മുരകാമിയും ഞാനും, ഒരു മുരകാമി നോവലിലെന്ന പോലെ

World of Letters

മുരകാമിയും ഞാനും, ഒരു മുരകാമി നോവലിലെന്ന പോലെ


2016 ഏപ്രിൽ. ജാപ്പനീസ് ചെറിപ്പൂക്കൾ മഴപോലെ പെയ്തുതോർന്നിരുന്ന ഒരു വൈകുന്നേരം.

ജോലിയും വീടും ഉത്തരവാദിത്തങ്ങളും ഒരു പഴയ ഗ്രാമഫോൺ റെക്കോർഡ് പോലെ ഒരേ താളത്തിൽ കറങ്ങിക്കൊണ്ടേയിരുന്നു. ദിവസങ്ങൾക്ക് സ്വന്തമായി പേരോ മുഖമോ ഉണ്ടായിരുന്നില്ല. രാവിലെയുടെ ധൃതികളിൽനിന്ന് രാത്രിയുടെ നിശ്ശബ്ദതയിലേക്ക് ഒരു സ്വപ്നാടനത്തിലെന്നപോലെ. എഴുത്തുസ്വപ്നങ്ങളെല്ലാം ചെറിപ്പൂവിതളുകൾ പോലെ പതിയെ കൊഴിഞ്ഞുമാഞ്ഞു തുടങ്ങിയ കാലം.

അന്നൊരു വൈകുന്നേരം. പെയ്തൊഴിഞ്ഞ പകലിന്റെ തളർച്ചയും പേറി, ടോക്യോ മെട്രോയുടെ തിരക്ക് പിടിച്ച നിശ്ശബ്ദതയിലേക്ക്.  ഓർക്കാപ്പുറത്തൊരു സീറ്റ്. എവിടെയോ മറന്നുവെച്ചിരുന്ന വാക്കുകൾ പതിയെ തിരിച്ചുവന്നു. നീണ്ട പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും എഴുതി- 2007-ൽ ആദ്യമായി ജപ്പാനിലെത്തിയ ആ ദിവസത്തെക്കുറിച്ച്.

“2007-ലെ മാർച്ചിലായിരുന്നു ആദ്യത്തെ യാത്ര. മരണപ്പെട്ടുപോയവരിൽ സഡാക്കോ സസാക്കിയും ജീവിച്ചിരിക്കുന്നവരിൽ ഹരുകി മുരകാമിയും—ഇവരെക്കൂടാതെ ഒരൊറ്റ മനുഷ്യനെപ്പോലും അറിയാത്ത ഈ നാട്ടിലേക്ക് വശീകരിച്ചടുപ്പിച്ചതെന്തായിരുന്നു? വിണ്ടുകീറിയ കാലിലെ നീറ്റലിൽ, നിറം മങ്ങിത്തുടങ്ങിയ ചെറിയ കുപ്പിക്കടിയിൽ നിന്ന് തോണ്ടിയെടുത്ത ഇത്തിരി വാസലിൻ തേച്ചപ്പോൾ ഓർക്കാപ്പുറത്തൊരു തണുപ്പ് അസ്ഥികളിൽ കൂടി കയറിപ്പോയി. അറിയാത്ത ഭാഷയും നാടും  മനുഷ്യരും. ചന്ദ്രയ്ക്ക് ചെറിയൊരു ഭയം തോന്നി. വശങ്ങളിൽ പൗരാണിക ജാപ്പനീസ് ചിത്രരചനകൾ പ്രദർശിപ്പിച്ചുവെച്ച  ആളൊഴിഞ്ഞ ടോക്യോ “നരിത” വിമാനത്താവളത്തിൻ്റെ  ഇടനാഴിയിലൂടെ ചന്ദ്ര ഒറ്റയ്ക്ക് നടന്നു. ഇടയ്ക്കിടെ കറുപ്പും വെളുപ്പും ചാരനിറത്തിലുമൊക്കെ വസ്ത്രം ധരിച്ച മനുഷ്യർ തറയെ പോലും നോവിക്കാതെ, അകലങ്ങളിലേക്ക് നോക്കി പതുക്കെ കടന്നു പോയി. ഇനിയിവിടെ വല്ല ഔദ്യോഗിക ദുഃഖാചരണം നടക്കുകയായിരിക്കുമോ, ചന്ദ്ര അതിശയിച്ചു. കേട്ടുശീലമില്ലാത്ത വല്ലാത്തൊരു നിശ്ശബ്ദത അവിടമാകെ നിറഞ്ഞുവിങ്ങി, സംഗീതം പൊഴിയുന്നതുപോലെ.”


Related Articles