മനുഷ്യര്‍ ഒളിച്ചുപാര്‍ക്കുന്ന ഇടങ്ങളാണ് കഥകള്‍

World of Letters

മനുഷ്യര്‍ ഒളിച്ചുപാര്‍ക്കുന്ന ഇടങ്ങളാണ് കഥകള്‍


ലതരം മനുഷ്യര്‍ ഒളിച്ചുപാര്‍ക്കുന്ന ഇടങ്ങളാണ് കഥകള്‍ എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. കോടാ
നുകോടി വര്‍ഷങ്ങളായി ഈ ഭൂമിയില്‍ ജനിച്ചു മരിച്ചുപോയ ഇപ്പോള്‍ ജനിച്ച ഇനിയും ജനിക്കാനിരിക്കുന്ന ഓരോ മനുഷ്യനും കഥകളുണ്ട്. ആദിമമനുഷ്യന്റെ പ്രശ്‌നങ്ങളല്ല സൈബര്‍യുഗത്തിലെ പുതുമനുഷ്യന്‍ നേരിടുന്നത്. എ ഐ കാലത്തെ കഥകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. കഥകള്‍കൊണ്ടാണ് ഈ ലോകം തീര്‍ത്തിരിക്കുന്നത്. ഒരാള്‍ മരിക്കുമ്പോള്‍ അല്ലെങ്കില്‍ പരാജയപ്പെടുമ്പോള്‍ അവന്റെ കഥ കഴിഞ്ഞു എന്ന് പറയുന്നു. വിജയിക്കുന്നവര്‍ക്കും തോറ്റവര്‍ക്കും കഥകളുണ്ട്. അനുഭവങ്ങള്‍ കഥകളായി, ഓര്‍മ്മകളായി നാം മനസ്സില്‍ സൂക്ഷിക്കുന്നു. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും മാത്രമല്ല എല്ലാവര്‍ക്കും കഥകള്‍ വേണം. യേശു മുതല്‍  ഓഷോവരെയുള്ള ഗുരുക്കന്മാര്‍ കഥകളിലൂടെ സംസാരിച്ചു. രാഷ്ട്രീയക്കാര്‍ അണികളെ ഉത്തേജിപ്പിക്കാന്‍ കഥകള്‍ പറയുന്നു. കായികതാരങ്ങള്‍ കഥകളാല്‍ ഉത്തേജനംകൊള്ളുന്നു. എല്ലാവര്‍ക്കും കഥകള്‍ വേണം.

മനുഷ്യര്‍ മാത്രമല്ല സകല ചരാചരങ്ങളും കഥകള്‍ പറയാന്‍ വെമ്പല്‍കൊള്ളുന്നു. ഒന്ന് ചെവിയോര്‍ത്താല്‍ പത്തനംതിട്ടയിലെ എന്റെ വീട്ടിലേക്കു തിരിയുന്ന പാതപോലും കഥകള്‍ പറയുന്നു. ഒരിക്കല്‍ മണ്‍വഴിയായിരുന്ന കഥ, മനുഷ്യരും മൃഗങ്ങളും പക്ഷികളും തങ്ങളുടെ ജീവിതപ്രശ്‌നങ്ങളുമായി ഉഴറിനടന്ന കഥ. പറങ്കിമാവിനു പിന്നില്‍നിന്ന് ഒരു കുറുക്കച്ചാര്‍, കുശലം ചോദിച്ച് മലകയറുന്ന ഒരു വഴിപോക്കന്‍, നാട്ടുതോട്ടില്‍ തുണിയലക്കാന്‍ നിൽക്കുന്ന ഒരു ഇച്ചേയി...പള്ളിക്കൂടം വിട്ട് നാലുമണിവിശപ്പിന്റെ ആന്തലോടെ മലവഴി ഓടുന്ന ഒരു കുട്ടി...ടാപ്പിങ് കഴിഞ്ഞ് നെറ്റിടോര്‍ച്ചുമായി കല്ലുകൈയാലയിറങ്ങുന്ന റബ്ബര്‍വെട്ടുകാരന്‍...പള്ളിയിലേക്കു സ്കൂട്ടറില്‍ പോകുന്ന പള്ളീലച്ചന്‍... നാട്ടുതോടിന്റെ വരമ്പിലൂടെ വെള്ളത്തില്‍ വീഴാതെ ബാലന്‍സ് ചെയ്തുപോകുന്ന കള്ളുകുടിയന്‍...വല്ലവന്റെയും പറമ്പില്‍ മോട്ടിച്ച തേങ്ങയുമായി മതിലുചാടുന്ന നാട്ടുകള്ളന്‍...കൂളിങ്ഗ്ലാസും ധരിച്ച് നവവധുവിന്റെ കൈയും പിടിച്ച് നാട്ടുവഴിയിലൂടെ നടന്നുപോകുന്ന ഗള്‍ഫുകാരന്‍... അങ്ങനെ ആര്‍ക്കും എപ്പോഴും കഥയിലേക്കു കയറിവരാം. ഇറങ്ങിപ്പോകാം. നമ്മള്‍ സാക്ഷികളായതോ, അനുഭവിച്ചതോ, കേട്ടറിഞ്ഞതോ, മനക്കോട്ടകെട്ടിയതോ ആയ കാര്യങ്ങളില്‍നിന്ന് കഥ പിറക്കുന്നു.

പ്രപഞ്ചം നിറയെ കഥകളുടെ അനന്തസാധ്യതകള്‍. കഥ എഴുതാന്‍ എഴുത്തുമേശയിലിരിക്കുമ്പോള്‍ ഈ കഥകളൊക്കെയും തിക്കിത്തിരക്കി മുന്നില്‍വരുന്നു. ആദ്യം ഞാന്‍... ആദ്യം ഞാന്‍ എന്ന മട്ടില്‍. എനിക്ക് ഏറെ പ്രിയങ്കരനായ കഥാകൃത്ത് റെയ്മണ്ട് കാര്‍വര്‍ പറയുന്നത് നമ്മുടെ ദിനേനയുള്ള ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍നിന്നാണ് സാഹിത്യം രൂപപ്പെടുന്നതെന്നാണ്. എനിക്കിതു സത്യമായി തോന്നിയിട്ടുണ്ട്. 


Related Articles