടുത്തുന്നു. രണ്ടാം ഭാഗത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന AI ഉപകരണങ്ങളെ ലളിതമായി വിശദീകരിക്കുന്നു. മൂന്നാം ഭാഗം AI-യുടെ അടുത്ത തലമുറയും വിദ്യാഭ്യാസം, ആരോഗ്യം, റോബോട്ടിക്സ്, എജന്റിക് AI തുടങ്ങിയ മേഖലകളിലെ മാറ്റങ്ങളും അവതരിപ്പിക്കുന്നു. നാലാം ഭാഗം AI-യുടെ പരിമിതികൾ, ധാർമ്മിക-നിയമപരമായ വെല്ലുവിളികൾ, തൊഴിൽരംഗത്തെ മാറ്റങ്ങൾ, പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന സ്വാധീനം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ചർച്ചചെയ്യുന്നു. അവസാനഭാഗം ലോകത്തെ AI മത്സരം, ഓപ്പൺ സോഴ്‌സ് AI, മനുഷ്യന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടിലേക്ക് വായനക്കാരനെ നയിക്കുന്നു.
