1935 മാർച്ച് അഞ്ചിന് ഓക്സ്ഫഡിൽ നടത്തിയ പ്രഭാഷണത്തിന് അപസർപ്പക കഥാകാരിയായ ഡോറത്തി എൽ. സെയേഴ്സ് തിരഞ്ഞെടുത്ത വിഷയം അരിസ്റ്റോട്ടിലും ഡിറ്റക്ടീവ് നോവലും എന്നതായിരുന്നു. രണ്ടായിരത്തി അഞ്ഞൂറുകൊല്ലം മുമ്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിൽ 'പോയറ്റിക്സ്' എന്ന തന്റെ കാവ്യകലാസിദ്ധാന്ത ഗ്രന്ഥത്തിലോ മറ്റു ഗ്രന്ഥങ്ങളിലോ ഒന്നും അപസർപ്പക കഥയെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും ഡോറത്തി സെയേഴ്സ് തന്റെ പ്രഭാഷണത്തിൽ വാദിച്ചതിങ്ങനെയാണ്: ''ഇന്ന്, പക്ഷപാതമില്ലാത്ത മനസ്സോടെ വായിക്കുന്ന ഒരാൾക്ക് അരിസ്റ്റോട്ടിൽ ഭാവിയുടെ പ്രവാചകനായിരുന്നുവെന്നു മനസ്സിലാകും. അദ്ദേഹം തന്റെ ശ്രദ്ധയിൽവന്ന അക്കാലത്തെ ജനപ്രിയ വിനോദത്തിന്റെ ഏറ്റവും സാധാരണവും വ്യാപകവും ജനാധിപത്യപരവുമായ രൂപമായ സമകാലിക ഗ്രീക്ക് നാടകത്തെ വിമർശിച്ചു. പക്ഷേ, അദ്ദേഹം ഉള്ളിന്റെ ഉള്ളിൽ ഒരു മികച്ച അപസർപ്പക കഥയാണ് ആഗ്രഹിച്ചത്; പാവം മനുഷ്യൻ, ഇരുപതു നൂറ്റാണ്ടുമുൻപ് ജീവിച്ചതുകൊണ്ട് 'ട്രെന്റ്സ് ലാസ്റ്റ് കേസി' ലെ അരിസ്റ്റോട്ടിലിയൻ തത്ത്വജ്ഞാനമോ 'ദ ഹൗൺഡ് ഓഫ് ബാസ്കർ വിൽസി' ലെ കണ്ടുപിടിത്തങ്ങളോ വെളിപ്പെടുത്താൻ കഴിഞ്ഞില്ല. ഘോരതയോട് കടുത്ത ദാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. 'വസ്തുക്കൾ വേദനാജനകമാണെങ്കിൽപ്പോലും', അദ്ദേഹം പറയുന്നു, ''അവയുടെ ഏറ്റവും യഥാതഥമായ പ്രതിനിധാനങ്ങൾ, ഉദാഹരണത്തിന് ഹീനജന്തുക്കളും ശവശരീരങ്ങളും, കലയിൽ കാണുമ്പോൾ നാം ആഹ്ലാദചിത്തരാകുന്നു.'' കാവ്യകലയെപ്പറ്റി (The Poetics) എന്ന സാഹിത്യസിദ്ധാന്ത ഗ്രന്ഥത്തിൽ അരിസ്റ്റോട്ടിൽ നിർദ്ദേശിച്ച ദുരന്തനാടകത്തിന്റെ ആറു ഘടകങ്ങൾ (ഇതിവൃത്തം, കഥാപാത്രസ്വഭാവം, പദവിന്യാസം, വിചാരാംശം, ദൃശ്യവിന്യാസം, ഗാനാംശം) നൂറ്റാണ്ടുകൾക്കുശേഷമുണ്ടായ അപസർപ്പകകഥ എന്ന ജനുസ്സിൽ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഒന്നാംകിട കുറ്റാന്വേഷണ നോവലിസ്റ്റായ സെയേഴ്സ് തന്റെ ദീർഘമായ പ്രഭാഷണത്തിൽ വാദിച്ചുറപ്പിച്ചു. കുറ്റാന്വേഷണകഥയെഴുതാൻ ശ്രമിക്കുന്ന എഴുത്തുകാർക്ക് ഏറ്റവും മികച്ച വഴികാട്ടിയും പാശ്ചാത്യ സാഹിത്യചിന്തയുടെ അടിസ്ഥാനഗ്രന്ഥമായ 'പൊയറ്റിക്സ്' ആണെന്നും സെയേഴ്സ് വാദിച്ചു.
തത്ത്വചിന്തകനും സാഹിത്യ സൈദ്ധാന്തികനും കലാചിന്തകനും പ്രഭാഷണ കലാപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രജ്ഞനും നിയമജ്ഞനുമെല്ലാമായിരുന്ന അരിസ്റ്റോട്ടിലിന് ഒന്നാംകിട അപസർപ്പകനാവാനുള്ള സർവയോഗ്യതയുമുള്ളതുകൊണ്ട് പില്ക്കാലത്ത് ആ സാധ്യത അപസർപ്പക സാഹിത്യത്തിൽ നടപ്പാക്കാനാണ് മാർഗരറ്റ് ഡൂഡി (Margaret Doody, 1939) ശ്രമിച്ചത്. ഫെമിനിസ്റ്റ് സാഹിത്യനിരൂപകയും നോവൽ ചരിത്രകാരിയും (അവരുടെ 'ദ ട്രൂ സ്റ്റോറി ഓഫ് ദ നോവൽ' പരമ്പരാഗത നോവൽ ചരിത്രങ്ങളെ വെല്ലുവിളിക്കുന്ന കൃതിയാണ്) അമേരിക്കയിലെ നോത്ര്ദാം യൂണിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് സാഹിത്യ പ്രൊഫസറുമായ ഡൂഡിയുടെ ഒഴിവുകാല വിനോദമാണ് അരിസ്റ്റോട്ടിലിനെ അപസർപ്പകനാക്കിയുള്ള ഹിസ്റ്റോറിക്കൽ ഡിറ്റക്ടീവ് നോവലുകൾ. 'അരിസ്റ്റോട്ടിൽ ഡിറ്റക്ടീവ്' (1978) എന്ന ആദ്യകൃതിക്കുശേഷം നിശബ്ദയായിരുന്ന ഡൂഡി 21-ാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് തുടർച്ചയായി നോവലുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 'അരിസ്റ്റോട്ടിൽ ആൻഡ് പൊയറ്റിക് ജസ്റ്റിസ്' (2000), 'അരിസ്റ്റോട്ടിൽ ആൻഡ് ദ മിസ്റ്ററി ഓഫ് ലൈഫ്' (2002), 'അരിസ്റ്റോട്ടിൽ ആൻഡ് ദ റിങ് ഓഫ് ബ്രോൺസ്' (2003), 'പോയിസൺ ഇൻ ആതെൻസ്' (2004), 'മിസ്റ്ററീസ് ഓഫ് എല്യൂസിസ്' (2005), 'അരിസ്റ്റോട്ടിൽ ആൻഡ് ഈജിപ്ഷ്യൻ മർഡേഴ്സ്' (2010), 'എ ക്ലൗഡി ഡേ ഇൻ ബാബിലോൺ' (2013) എന്നിവയാണ് അരിസ്റ്റോട്ടിൽ പരമ്പരയിൽ ഇതുവരെ പ്രസിദ്ധീകരിച്ച നോവലുകൾ. 'അരിസ്റ്റോട്ടിൽ ഡിറ്റക്ടീവും' 'അരിസ്റ്റോട്ടിൽ ആൻഡ് ദ പൊയറ്റിക് ജസ്റ്റിസു' മാണ് കൂട്ടത്തിൽ മികച്ചവ.
