പാലറ്റിനെ തൊടുമ്പോള്‍...

World of Letters

പാലറ്റിനെ തൊടുമ്പോള്‍...


ഇതെന്റെ ഏഴാമത്തെ കവിതാസമാഹാരമാണ്. കാല്‍നൂറ്റാണ്ടിലധികമായി ഞാന്‍ കവിതയെഴുതുന്നു. ഒരോ കവിതയെഴുതി കഴിയുമ്പോഴും വിചാരിക്കും ഇനിയൊരു കവിത എഴുതാനാവില്ലെന്ന്, എന്നാലും പിന്നെയും എഴുതും. ഓരോ സമാഹാരം ഇറങ്ങുമ്പോഴും വിചാരിക്കും ഇനിയൊരു സമാഹാരം ഉണ്ടാവില്ലെന്ന്, എന്നാലും പിന്നെയും ഉണ്ടാവും. പുതിയ 'കവിതയെഴുതുമോ, സമാഹാരമുണ്ടാവുമോ' എന്ന ആധിതന്നെയാണെന്ന് തോന്നുന്നു അവയെ പിന്നെയും സാധ്യമാക്കുന്നത്. ഇന്ധനമായെരിഞ്ഞ് പുതിയ കവിതയെയും സമാഹാരത്തെയും വായനയുടെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് ഈ 'ഇനിയുണ്ടാകുമോ ഇനിയുണ്ടാകുമോ' എന്ന ആധിതന്നെയാണെന്ന് ചുരുക്കം.

തപ്പിയും തടഞ്ഞുമാണെങ്കിലും എവിടെയും കെട്ടിനില്‍ക്കാതെ ജീവിതം ഒഴുകുകയാണ്. കവിതയ്ക്കും ഒഴുകാനാണ് ഇഷ്ടം. അതിനത് ജീവിതത്തെ കൂട്ടുപിടിക്കുന്നു. ഒരിടത്ത് ചുരുണ്ടുകൂടാതെ ജീവിതത്തോടൊപ്പം കവിതയും ചലിച്ചുകൊണ്ടിരിക്കുന്നു. മേഘങ്ങളായി ഉരുണ്ടുകൂടി അത് വേനയ്ക്ക് മഴയായി മാറുന്നു. ഇലകളായി നാമ്പിട്ട് കരിഞ്ഞ ചില്ലകളെ മരമായി മാറ്റുന്നു.

ചില കവികള്‍ മരങ്ങളെപ്പോലെയാണ്. നിലം പൊത്തുന്നതുവരെയും അവര്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തുകൊണ്ടിരിക്കും. ചിലര്‍ നിലംപൊത്തിയാലും കിടന്നിടത്തുകിടന്ന് പിന്നെയും തളിര്‍ക്കും, പൂവിടും. അവരില്‍ ഒരാളായിരുന്നു ബിനു എം. പള്ളിപ്പാട്. ബിനുവിന്റെ ആകസ്മിക വേര്‍പാട് (2022) സൃഷ്ടിച്ച മുറിവില്‍ വീണ സുഹൃത്തുക്കള്‍ നിരവധിയായിരുന്നു. ചിലര്‍ നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാന്‍ പാടുപെട്ടു. ചിലര്‍ ഏറക്കാലം വിഷാദികളായി മാറി. ചിലര്‍ ബിനുവിന്റെ ഇഷ്ടരാഗങ്ങള്‍ വായിച്ചു. ചിലര്‍ ഓര്‍മ്മ നിലനിര്‍ത്താന്‍ ബിനുവിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി. ചിലര്‍ ബിനുവിന്റെ മൂന്നാമത്തെ സമാഹാരം 'കുയില്‍ക്കുടി' പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തു. ചിലര്‍ ബിനുവിന്റെ കവിതകള്‍ ചിത്രങ്ങളായി വരച്ചു പ്രദര്‍ശിപ്പിച്ചു. ചിലര്‍ ബിനുവിന്റെ കവിതയില്‍നിന്ന് സിനിമ പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഓരോരുത്തരും അവരുടേതായ വഴിയിലൂടെ ബിനുവിനെയും കൊണ്ടുനടന്നു. കവിതയിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍ പൊടുന്നനെ വാരിപ്പിടിക്കാന്‍ പറ്റാത്ത നിഴലായി മാറിയാല്‍ എന്തുചെയ്യാനാവും. മറ്റെന്തിനെക്കാളും ഉപരി കവിതയാലും ചിത്രകലയാലും സംഗീതത്താലും ചേര്‍ക്കപ്പെട്ടവയായിരുന്നു ബിനുവിന്റെ സൗഹൃദങ്ങള്‍. സൗഹൃദത്തോളില്‍ ചവിട്ടിയായിരുന്നു അവരില്‍ പലരും വല്ലപ്പോഴുമെങ്കിലും ജീവിതനിരാശയുടെ കിടങ്ങുകളില്‍നിന്ന് തലനീട്ടിയിരുന്നത്.


Related Articles