മഹാനായ തത്ത്വചിന്തകൻ ഇമ്മാനുവൽ കാന്റ് ഒരു കൊലയാളിയായിരുന്നുവോ? വിശേഷിച്ചൊരു കാരണവുംകൂടാതെ കൊലകൾ നടത്തുകയും അങ്ങനെ കൊല ചെയ്യുന്നതിലൂടെ ആനന്ദാനുഭൂതി നേടുകയും ചെയ്യുന്ന മനുഷ്യരുടെ മനോനില പഠിക്കാനും അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലെ കുറ്റാന്വേഷണ ശാസ്ത്രത്തിന് അടിത്തറയിടുന്ന ഒരു താത്ത്വികഗ്രന്ഥമെഴുതാനും വേണ്ടി സ്വയം കൊലയാളിയായി മാറിയ ഒരാളായിരുന്നുവോ തന്റെ ജീവിതാന്ത്യത്തിൽ ഇമ്മാനുവൽ കാന്റ്. തികഞ്ഞ ധർമവാദിയായിരുന്ന കാന്റ് യഥാർത്ഥ ജീവിതത്തിൽ കൊലയാളിയായിരുന്നില്ല; കൊലയുടെ തത്ത്വശാസ്ത്രം എഴുതിയതുമില്ല. എന്നാൽ മൈക്കേൽ ഗ്രിഗോറിയോയുടെ അപസർപ്പക നോവലായ 'ക്രിട്ടിക് ഓഫ് ക്രിമിനൽ റീസണി' ലെ കാന്റ് അങ്ങനെയാണ്. ഒരിക്കൽ ശിഷ്യനായിരിക്കുകയും അക്കാലത്ത് സ്വന്തം അനുഭവത്തിൽനിന്ന് കാരണമില്ലാത്ത കൊലയുടെ ആനന്ദാനുഭൂതിയനുഭവിക്കുന്ന മനോനിലയെപ്പറ്റി ആ മേഖലയിലേക്കു നീങ്ങാൻ തന്റെ മനസ്സിൽ പ്രകോപനുണ്ടാക്കുകയും ചെയ്ത ഒരു കുറ്റാന്വേഷകനെ വിളിച്ചുവരുത്തി താൻ ഗൂഢമായി നടത്തിയ കൊലകൾ അന്വേഷിക്കാൻ നിയോഗിക്കുകയും ചെയ്യുന്ന ഇമ്മാനുവൽ കാന്റാണ് ഈ നോവലിലുള്ളത്. ഭാര്യാഭർത്താക്കന്മാരായ മൈക്കേൽ ജി. ജേക്കബിന്റെയും ഡാനിയേല ദ് ഗ്രിഗോറിയോയുടെയും തൂലികനാമമാണ് മൈക്കേൽ ഗ്രിഗോറിയോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പ്രഷ്യ കേന്ദ്രമാക്കിയുള്ള ഹിസ്റ്റോറിക്കൽ മിസ്റ്ററികളാണ് അവർ എഴുതുന്നത്. ഹാനോ സ്റ്റിഫെനീസ് എന്ന കുറ്റാന്വേഷകനായ മജിസ്ട്രേറ്റ് കേന്ദ്രകഥാപാത്രമായുള്ള ആ ഇംഗ്ലിഷ് നോവൽ പരമ്പരയിൽ ആദ്യത്തേതാണ് 2006- ൽ പ്രസിദ്ധീകരിച്ച 'ക്രിട്ടിക് ഓഫ് ക്രിമിനൽ റീസൺ' (Critique of Criminal Reason). പഴയ ജർമ്മൻ രാജ്യമായ പ്രഷ്യ ഇന്ന് അതേപടി നിലവിലില്ല. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ പ്രഷ്യയുടെ മിക്കഭാഗങ്ങളും റഷ്യയുടെയും പോളണ്ടിന്റെയും ഭാഗമായി.
പ്ലേറ്റോയ്ക്കും അരിസ്റ്റോട്ടിലിനും സമശീർഷനായ പാശ്ചാത്യ തത്ത്വചിന്തകൻ എന്നു കണക്കാക്കപ്പെടുന്ന ജർമ്മൻ ദാർശനികൻ ഇമ്മാനുവൽ കാന്റ് (1724-1804) ജീവിതം മുഴുവൻ ചെലവിട്ടത് പ്രഷ്യയിലെ ജന്മനഗരമായ ക്യോനിസ് ബെർഗിലായിരുന്നു. ക്യോനിസ് ബർഗ് സർവകലാശാലയിൽ അധ്യാപകനായിരുന്ന കാന്റിന്റെ അങ്ങേയറ്റം മൗലികമായ സംഭാവനകൾ ഉണ്ടായത് പാശ്ചാത്യ തത്ത്വചിന്തയിൽ നിർണ്ണായകമായ വികാസങ്ങളുണ്ടായ സമയത്താണ്. യൂറോപ്യൻ വൻകരയിലെ യുക്തിവാദചിന്തയും ബ്രിട്ടനിലെ ഇന്ദ്രിയാനുഭവവാദ ചിന്തയും ഏറ്റുമുട്ടുന്ന കാലമായിരുന്നു. അവ രണ്ടിനെയും കൂട്ടിയിണക്കി മൗലികമായ വഴി തുറന്ന കാന്റ് പാശ്ചാത്യ തത്ത്വചിന്തയെ ഗതിമാറ്റി വിട്ടു. 1781- ൽ പ്രസിദ്ധീകരിച്ച 'ക്രിട്ടിക് ഓഫ് പ്യൂർ റീസൺ' (കേവലയുക്തിയുടെ വിമർശം) എന്ന ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ മാഗ്നം ഓപ്പസ്. ജോൺ ലോക്കിനെയും ഡേവിഡ് ഹ്യൂമിനെയുംപോലുള്ള ബ്രിട്ടീഷ് അനുഭവവാദ (ലാുശൃരശാെ) ചിന്തകരുടെയും ഗോട്ട്ഫ്രീദ് ലൈബ്നിറ്റ്സിനെപ്പോലുള്ള യുക്തിവാദ (ൃമശേീിമഹശാെ) ചിന്തകരുടെയും സിദ്ധാന്തങ്ങൾ പരിശോധനയ്ക്കു വിധേയമാക്കി ആ ഗ്രന്ഥത്തിൽ പുതിയൊരു തത്ത്വശാസ്ത്രദർശനം കാന്റ് അവതരിപ്പിച്ചു. 'ക്രിട്ടിക് ഓഫ് പ്രാക്ടിക്കൽ റീസൺ' (1788), 'ക്രിട്ടിക് ഓഫ് ജഡ്ജ്മെന്റ്' (1790) എന്നീ ഗ്രന്ഥങ്ങൾ പിന്നാലേ വന്നു. മനുഷ്യന്റെ അറിവിന്റെ അടിസ്ഥാനം മനസ്സിലാണ് എന്നായിരുന്നു യുക്തിവാദികളുടെ വിശ്വാസം; ഇന്ദ്രിയാനുഭവങ്ങളിൽനിന്നാണ് അറിവുണ്ടാകുന്നതെന്ന് അനുഭവവാദികളും വാദിച്ചു. രണ്ടു വാദങ്ങളും അംഗീകരിച്ചതിനൊപ്പം അവയിലെ പരിമിതികൾ കൂടി വ്യക്തമാക്കിക്കൊണ്ടാണ് കാന്റ് തന്റെ ദർശനം രൂപപ്പെടുത്തിയത്. യുക്തിയുടെയും ഇന്ദ്രിയാനുഭവത്തിന്റെയും മികവിനൊപ്പം പരിമിതിയും കാന്റ് ചൂണ്ടിക്കാട്ടി. വെറും യുക്തികൊണ്ടു മനസ്സിലാക്കാനും സ്ഥാപിക്കാനും കഴിയാത്ത കാര്യങ്ങളുമുണ്ട്; ഇന്ദ്രിയാനുഭവങ്ങൾക്കുമുണ്ട് ഈ പരിമിതി. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലെത്തിയ കാന്റ് മറ്റൊരു മാഗ്നം ഓപ്പസ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന വാർത്തകൾ ക്യോനിസ് ബെർഗിൽ പ്രചരിക്കുന്ന കാലത്താണ് മൈക്കേൽ ഗ്രിഗോറിയോയുടെ 'ക്രിട്ടിക് ഓഫ് ക്രിമിനൽ റീസൺ' ആരംഭിക്കുന്നത്.
