ഒത്തിരി വീടുകളിൽ പലതരം ജോലികൾ ചെയ്താണ് ഉമ്മ ഞങ്ങളെ പോറ്റിയിരുന്നത്. മദ്യപിക്കാനുള്ളത് എടുത്ത് മിച്ചം വരുന്ന പണം കൊണ്ട് ഉപ്പയും തന്നാലാവുന്നത് ചെയ്തിരുന്നു. പൂർണ്ണമായും ഉപ്പയെ തള്ളിപ്പറയാനുമാവില്ല. അതല്ല ഇവിടെ പറയാൻ പോവുന്ന കാര്യം. ഉമ്മയെക്കുറിച്ചാണ്. ഉമ്മ നടന്ന വഴികളെയും ഉമ്മ താണ്ടിയ വിശപ്പിനെയും കുറിച്ചാണ്.
പതിനഞ്ചാം വയസ്സിൽ അമ്മായിയുടെ മോനുമായി ഉമ്മയുടെ വിവാഹം കഴിഞ്ഞതാണ്. അതിൽ രണ്ട് കുട്ടികളുമുണ്ട്. ഒടുവിൽ ഉമ്മയ്ക്ക് വൃത്തി ഇല്ലെന്ന് പറഞ്ഞ് അയാൾ വേറെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുമായി വിശപ്പിൻ്റെയും അരക്ഷിതാവസ്ഥയുടെയും ലോകത്ത് നിൽക്കുമ്പോഴാണ് ഉമ്മ ഹിന്ദുമതക്കാരനായ അയ്യപ്പനുമായി പ്രേമത്തിലാവുന്നത്. ഇരുവരും അയൽവാസികളായിരുന്നു. ഉപ്പയുടെയും വിവാഹം സ്വമതത്തിൽ നിന്നും നേരത്തേ കഴിഞ്ഞതാണ്. മദ്യപാനവും സംശയരോഗവും മൂലം ഉപ്പയെ ആ സ്ത്രീ ഉപേക്ഷിച്ചു പോയതാണ്. ആ ബന്ധത്തിലും രണ്ട് കുട്ടികളുണ്ട്. ചുരുക്കത്തിൽ രണ്ട് പേരും വിവാഹമോചനം കഴിഞ്ഞ് നിൽക്കുന്നവരാണ്.
ഭക്ഷണം വഴിയാണ് ഉപ്പ ഉമ്മയുമായി അടുക്കുന്നത്. ആരും കാണാതെ ഉപ്പ കൊണ്ടുനൽകുന്ന ഭക്ഷണപ്പൊതികൾ എത്രയോ തവണ ഉമ്മയുടെ വിശപ്പാറ്റിയിരുന്നു. പ്രേമം അസ്ഥിക്ക് പിടിക്കുകയും അയ്യപ്പൻ പൊന്നാനിയിൽ പോയി റഷീദാവുകയും ഒരുപാട് കോലാഹലങ്ങൾക്കു ശേഷം ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. ഞങ്ങൾ മൂന്നു മക്കളും ഉണ്ടായി.
