വഴിതെറ്റിക്കുന്നവര്
ഞാറപ്പക്ഷികളെയും കൊള്ളിക്കൊറവന്മാരെയും പോലെ എന്തോ ദിവ്യത്വമുണ്ടെന്നും മരണമടഞ്ഞകുഞ്ഞുങ്ങള് അതുങ്ങളായി വേഷംമാറി വരാറുണ്ടെന്നുമാണ് അളുങ്ക് എന്നുവിളിക്കുന്ന ഈനാംപേച്ചികളെക്കുറിച്ച് എല്ലാവരുടേയും ധാരണ. പക്ഷേ അവന്മാര് തീര്ത്തും ബുദ്ധി കുറഞ്ഞവരാണെന്ന് ചോഴിയാപ്പാറപ്പാടത്തിന്റെ കെട്ടുവരമ്പില് താമസിക്കുന്ന പവിയാന് മാത്രം അറിയാമായിരുന്നു. കാരണം മകരം കുംഭമാസങ്ങളില് എന്നും അതിരാവിലെ കിഴക്കോട്ടു നടന്ന് വാണിയാന്മാരുടെ വീടിനടുത്തുള്ള മാഞ്ചോടുവരെയെത്തുന്ന പതിവുണ്ടയാള്ക്ക്. പക്ഷേ കഞ്ഞിയില് പിഴിയാന് പാകത്തില് കൈവെള്ളയില് കൊള്ളാന് മാത്രം വലിപ്പമുള്ള മാമ്പഴങ്ങള് പെറുക്കാന് ഒട്ടും മെനക്കെടേണ്ടി വരാറില്ല. കാരണം രാത്രി മുഴുവനവിടെ ഒരു ഈനാംപേച്ചിയുടെ പെരളിയാണ്. മാമ്പഴം കൊതിയായതുകൊണ്ട് ഇരുട്ടുവീഴുമ്പോള് അവന് സ്ഥലത്തെത്തും. വയറുനിറയെ തിന്നാനല്ല മൊത്തം വാരിക്കൊണ്ടു പോകാനാണ് അവന്റെ ആലോചന. അതിനായി മാവിനു ചുറ്റും നടന്ന് ഒന്നുവെച്ചാലൊന്നേ രണ്ടുവെച്ചാലുവൊന്നേ മൂന്നുവെച്ചാലുവൊന്നേ എന്നു പറഞ്ഞ് ഓരോ മാമ്പഴവും ഉരുട്ടിക്കൊണ്ടുവന്ന് ഒരിടത്ത് കൂട്ടിവെക്കും. പക്ഷേ വെളുക്കുവോളം പണി തീരില്ല. മാമ്പഴം വീണുകൊണ്ടേയിരിക്കും. വെട്ടംവീഴുമ്പോള് വാരിക്കൊണ്ടുപോകാന് സമയവും മാര്ഗ്ഗവും തെളിയാതെ ഈനാംപേച്ചി സ്ഥലം വിടും. പിന്നാലെയെത്തുന്ന പവിയാന് കൂട്ടിവെച്ച മാമ്പഴം പെറുക്കിക്കൊണ്ടുപോകുന്ന പണിയേ ഉള്ളൂ.
കര്ക്കിടകത്തിലെ ഒരു രാത്രിയിലാകട്ടെ പത്തായവും അരിപ്പെട്ടിയുമുള്ളവരുടെ വീട്ടില് ഉരി നെല്ല് ചോദിക്കാനിറങ്ങി വെറുംകൈയോടെ മടങ്ങുകയായിരുന്നു പവിയാന്. പരപരാവെളിച്ചത്തില് വഴിയില് പന്തുപോലെ എന്തോ കിടക്കുന്നു. പിള്ളേര് ഉരുട്ടിക്കളിച്ചോളും നിലവിളിക്കില്ലല്ലോന്ന് കരുതി അയാളത് കുട്ടയിലാക്കി തലയില്വെച്ചു നടന്നു. കയ്യാലേം തോടുമൊക്കെ ചാടി വേഗത്തിലാണ് നടത്തം. അപ്പോള് മുകളില് കുട്ടയ്ക്കകത്തുനിന്ന് ഒരു ശബ്ദം.
