നിഗൂഢതകൾ ഒഴുകുന്ന ചെമ്പരുന്തരുവി

World of Letters

നിഗൂഢതകൾ ഒഴുകുന്ന ചെമ്പരുന്തരുവി


മനുഷ്യൻ സ്വന്തം ആത്മാവിനെ ഒളിപ്പിച്ചുവെക്കുന്ന ചില മാളങ്ങളുണ്ട്. പുറമേ ശാന്തമെന്ന് തോന്നുമ്പോഴും ഉള്ളിൽ കനലുകൾ എരിയുന്ന ചില ജീവിതങ്ങൾ. പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ, കോടമഞ്ഞും നിഗൂഢതകളും പുതച്ചുറങ്ങുന്ന 'ചെമ്പരുന്തരുവി' എന്ന
കുടിയേറ്റഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വികസിക്കുന്നത്.
അച്ഛന്റെയും അമ്മയുടെയും ദുരന്തപൂർണ്ണമായ ഭൂതകാലം ഏൽപ്പിച്ച മുറിവുകളുമായി, പാട്ടക്കാരനായി ‘ചിത്രപൗർണ്ണമി' എന്ന പഴയ തറവാട്ടിലേക്ക് എത്തുന്ന ഋഷി. അവിടെ അവനെ കാത്തിരുന്നത് റീത്ത എന്ന പെൺകുട്ടിയുടെ നിഗൂഢമായ മരണവും അവൾ ആ മുറിയിൽ ബാക്കിവെച്ച ചില തിരുശേഷിപ്പുകളുമായിരുന്നു.
കഥയുടെ മറുപുറത്ത്, സ്വന്തം വ്യക്തിത്വം ‘ജെനി ജോൺ' എന്ന മുഖംമൂടിക്കുള്ളിൽ ഒളിപ്പിച്ചുവെച്ച്, പെണ്ണടയാളങ്ങളെല്ലാം അഴിച്ചുവെച്ച ചിത്രലേഖ. "ആത്മാവ് നഷ്ടപ്പെട്ടിട്ടും ശരീരം ഉപേക്ഷിക്കാത്ത പെൺകുട്ടി' എന്ന് ഋഷിയുടെ മനസ്സ് തിരിച്ചറിയുന്ന ചിത്രലേഖയുടെ ജീവിതം, കാലങ്ങളായി അവൾ നിശ്ശബ്ദം സഹിക്കുന്ന വലിയൊരു വേദനയുടെ അടയാളമാണ്.
വസൂരിവിത്തുകൾ വീണ കറുത്ത മനുഷ്യരെ ചേർത്തുപിടിച്ച് ശിലയായി മാറിയ ‘കറുപ്പുകുത്തി പാതിരി'യുടെ മിത്തുകളും പാതിരിയെ കാത്തുനിന്ന് പുഴയായി മാറിയ ‘ചെമ്പരുന്തരുവി'യും ഈ നോവലിലെ നിശ്ശബ്ദ സാക്ഷികളാണ്.
ചിത്രപൗർണ്ണമിയുടെ മുകളിലത്തെ മുറിയിലെ രഹസ്യങ്ങളും ആകാശവേരുകൾപോലെ പടർന്നുകിടക്കുന്ന മനുഷ്യബന്ധങ്ങളും വായനക്കാരെ മുൾമുനയിൽ നിർത്തുന്ന ചതിയുടെയും പ്രതികാരത്തിന്റെയും കഥാസന്ദർഭങ്ങളും ഈ കൃതിയെ മുന്നോട്ടു നയിക്കുന്നു. അപമാനിക്കപ്പെട്ടവളും അവഗണിക്കപ്പെട്ടവളുമായ ഒരു പെൺമനസ്സിനെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന ഒരു ‘വെളുത്ത പാതിരി'യുടെ കഥയാണിത്. എന്നാൽ സ്നേഹത്തിന്റെ ആ വഴിയിൽ അവർക്ക് നേരിടേണ്ടിവരുന്ന നഷ്ടങ്ങളും ഒടുവിൽ മായ്ക്കാനാവാത്ത ചില അടയാളങ്ങളുമായി അവർ നടന്നുതീർക്കുന്ന വഴികളും വായനക്കാരന്റെ ഉള്ളിൽ നോവുപടർത്തുന്ന ജനുവരിക്കാറ്റായി എന്നും വീശിക്കൊണ്ടിരിക്കും.
ഓരോ അധ്യായവും ഓരോ പുതിയ രഹസ്യങ്ങളിലേക്ക് വാതിൽ തുറക്കുന്ന ഈ നോവൽ, എന്റെ വായനക്കാർക്ക് മുൻപിൽ ഞാൻ സമർപ്പിക്കുന്നു.

Summary: Radhakrishnan Narayanan writes about his novel, Chithralekhayude Adayalangal


Related Articles