മൈനർ ഡീറ്റെയിൽ: അദ്ധ്യായം ഒന്ന്

World of Letters

മൈനർ ഡീറ്റെയിൽ: അദ്ധ്യായം ഒന്ന്


മരീചികയല്ലാതെ പ്രകമ്പനംകൊള്ളുന്ന ഒന്നും കാണാനില്ല മുന്നി​ലെങ്ങും. ചക്രവാളത്തിൽ തൊട്ടുരുമ്മിക്കിടക്കുന്ന തരിശായ മണൽക്കുന്നുകൾ മരീചികയുടെ ദീർഘശ്വാസത്തിൽ പ്രകമ്പനം കൊള്ളുകയാണ്. അസ്തമനസൂര്യന്റെ കടുത്ത രശ്മികളേറ്റ് വിള​റിയ മഞ്ഞനിറത്തിലുള്ള മണൽക്കുന്നുകളുടെ അതിർവരമ്പുകൾ മങ്ങാൻ തുടങ്ങിയിരിക്കുന്നു. ഈ മണൽക്കാട്ടിൽ ആകെ തിരിച്ചറി​യാനാകുന്ന വിശദാംശങ്ങൾ എന്നു പറയാവുന്നത് വളഞ്ഞു​പുളഞ്ഞ് കിടക്കുന്ന മണൽക്കുന്നുകളുടെ മാഞ്ഞുപോകാറായ അതിർവരമ്പുകളും അവയ്ക്കിടയിൽ അവിടവിടെയായി കാണുന്ന ഉണങ്ങിയ മുൾച്ചെടികളുടെയോ വീണുകിടക്കുന്ന ശിലകളുടെയോ ഒക്കെ ശിഥിലമായ നിഴലുകളോ മാത്രമായിരിക്കും. വരണ്ടുണങ്ങിയ മരുഭൂമിയുടെ ഈ വിശാലമായ മണൽപ്പരപ്പിൽ മറ്റൊന്നുംതന്നെ കാണാനേയാകുന്നില്ല. മുകളിലേക്ക് നോക്കിയാലോ ആഗസ്റ്റ് മാസ​​ത്തിലെ കത്തിയാളുന്ന സൂര്യൻ മാത്രം!

ചക്രവാളത്തിലേക്ക് നോക്കിയാൽ ജീവന്റെ ആകെയുള്ള അട​യാ​ള​മെന്ന് പറയാവുന്നത് ഇടയ്ക്കിടെ കേൾക്കുന്ന ഏതോ മൃഗ​ത്തിന്റെ ഓരിയിടലും പിന്നെ അരികത്തായി ക്യാമ്പ് ചെയ്യുവാനുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രയേൽ പട്ടാള​ക്കാരുടെ ഒച്ചപ്പാടും മാത്രമാണ്. ഒരു മണൽക്കുന്നിന്റെ മുകളിൽ കയറി ബൈനോക്കുലറിലൂടെ ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയിൽ ഈ ശബ്ദങ്ങൾ മാത്രമാണ് അയാളുടെ ചെവികളിൽ വന്ന​ല​ച്ചു​കൊണ്ടിരുന്നത്.അസഹനീയമായ വെയിലായിരുന്നിട്ടും മണൽ​​ക്കുന്നുകൾക്കിടയിലെ ഇടുങ്ങിയ വഴിത്താരകളും അവ​യുടെ വളവുതിരിവുകളും അയാൾ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഏതെങ്കിലുമൊരു മണൽക്കുന്നിലേക്ക് ഏറെനേരം സൂക്ഷിച്ചുനോക്കും. അവസാനം ബൈനോക്കുലർ തിരികെ ബോക്സിലേക്ക് വച്ചശേഷം നെറ്റിയിലെ വിയർപ്പ് തുടച്ചു. പിന്നീട് വൈകുന്നേരത്തെ കടുത്ത ചൂടിൽ അയാൾ ക്യാമ്പിലേക്ക് തിരിച്ചു നടന്നു.

നെഗേവ് മരുഭൂമിയുടെ ഈ ഭാഗത്ത് ഇസ്രയേൽ സൈനികരുടെ ഒരു വിഭാഗം എത്തിച്ചേർന്നപ്പോൾ ആകക്കൂടി കണ്ടത് നേരത്തേ ആരൊക്കെയോ താമസിച്ചിരുന്ന രണ്ട് കുടിലുകൾ മാത്രമായിരുന്നു. മൂന്നാമതൊരു കുടിലിന്റേതാകട്ടെ തകർന്നുവീഴാറായൊരു ചുമര് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഒന്നാം അറബ് ഇസ്രയേൽ യുദ്ധം ആരംഭിച്ചപ്പോഴുണ്ടായ അതിശക്തമായ ഷെല്ലാക്രമണത്തിന് വിധേയമായതോടെ ഇവയൊഴികെ ഈ പ്രദേശത്തെ സർവ്വതും തകർന്ന് തരിപ്പണമായിപ്പോയിരുന്നു. എന്നാലിപ്പോൾ ഇസ്രയേലി പട്ടാളക്കാർ രണ്ട് ടെന്റുകൾ ഈ കുടിലുകൾക്ക് സമീപ​ത്തായി സ്ഥാപിച്ചിരിക്കുന്നു. ഒന്ന് പട്ടാള കമാൻഡർമാർക്കുള്ള ടെന്റാ​ണെങ്കിൽ മറ്റേത് സൈനികർക്ക് ഭക്ഷണം കഴിക്കാനും മറ്റു​മുള്ള വലിയ ടെന്റാണ്. ഇതു കൂടാതെ പട്ടാളക്കാർക്ക് തങ്ങാനുള്ള മൂന്നു ടെന്റുകൾകൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സൈനി​കർ. കൂടാരങ്ങൾക്ക് കുറ്റിയടിക്കാനായി ചുറ്റിക ഉയർന്നു താഴുന്ന ശബ്ദമാണ് അന്തരീക്ഷത്തിലാകെ നിറഞ്ഞുനിൽക്കു​ന്നത്.


Related Articles