നകുലന്റെ മരണം

World of Letters

നകുലന്റെ മരണം


(സെഡോറ നോവൽ മത്സരം 2025-ൽ മൂന്നാം സ്ഥാനം നേടിയ ശ്രീനി ഇളയൂരിന്റെ മിസ്റ്റി എന്ന നോവലിൽ നിന്ന് )

പോലീസ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് വെച്ച റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് അലക്‌സ് പൂത്തേടന്റെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ച് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍ തിരിച്ചു പോന്നത് അസിസ്റ്റന്റ് കമ്മീഷണര്‍ റിയാസ് ബാബുവിനോടൊപ്പമായിരുന്നു.

“താന്‍ അലക്‌സ് സാറിന്റെ കീഴില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടോ?''
“ഇല്ല സാര്‍'' |
“നന്നായി.''
“അതെന്താ സാര്‍?''
“അലക്‌സ് സാറിനെക്കുറിച്ച് തനിക്കറിയാവുന്നതല്ലേ? മുകളിലിരിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഓഫീസറായിരുന്നു അദ്ദേഹം. പഴയ ആഭ്യന്തരമന്ത്രി സദാശിവക്കുറുപ്പിന്റെ സ്വന്തം ആളായിരുന്നു.''
“കേരളത്തില്‍ നക്‌സലൈററുകളെ വേരോടെ പിഴുതെറിഞ്ഞതിനു പിന്നില്‍ സദാശിവക്കുറുപ്പും അലക്‌സ് സാറുമായിരുന്നുവെന്ന് അക്കാലത്ത് പ്രചാരമുണ്ടായിരുന്നു.''
“അത് ഏറെക്കുറെ ശരിയുമാണ്. ഒന്ന് രണ്ട് കേസുകളില്‍പ്പെട്ടത് കാരണം പ്രമോഷന്‍ തടയപ്പെട്ടു. ഇല്ലെങ്കില്‍ ഐ.ജി. ആകേണ്ട ആളാ.''
“അതിനെപ്പറ്റിയൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഒരെണ്ണം അനധികൃത സ്വത്ത് സമ്പാദ്യവും മറ്റൊന്ന് പത്രപ്രവര്‍ത്തകന്റെ ദുരൂഹമരണവുമല്ലേ?"
“അതേ, റിട്ടയര്‍ ചെയ്തിട്ടും എന്തായിരുന്നു അയാളുടെ ഒരു പത്രാസ്? താനയാളുടെ ബംഗ്ലാവ് കണ്ടിട്ടില്ലേ? ഒരു മൂന്നു കോടിയെങ്കിലും മുടക്കിയിട്ടുണ്ടാവും. സദാശിവക്കുറുപ്പാണ് ഇടുക്കിക്കാരനായ അലക്‌സ് സാറിനെ റിട്ടയര്‍ ചെയ്തപ്പോള്‍ ഇങ്ങോട്ടു വിളിച്ചുവരുത്തിയത്.''
“ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പളം കൊണ്ട് ഇത്രയും വലിയ വീടുണ്ടാക്കാന്‍ പറ്റുമോ?
“ആഹാ, ചിലര്‍ക്ക് പറ്റും.''
“ശരിക്കും പറഞ്ഞാല്‍ ഇദ്ദേഹത്തിനൊരു മോശം പരിവേഷമാണുണ്ടായിരുന്നതല്ലേ? എന്റെ ധാരണ ഇദ്ദേഹം എല്ലാവരും പേടിക്കുന്ന ഒരു കടുകട്ടി ഓഫീസറായിരുന്നെന്നാ''
“ഡിപ്പാര്‍ട്‌മെന്റില്‍ ഇദ്ദേഹത്തെ വിളിച്ചിരുന്നത് അലക്‌സ് പൂത്തേടനെന്നല്ല അലക്‌സ് പടിക്കല്‍ എന്നായിരുന്നു''
“ഓ. ജയറാം പടിക്കലിന്റെ പിന്‍മുറക്കാരന്‍.''
“അതേ, ഞാനൊരു കാര്യം കേട്ട് ഞെട്ടിയിരിക്കയാണ്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതാണ്.''
“എന്താണ് ഡോക്ടര്‍ പറഞ്ഞത്?''
“ഇദ്ദേഹം വീട്ടു മുറ്റത്ത് വീണുകിടക്കുകയായിരുന്നു. പെട്ടെന്നുതന്നെ അടുത്തുള്ള ആര്‍.കെ. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റല്‍ എം.ഡി. രമേഷ് ബാബു എന്റെ ഒരു സുഹൃത്താണ്. പുള്ളിയാണ് അലക്‌സ് സാറിനെ പരിശോധിച്ചത്. സംഗതി ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചത് തന്നെയാണ്. പക്ഷ ...'
“എന്താണ് സാര്‍ ഒരു പക്ഷേ?''
“ഡോക്ടര്‍ കാണുമ്പോള്‍ അലക്‌സ് സാറിന്റെ മുഖം എന്തോ കണ്ട് ഭയന്നതുപോലെയായിരുന്നത്രേ. കണ്ണ് തുറിച്ചും നാവ് പുറത്തേക്കിട്ടും മുഖമാകെ വലിഞ്ഞു മുറുകിയുമായിരുന്നെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതൊന്നും ഒരു ഹാര്‍ട്ട് അറ്റാക്കിന്റെ മാത്രം ലക്ഷണങ്ങളായി കരുതാന്‍ പറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം,.'
“സാറെന്താണ് പറഞ്ഞു വരുന്നത്?''
“എന്തോ കണ്ട് ഭയന്ന് ഹൃദയം നിലച്ചു പോയതാകുമെന്നാണ് രമേഷ് ബാബു എന്നോട് പറഞ്ഞത്.''
“ബോഡി പോസ്റ്റ് മാര്‍ട്ടം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടുമായിരുന്നല്ലോ.''
“ശരിയാണ്. സ്വാഭാവികമരണം പോലെയാണ് ആര്‍.കെ. ഹോസ്പിറ്റല്‍ കൈകാര്യം ചെയ്തത്. സ്വാധീനമുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ പതിവുള്ള പ്രൊസീജിയറുകള്‍ പോലും ഉണ്ടായില്ല. പക്ഷേ എനിക്കത് കേട്ടപ്പോള്‍ എന്തോപോലെ. അലക്‌സ് സാറിനെ പോലെ ഒരാളെ ഭയപ്പെടുത്തിയത് എന്തായിരിക്കും?സാറിനെ ഭയപ്പെടുത്തിയ ആ കാഴ്ച എന്താണ്? അത് ബോധപൂര്‍വ്വമാണെങ്കില്‍ സാറിന്റെ മരണം ഒരു സ്വാഭാവിക മരണമല്ലല്ലോ''
“വീട്ടുകാര്‍ക്കോ, അടുത്ത ബന്ധുക്കള്‍ക്കോ പരാതി ഒന്നുമില്ലല്ലോ. പരാതി ഇല്ലാത്ത സ്ഥിതിക്ക് നമ്മള്‍ വെറുതേ ആലോചിച്ച് ഒരു കേസുണ്ടാക്കണോ? എന്തായാലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ വിവരങ്ങള്‍ കിട്ടിയാല്‍ അറിയിക്കുമല്ലോ. സാര്‍, ഞാനിവിടെ ഇറങ്ങുകയാണ്. '
“ഓ.കെ. വിശ്വനാഥന്‍''


Related Articles