മൈനർ ഡീറ്റെയിൽ : ആമുഖം

World of Letters

മൈനർ ഡീറ്റെയിൽ : ആമുഖം


നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, സർവ്വകലാശാല അദ്ധ്യാപിക, അക്കാദമിക് റൈറ്റർ തുടങ്ങിയ നിലകളിൽ അറിയ​പ്പെടുന്ന അദനിയ്യ ശിബ്‌ലി പലസ്തീനിലെ സമകാലിക എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയാണ്. 2023-ലെ ഫ്രാങ്ക്ഫർട്ട് അന്തർദേശീയ പുസ്തകമേളയിൽ അവർക്ക് നൽകാനിരുന്ന പുരസ്കാരം അവസാനനിമിഷം പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദം ലോക​സാഹിത്യസദസ്സുകളിലാകെ ചർച്ച ചെയ്യപ്പെട്ട വിഷയ​മാണ്.

വടക്കൻ പലസ്തീനിലെ ഗലീലിയയിലാണ് 1974-ൽ അദനിയ്യ ശിബ്‌ലി ജനിക്കുന്നത്. അമേരിക്കയിൽ സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണവും പിന്നീട് അരങ്ങേറിയ ഭീകരതയ്ക്കെതിരേയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധങ്ങളും ബ്രിട്ടീഷ്-ഫ്രഞ്ച് ടെലിവിഷനുകളിൽ എപ്രകാരമാണ് ചിത്രീകരിക്കപ്പെട്ടത് എന്ന വിഷയത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ട​റേറ്റ് നേടിയ അദനിയ്യ, ബെർലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ കുറേക്കാലം അദ്ധ്യാ​​​പികയായിരുന്ന അദനിയ്യ 2013 മുതൽ പലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള റാമല്ല ബിർസൈത്ത് യൂണിവേഴ്സിറ്റിയിൽ ഫിലോസഫി കൾച്ചറൽ സ്റ്റഡീസ് വകുപ്പിൽ പാർട്ട് ടൈം പ്രൊഫസ​റായും ജോലി ചെയ്യുകയാണ്.

2000 മുതൽ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിക്കൊണ്ടാണ് അദനിയ്യ ശിബ്‌ലി തന്റെ സർഗാത്മകജീവിതം ആരംഭിക്കുന്നത്. 2001-ലാണ് ആദ്യനോവലായ മസാസ് (Touch) പ്രസിദ്ധീകരിക്കുന്നത്. യുവ പലസ്തീൻ എഴുത്തുകാർക്കായുള്ള എം.എം. ഖത്താൻ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച അറബിനോവലിനുള്ള 2001-ലെ പുരസ്കാരം ഈ നോവലിനാണ് ലഭിച്ചത്. 2004-ൽ പുറത്തിറങ്ങിയ കുല്ലുനാ ബഈദ് ബിദാതിൽ മിഖ്ദാർ അനിൽ ഹുബ്ബ്’ (We Are Equally Far From Love) എന്ന രണ്ടാമത്തെ നോവലും ഇതേ പുരസ്കാര​ത്തിന് അർഹമായി. Keep your eye on the wall: Palestinian Land Scapes (2013), In Ramallah: On The Borders തുടങ്ങിയവ ഏറെ ശ്രദ്ധിക്ക​പ്പെട്ട ലേഖനസമാഹാരങ്ങളാണ്. യൂറോപ്പിലെ ബാനിപൽ മാഗ​സിനും വെയിൽസിലെ ഹേ ഫെസ്റ്റിവലും ചേർന്ന് സംഘടിപ്പിച്ച Beirut 39 പ്രോജക്ടിൽ ഉൾപ്പെട്ട പലസ്തീൻ എഴുത്തു​കാരിയായി​രുന്നു അദനിയ്യ. നാല്പത് വയസിൽ താഴെയുള്ള, അറബ് ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 39 അറബ് എഴുത്തുകാരെ തിര​ഞ്ഞെടുക്കാനായി നടത്തിയ പ്രശസ്തമായ പ്രോജക്ടായിരുന്നു ഇത്.


Related Articles