"ഞാനവിടെ പുസ്തകമാണ് വിൽക്കുന്നത്, അല്ലാതെ മത്തിക്കച്ചവടമല്ല"

World of Letters

"ഞാനവിടെ പുസ്തകമാണ് വിൽക്കുന്നത്, അല്ലാതെ മത്തിക്കച്ചവടമല്ല"


'മൾബെറി, എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ' എന്ന ബെന്യാമിന്‍റെ നോവല്‍ ഏറെ പുതുമകളോടെ വായനക്കാരിലേക്ക് എത്തുകയാണ്. പ്രസാധകനായ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻസാക്കിസിന്‍റെയും ജീവിതാഖ്യാനങ്ങളിലൂടെ വളരുന്ന ഈ നോവൽ മലയാളിയുടെ വായനാ ജീവിതം കൂടിയാണ്. നോവലില്‍ നിന്ന് ഒരു ഭാഗം.

കോഴിക്കോട്–1995

നമ്മൾ ഒരു ചെരുപ്പ് അറിയാതെ മാറിയിട്ടുപോയാൽ അപ്പോൾത്തന്നെ നമ്മളത് തിരിച്ചറിയും. നമ്മുടെ സ്വന്തമല്ലാത്ത ഒരു മൊബൈൽ കൈയിലെടുക്കുന്ന നിമിഷം നമുക്ക് മനസ്സിലാവും അത് എന്റേതല്ലല്ലോ എന്ന്. നമ്മുടേതല്ലാത്ത ഒരു കണ്ണട എടുത്ത് മുഖത്ത് വച്ചാലും ഉടനടി നമുക്കത് മനസ്സിലാവും. എങ്ങനെ..? അത്രത്തോളം നമ്മുടെ ശരീരത്തിന്റെ ഭാഗമായിത്തീർന്ന വസ്തുക്കൾ ആയിരുന്നു അവ എന്നതുകൊണ്ട്.

ചില സന്തോഷങ്ങൾ, ചില സങ്കടങ്ങൾ, ചില പ്രയാസങ്ങൾ, ചില ആകുലതകൾ, ചില ഭീതികൾ നമ്മുടെ മനസ്സിലേക്കു പ്രവേശിക്കുന്ന നിമിഷം നമുക്ക് മനസ്സിലാവും അവ നമ്മുടേതല്ലെന്ന്. മറ്റാരുടെയോ സ്വന്തമായവ നമ്മൾ എടുത്തണിയാൻ ശ്രമിക്കുകമാത്രമാണെന്ന്. അതു തിരിച്ചറിഞ്ഞിട്ടും പിന്നെയും അവയും പേറിനടക്കുന്നതിനോളം കുറ്റകരമായ മറ്റൊന്നും ഈ ഭൂമിയിലില്ല. അവ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചേല്പിക്കുകയോ അങ്ങനെ ഒരാളില്ലെന്നു വന്നാൽ വഴിയിലുപേക്ഷിക്കുകയോ ആണ് വേണ്ടത്. നമ്മുടേതല്ലാത്ത സന്തോഷങ്ങളുടെ ഭാഗമാവാൻ നാം പോകരുത്. നമ്മുടേതല്ലാത്ത ദുഃഖങ്ങൾ നമ്മൾ വാങ്ങി ചുമലിൽ വയ്ക്കരുത്. ആ തിരിച്ചറിവുണ്ടായ നിമിഷം മൾബെറിയിൽ നടക്കുന്നതൊന്നും എന്നെ ബാധിക്കുകയില്ല എന്ന് ഞാൻ മനസ്സിലാക്കി. എങ്കിലും ചില നേരങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഞാനതെന്റെ ചുമലിൽ എടുത്തു വയ്ക്കേണ്ടിവന്നിട്ടുണ്ട്. പഴയ ചില വൈകാരികബാധ്യതകൾ നിമിത്തം.


Related Articles