നന്യാറ്റാർജതി: ആമുഖം

World of Letters

നന്യാറ്റാർജതി: ആമുഖം


ജനനേന്ദ്രിയം പോലും സ്വന്തമായി ഇല്ലാത്ത ഒരു മൃതദേഹം. കൊല്ലപ്പെട്ടത് ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ. ഇവിടെയാണ് ‘നന്യാറ്റാർജതി' തുടങ്ങുന്നത്. നഗരത്തിന്റെ തിരക്കിനും വനത്തിന്റെ നിശ്ശബ്ദതയ്ക്കും ഇടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യത്തിന്റെ ചുരുളഴിയൽ...

മുംബൈ നഗരത്തിന്റെ തിരക്കുകളിൽ നിന്നാണ് ഈ കൃതി ജനിക്കുന്നത്. അവസരങ്ങളുടെയും സ്വപ്നങ്ങളുടെയും നാടായ മുംബൈയിലെ തെരുവുകളിൽ, അവഗണിക്കപ്പെടുന്ന ഒരുകൂട്ടം മനുഷ്യരുടെ സങ്കീർണമായ ജീവിതങ്ങളും വേദനകളും അനുഭവിച്ചറിഞ്ഞപ്പോൾ അത് സമൂഹത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഒരു ആഗ്രഹം തോന്നി. സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന ആ പാവങ്ങളുടെ യാതനകൾ ഒരു ക്രൈം ത്രില്ലറിലൂടെ അവതരിപ്പിക്കാനാണ് ഞാൻ നന്യാറ്റാർജതിയിലൂടെ ശ്രമിച്ചിരിക്കുന്നത്.

മണ്ണിൽ അവതരിച്ച ദൈവങ്ങളാണ് ആശുപത്രി ജീവനക്കാരെന്നും ആ ദൈവങ്ങളുടെ ആരാധനാലയമാണ് ആശുപത്രികളെന്നും വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എന്നാൽ ഇന്ന് ആരോഗ്യമേഖല വെറും കച്ചവടമായി മാറിക്കൊണ്ടിരിക്കുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടിവന്ന ഒരു ആരോഗ്യപ്രവർത്തകയാണ് ഞാൻ. ആയുസ്സിന്റെ നിലനിൽപ്പിനുവേണ്ടി ചികിത്സയ്ക്ക് വരുന്ന രോഗികളെ ‘പണം സമ്പാദിക്കാനുള്ള ഒരു വസ്തു'വായി മാത്രം കാണുന്ന കോർപ്പറേറ്റുകളുടെ നടുവിൽനിന്ന് ജോലി ചെയ്യേണ്ടി വന്നപ്പോൾ പാവങ്ങളെ ചൂഷണം ചെയ്യുന്ന അധികാരവർഗ്ഗത്തിന്റെ ഇരുണ്ട വശങ്ങൾ തുറന്നുകാട്ടണമെന്ന് തോന്നി. ആ ക്രൂരതകൾ വായനക്കാരിലെത്തിക്കാൻ ചീഞ്ഞളിഞ്ഞ ഒരു മൃതദേഹത്തെയും അതിനെ ചുറ്റിപ്പറ്റി രൂപം കൊള്ളുന്ന ദുരൂഹതകളെയും ഞാൻ കൂട്ടുപിടിച്ചു. ആ നിഗൂഢതകൾ, ആദ്യാവസാനം വരെ വായനക്കാരെ ആകാംക്ഷയോടെ കൂട്ടിക്കൊണ്ടു പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു.


Related Articles