1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായെങ്കിലും മലയാളഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത് 2011–16 കാലഘട്ടത്തിലെ ഉമ്മൻചാണ്ടി സർക്കാരാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭ്യമായത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിയുടെയും അന്നത്തെ സാംസ്‌കാരികമന്ത്രി കെ.സി. ജോസഫിന്റെയും ശ്രമഫലമായാണ്. ദ്രാവിഡ ഗോത്രത്തിൽപ്പെട്ട തമിഴിനും തെലുങ്കിലും കന്നഡയ്ക്കും ശ്രേഷ്ഠപദവി ലഭിച്ചിട്ടും നമ്മുടെ ഭാഷയ്ക്ക് 1500 വർഷത്തെ പഴക്കമില്ലെന്ന കാരണത്താലാണ് പദവി നിഷേധിച്ചത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു ഉപസമിതിയാണ് ശ്രേഷ്ഠപദവി നിർണയിക്കുന്നത്. ഈ സമിതിയിൽ മലയാളഭാഷയുടെ പ്രതിനിധികൾ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രസർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളത്തിന്റെ പ്രതിനിധികളെ ശ്രേഷ്ഠപദവി നിർണയ കമ്മറ്റിയിൽ ഉൾക്കൊള്ളിച്ചതും ഈ വിഷയം പുനപ്പരിശോധിച്ചതും. കമ്മിറ്റിയുടെ നീക്കങ്ങൾ അറിഞ്ഞ് യഥാസമയം ഉമ്മൻചാണ്ടിയെയും സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി. ജോസഫിനെയും അറിയിച്ചുകൊണ്ടിരുന്നത് അന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഈ ലേഖകനാണ്. വിശിഷ്ടാംഗമായി കേന്ദ്രസാഹിത്യ അക്കാദമി നിയോഗിച്ചത് ചരിത്രകാരനായ എം.ജി.എസ്. നാരായണനെയാണെന്ന് അറിയുന്നത് അന്തിമതീരുമാനമെടുക്കുന്ന മീറ്റിങ് ദിവസമാണ്. 1500 വർഷത്തെ പഴക്കമില്ലാത്തതിനാൽ ശ്രേഷ്ഠപദവി ലഭിക്കാൻ മലയാളഭാഷയ്ക്കർഹതയില്ലെന്ന നിലപാടിലായിരുന്നു എം.ജി.എസ്. മീറ്റിങ് ദിവസം രാവിലെ മന്ത്രി കെ.സി. ജോസഫിനെ നേരിൽ കാണുകയും അദ്ദേഹം എം.ജി.എസുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ എം.ജി.എസ്. നിലപാട് മാറ്റിയില്ല. ഉടൻതന്നെ ക്ലിഫ് ഹൗസിൽ പോയി. ആൾക്കൂട്ടത്തിനിടയിൽ നിന്ന മുഖ്യമന്ത്രിയോട് പ്രശ്‌നം അവതരിപ്പിച്ചു. എം.ജി.എസിനെ കണക്ട് ചെയ്യാൻ പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്ത് എന്നെ കൂട്ടിക്കൊണ്ടു പോയി. ഉമ്മൻചാണ്ടി എം.ജി.എസിനോട് ഫോണിൽ ഇങ്ങനെ സംസാരിച്ചു. “കമ്മിറ്റിയിൽ സാറുണ്ടെന്നുള്ള വിവരം ഇപ്പോഴാണറിഞ്ഞത്. സാറുള്ളതുകൊണ്ട് മലയാളത്തിന് ശ്രേഷ്ഠപദവി കിട്ടുമെന്നുറപ്പായി. 1500 വർഷത്തെ പഴക്കമുണ്ടെന്നുള്ളതിന്റെ ന്യായവാദങ്ങൾ സാറ് കണ്ടെത്തി അവതരിപ്പിക്കണം. ശ്രേഷ്ഠപദവിയെത്തുടർന്നുള്ള നടപടികൾ സാറുമായി ആലോചിച്ച് നടത്താം. മടങ്ങിവരുമ്പോൾ കാണാം.’’ തടസ്സവാദങ്ങൾ പറയാൻ എം.ജി.എസിന് അവസരം കൊടുത്തില്ല. എതിർത്തിരുന്ന ആളിനെത്തനെ ശ്രേഷ്ഠപദവി നേടിയെടുക്കാൻ ചുമതലപ്പെടുത്തി. ശിപാർശ ഒരു കലയാണെന്ന് അന്ന് മനസ്സിലാക്കി.
തമിഴിന് ശ്രേഷ്ഠപദവി നൽകിയതിന്റെ മാനദണ്ഡം എന്തെന്ന് എം.ജി.എസ്. കമ്മിറ്റിയിൽ ചോദിച്ചു. സംഘകാലം മുതൽ തമിഴ് ഉണ്ടായിരുന്നു എന്നായിരുന്നു ഉത്തരം. ഇതിനു മറുപടിയായി എം.ജി.എസ്. അവതരിപ്പിച്ച വാദങ്ങൾ ഇവയാണ്. ആദി ദ്രാവിഡഭാഷയിൽനിന്നാണ് തമിഴും മലയാളവും ഉണ്ടായത്. സംഘസാഹിത്യത്തിന്റെ പേരിൽ തമിഴിനുള്ള അവകാശം മലയാളത്തിനുമുണ്ട്. സംഘസാഹിത്യകൃതികളായ ചിലപ്പതികാരം, മണിമേഖല, തൊൽക്കാപ്പിയം എന്നീ കൃതികളിൽ തമിഴ്പദങ്ങൾക്കൊപ്പം മലയാളപദങ്ങളുമുണ്ട്. സംഘസാഹിത്യത്തെ സമ്പന്നമാക്കിയവരിൽ 50–ൽപ്പരം മലയാള കവികളാണുള്ളത്. ആണ്ടാളരുടെ തിരുപ്പാവൈയിലെ ഭാഷയ്ക്കും ശൈലിക്കും തമിഴിനോടുള്ളതിനെക്കാൾ സാമ്യം മലയാളഭാഷയോടാണെന്ന് എൻ.വി. കൃഷ്ണവാരിയരുടെ പഠനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംഘകാലത്തിലുണ്ടായിരുന്ന വേലർ, പാണർ തുടങ്ങിയ സമുദായങ്ങളും അവരന്ന് പാടിയിരുന്ന പാട്ടുകളും ഇന്നും നിലനിൽക്കുന്നത് കേരളത്തിലാണ്. സോളമൻചക്രവർത്തിയുടെ കാലത്തോളം പഴക്കമുള്ളതാണ് കേരളത്തിന്റെ വിദേശവ്യാപാരബന്ധം. പാശ്ചാത്യനാടുകളിലേക്ക് കയറ്റി അയച്ച സുഗന്ധദ്രവ്യങ്ങളുടെ മലയാളനാമങ്ങൾ പഴയ നിയമത്തിലും പ്ലീനി, ടോളമി തുടങ്ങിയ സഞ്ചാരികളുടെ കൃതികളിലും കാണാം. തമിഴിലും കന്നഡയിലും തെലുങ്കിലും അന്യംനിന്നുപോയ പ്രാഗ്ഭാഷാ സ്വഭാവങ്ങൾ ഇന്നും മലയാളത്തിലാണുള്ളത്–എന്നിങ്ങനെ മലയാളത്തിനനുകൂലമായ ഗവേഷണപ്രബന്ധങ്ങളിലെ വിവരങ്ങളും തെളിവുകളും എം.ജി.എസ്. നിരത്തി. മലയാളഭാഷയുടെ പ്രതിനിധികളായി കമ്മിറ്റിയിലുണ്ടായിരുന്ന അന്നത്തെ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, പ്രൊഫ. ബി. ഗോപിനാഥൻ നായർ എന്നിവരും മറ്റൊരു കമ്മിറ്റി അംഗമായ ഡോ. ശ്രീനാഥും, എം.ജി.എസിനോടൊപ്പം ശക്തമായി വാദിച്ചു. അങ്ങനെ അർഹതയ്ക്കുള്ള അംഗീകാരമായി മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. ഈ അർഹത കേന്ദ്രഗവൺമെന്റിനെയും കേന്ദ്രസാഹിത്യ അക്കാദമിയെയുംകൊണ്ട് അംഗീകരിപ്പിക്കുന്നതിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫിനും കാര്യമായ പങ്കുണ്ടായിരുന്നു.
