മൂടിവയ്ക്കപ്പെട്ട മഹാസംഭവങ്ങൾ

World of Letters

മൂടിവയ്ക്കപ്പെട്ട മഹാസംഭവങ്ങൾ


ഹിന്ദുയിസം’ (Hinduism) എന്ന തികച്ചും നിരുപദ്രവമെന്നു തോന്നുന്ന സാധാരണമായ പേരുകൊണ്ട് മൂടിവച്ചിരിക്കുന്നത് നിരവധി അടരുകളുള്ള ഒരു മഹാസംഭവമാണ്–വേദകാലഘട്ടത്തിലെ അതിന്റെ ശുഷ്കമായ ഉടൽ പൗരാണിക കാലഘട്ടത്തിൽ (Puranic age) കുറച്ചുകൂടെ കൊഴുത്തു; ഗോത്രസമുദായങ്ങളുമായും ബുദ്ധമതം, ജൈനമതം, ഇസ്‌ലാം എന്നിവയുമായുമുള്ള വിനിമയങ്ങൾ അതിൽ ആകർഷകങ്ങളായ മാറ്റങ്ങൾ കൊണ്ടുവന്നു. ആധുനികയുഗത്തിന്റെ തുടക്കകാലത്തുതന്നെ കാര്യങ്ങൾ വേണ്ടത്ര സങ്കീർണ്ണമായിരുന്നു, കൂടാതെ യൂറോപ്യൻ ശക്തികൾകൂടി–ഒപ്പം രാഷ്ട്രീയപിന്തുണയുള്ള ക്രിസ്തീയതയും–വന്നുചേർന്നതോടെ സങ്കീർണ്ണതയുടെ ഒരു പുത്തൻ പുതപ്പുകൂടി അത് സമ്പാദിച്ചു. മറ്റു കൊടുങ്കാറ്റുകളും കൂടെയെത്തി. മുഗൾസാമ്രാജ്യം അതിന്റെ അധികാരം പരിധിയിൽക്കൂടുതൽ വലിച്ചുനീട്ടി; 1707–ൽ അക്ബറുടെ പ്രപൗത്രൻ മരിച്ചതോടെ സാമ്രാജ്യം നാശത്തിലേക്കു നീങ്ങി. സാമന്തരിൽ പലരും പത്തിയുയർത്തുകയും സ്വയം സ്വതന്ത്രരാവുകയും തുടർന്നുണ്ടായ കോളിളക്കങ്ങൾക്കിടയിൽ വിദേശത്തുനിന്നുള്ള ഒരു ചെറുകിട സംരംഭം–ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാകമ്പനി–തീരപ്രദേശങ്ങളിൽമാത്രം ഒതുങ്ങിയിരുന്ന അതിന്റെ മാളങ്ങളിൽനിന്ന് പതുക്കെ പുറത്തുവന്ന് ഒരു മഹാശക്തിയായി വളരുകയും ചെയ്തു. ഈ പുസ്തകത്തിൽ ഇനിവരുന്ന താളുകളിൽ ആ കാലഘട്ടത്തിലെ ഹിന്ദുയിസത്തിന്റെ കഥയാണ് പറയുന്നത്; പ്രത്യേകിച്ചും ഹിന്ദുരാഷ്ട്രവാദം–ഇന്നത്തെ ഇന്ത്യയിൽ മുഖ്യസ്ഥാനത്തുള്ള ഹിന്ദുത്വ–എങ്ങനെയാണ് അതിന്റെ അവതാരോദ്ദേശ്യം കണ്ടെത്തിയത് എന്നതിന്റെ കഥയും. മതം കാലക്രമേണ എങ്ങനെ പരുവപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഒരു പഠനമല്ല ഇത്; കൂടിവന്നാൽ 400 വർഷങ്ങളിലെമാത്രം കണക്കെടുപ്പാണ്–ഇന്നത്തെ ഹിന്ദുയിസത്തിന് ആവശ്യമായ ചരിത്രപശ്ചാത്തലവും അതിന് ഊർജ്ജമായ വൈകാരികചോദനകളിൽ അധികപങ്കും സമ്മാനിച്ച ഒരു കാലഘട്ടമാണത്.

ഹിന്ദുയിസം ഒരു പാശ്ചാത്യ ‘കണ്ടുപിടിത്ത’മാണെന്ന് പലപ്പോഴും വാദങ്ങൾ ഉയരാറുണ്ട്; ആധുനികയുഗത്തിനു മുൻപ് ഇവിടെ ക്രിസ്തീയതയിലും ഇസ്‌ലാമിലും ഉള്ള ഋജുവായ സ്പഷ്ടതയിൽനിന്ന് വ്യത്യസ്തമായി, ജാതികളും വിഭാഗങ്ങളും ഒരുപിടി പരസ്പരവിരുദ്ധങ്ങളായ ആചാരസമ്പ്രദായങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറയാറുണ്ട്. തീർച്ചയായും ‘ഹിന്ദുയിസം’ ഒരു വാക്കായി ഉരുത്തിരിഞ്ഞുവന്നിട്ട് അധികകാലമായിട്ടില്ല. അപരിചിതരായ കുറേ മനുഷ്യരെ ഒരുമിച്ചു നിർത്തി ഒറ്റവിശേഷണത്തിൽ ഒതുക്കുവാനായി വിദേശികളാണ് അത് ആദ്യമായി ഉപയോഗിച്ചത്. എങ്കിലും ഒരിക്കൽ സ്രഷ്ടമായതോടെ ഹിന്ദുക്കൾ ആ വാക്ക് കൈയടക്കുകയും അതിൽ പരിചിതമായതെന്തോ ഒന്ന് തിരിച്ചറിയുകയും ചെയ്തു. വിദേശനിർമ്മിതമായ ഒരു സ്വത്വത്തിന് നിരുപാധികം തലകുനിച്ചുകൊടുത്തതാണെന്ന് ഇതിനെ മുദ്രകുത്തുന്നത് ലളിതവത്കരണമാണ്. നമ്മൾ മുൻപ് കണ്ടതുപോലെ ഇസ്‌ലാമുമായി നേർക്കുനേർ വന്ന സമയത്ത് ഹിന്ദുചിന്തകർക്കിടയിൽ ഒന്നെന്ന ബോധം ഉണ്ടാക്കുവാൻ അത് പ്രേരകമായിട്ടുണ്ട്; മുൻകാലത്ത് ഒരുമിക്കുവാൻ സഹായിച്ച ബ്രാഹ്മണ്യചോദനകളുടെ അടിത്തറയിലാണ് അവർ പണിതുടങ്ങിയത്. കൊളോണിയലിസവുമായി എതിരിടേണ്ടിവന്നപ്പോൾ അത്തരം ചോദനകൾ കൂടുതൽ ബലപ്പെടുകയും പുറംനാട്ടുകാരൻ സമ്മാനിച്ച നാമധേയത്തിൽ ഹിന്ദുക്കൾതന്നെ കൂടുതൽ മൂല്യം ചേർക്കുകയും ചെയ്തു. ഹിന്ദുയിസം ഒരു ‘കണ്ടുപിടിത്ത’മല്ല; ദീർഘമായ ഒരു മതപ്രക്രിയയുടെ മാർഗ്ഗത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലാണത്. ചെറിയ അരുവികളായി തുടങ്ങുന്ന നദിപോലെ ഇതിനുമുണ്ടായിരുന്നു ഒന്നിലധികം ഉറവിടങ്ങൾ. എങ്കിലും അത് ഒഴുകിത്തുടങ്ങിയിട്ട്, ഓരോ വളവിനുശേഷവും ഒരു പുതിയ പേരുകൂടി സ്വീകരിച്ചുതുടങ്ങിയിട്ട് കാലമേറെയായി. പേര് പുതിയതാണെങ്കിലും പുഴ പഴയതുതന്നെ. മാത്രമല്ല, ഒരൊറ്റ ചട്ടയ്ക്കുള്ളിലാക്കി ഹിന്ദുയിസത്തെ ക്രിസ്തുമതവുമായും ഇസ്‌ലാമുമായും ഒക്കെ താരതമ്യപ്പെടുത്തുവാൻ നോക്കുന്നത് മതങ്ങളെല്ലാം ഒരേ മാതൃകയിലായിരിക്കണം എന്ന് അനുമാനിക്കുന്നതിനു തുല്യമാണ്; ഏതൊക്കെയോ ചില മാനദണ്ഡങ്ങളിൽ–പ്രവാചകന്മാർ, അടിസ്ഥാനപരമായ നിയമാവലി തുടങ്ങിയ–ഒതുങ്ങാത്തവരെല്ലാം കപടവേഷക്കാരാണ് എന്നുപറയുംപോലെയാണത്. മതങ്ങൾ പല രൂപങ്ങളിൽ പല ഇടങ്ങളിൽ മുളച്ചുപൊന്താം, അവ തമ്മിൽ തമ്മിൽ കടംകൊള്ളുകയും ചെയ്തേക്കാം. വിശുദ്ധഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മതങ്ങളുടെ വാർപ്പുമാതൃക ഹിന്ദുയിസത്തിന് പൊതുവേ പാകമാകാറില്ല, അതിന്റെ പുതിയ രൂപാന്തരത്തിൽ മേൽപ്പറഞ്ഞ മാതൃകയുടെ പല ഛായകളും കാണുന്നുണ്ടെങ്കിലും. പോയകാലത്ത് അത് സദാ വികസിച്ചുകൊണ്ടിരിക്കുന്ന, ആകൃതിയെന്തെന്നറിയാത്ത, അനന്തമായ ഒരു ചിത്രകമ്പളംപോലെയായിരുന്നു; പുതിയ ചാലകശക്തികൾ ഏതായാലും ധൃതിപിടിച്ച് അതിന്റെ വക്കുകൾ തയ്ച്ച് പണിതീർക്കുകയാണ്.


Related Articles