ഇന്ത്യൻ നവോത്ഥാനം

World of Letters

ഇന്ത്യൻ നവോത്ഥാനം


1826–ലെ ഗ്രീഷ്മം. കൽക്കട്ടയിലെ ബിഷപ്പ് ഇങ്ങു തെക്കേ ഇന്ത്യയിൽ തഞ്ചാവൂർ രാജാവിന്റെ സഭ സന്ദർശിക്കുകയാണ്. റെജിനാൾഡ് ഹെബെർ ഇന്ത്യ ഏറക്കുറെ ചുറ്റിസഞ്ചരിച്ചുകഴിഞ്ഞിരുന്നയാളാണ്; വടക്കേ ഇന്ത്യ ഒട്ടുമുക്കാലും കണ്ടിട്ടുണ്ട്, ഡൽഹിയിൽ ചെന്ന് മുഗൾചക്രവർത്തിയെക്കൂടി സന്ദർശിച്ചിട്ടുണ്ട്. ബിഷപ്പിന്റെ ഓർമ്മയിൽ മേൽ​പ്പറഞ്ഞ വ്യക്തിക്ക് അന്തസ്സൊക്കെ ഉണ്ടെങ്കിലും ആ ‘വൃദ്ധനായ പാവം രാജാവിന്റെ’ ചുറ്റും എല്ലാം നശിച്ചു മണ്ണടിഞ്ഞുകിടക്കുകയാണ്. അടുത്തൂൺനൽകി പറഞ്ഞയച്ച ഒരു ഗതകാലസ്മരണയ്ക്കു ചേർന്നമട്ടിൽ​തന്നെ. ഏതായാലും സമ്മാനദാനച്ചടങ്ങുകൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല; രാജാവ് വിലയേറിയ സമ്മാനങ്ങളാണ് നൽകിയത്. എന്നാൽ കൊട്ടാരമാകെ അഴുക്കുപിടിച്ചിരിക്കുന്നു, ഒരുകാലത്ത് മുഗളർ പ്രതാപത്തോടെ ലസിച്ചിരുന്ന സഭാതലംപോലും ‘പൊട്ടിപ്പൊളിഞ്ഞ പല്ലക്കുകളും ഒഴിഞ്ഞ പെട്ടികളും എന്നുവേണ്ട പലതരം പാഴ്വസ്തുക്കൾകൊണ്ട് നിറഞ്ഞുകിടക്കുകയാണ്.’ സിംഹാസനമോ, ‘അതിലെ കൊത്തുപണികളൊന്നും കാണാൻ കഴിയാത്തമട്ടിൽ പ്രാവിൻകാഷ്ഠം കൊണ്ട് മൂടിയിരിക്കുന്നു.’ ജെസ്യൂട്ട് പാതിരിമാർ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും കണ്ട മഹാനായ അക്ബറിന്റെ പിൻഗാമികൾക്ക് കാലം കരുതിവെച്ച വിധിയുടെ ഒരു തിരനോട്ടമായിരുന്നു അത്. അക്കാല​മായപ്പോഴേക്കും ഒരു ഗവർണ്ണർ ചക്രവർത്തിക്കു മുൻപിൽ ഹാജരാകുവാൻ ധിക്കാരത്തോടെ വിസമ്മതിച്ചുകഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ മുഗൾരാജാക്കന്മാരുടെ സാമന്തന്മാരാണെന്ന കീഴ്വഴക്കം കാലഹരണപ്പെട്ടുകഴിഞ്ഞു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. 1835 ആയപ്പോൾ കമ്പനിയുടെ നാണയങ്ങളിൽനിന്ന് രാജാവിന്റെ പേരും ഉരച്ചുമാറ്റിക്കളഞ്ഞു. രണ്ടു ദശാബ്ദത്തിനുശേഷം അരങ്ങേറിയ ഇന്ത്യൻ കലാപ​ത്തിനു (Great Rebellion) പുറകെ (അതേക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ കൂടുതൽ വായിക്കാം) അവസാനത്തെ പാദുഷയെ ഔദ്യോഗിക​മായി പദവിയിൽനിന്ന് നീക്കി ക്വീൻ വിക്ടോറിയ അതോടെ കൈസർ ഇ ഹിന്ദ്, ഇന്ത്യയുടെ പരമാധികാരി ആയി. പഴയ സമ്പദ്മൃദ്ധിയുടെയും ‘നേറ്റീവ്’ രാജാധികാരത്തിന്റെയും അവസാനത്തെ കനൽ​ത്തുള്ളികളായിരുന്നു അപ്പോൾ ഹെബെർ ഡൽഹിയിൽ കണ്ടത്; പുറംമോടിക്ക​പ്പുറം മുഗൾ കിരീട​ത്തിന്റെ ഉള്ള് തനിപ്പൊള്ളയായിക്കഴിഞ്ഞിരുന്നു.

തഞ്ചാവൂരിൽ പക്ഷേ, ബിഷപ്പിനെ കാത്തിരുന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. ഒന്നാമതായി അവിടെ നല്ലൊരു ക്രിസ്ത്യൻ സമൂഹവും, നന്നായി നടക്കുന്ന മിഷനും ഉണ്ടായിരുന്നു: അദ്ദേഹം പങ്കെടുത്ത ഒരു കുർബാനയിൽ 1300 തമിഴരാണ് സന്നിഹിതരായിരുന്നത്. അന്നാട്ടിലെ മറാത്താവംശജനായ രാജാവിനെക്കുറിച്ചും ബിഷപ്പ് ധാരാളം കേട്ടിട്ടുണ്ടായിരുന്നു; ‘കിരീടധാരികളെ ഞാൻ വേണ്ടത്ര കണ്ടിട്ടുണ്ട് എങ്കിലും എടുപ്പിലും നടപ്പിലും ഇത്രയും രാജസമുള്ള ഒരാളെ കണ്ടിട്ടില്ല’ എന്നാണ് രാജാവിനെ നേരിൽ കണ്ടശേഷം അദ്ദേഹം കുറിച്ചിട്ടുള്ളത്‌. ഈ രാജാവ് ‘ഫോർക്രോയെയും ലാവോസിയേറിനെയും ലിനിയസിനെയും ബഫണെയും അനായാസം ഉദ്ധരിക്കുന്നുണ്ട്’, കൂടാതെ ‘ഷേക്‌സ്‌പിയറിന്റെ കാവ്യഭംഗിയെക്കുറിച്ച് അനുമോദിച്ചെഴുതിയ ബൈറൺ പ്രഭുവിനെക്കാൾ കൃത്യമാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ’ എന്നും ഹെബെർ പറയുന്നുണ്ട്. എന്തിന്, ‘കുതിരകളെക്കുറിച്ച് നല്ല അറിവുള്ളവനും അചഞ്ചലനും ധീരനുമായ... കടുവാവേട്ടക്കാരനുംകൂടിയായ’ അദ്ദേഹം ‘അതിശ്രേഷ്ഠമായ’ രീതിയിലുള്ള ‘ഇംഗ്ലിഷ് കവിതയും ചൊല്ലി’. ഹെബെർ യാത്ര പറഞ്ഞിറങ്ങിയത് ‘തികഞ്ഞ മനസ്താപത്തോടെയാണ്’; കാരണം, തഞ്ചാവൂർ ‘അത്രമേൽ പ്രിയങ്കരവും അത്രമേൽ പ്രതീക്ഷനൽകുന്നതും’ ആയിരുന്നു––തന്റെ സുഹൃത്തുക്കളിൽ ഒരാളോട് അദ്ദേഹം പറഞ്ഞു, ‘പെരുപ്പിച്ച കണക്കുകളുടെയും അമിതവർണ്ണം ചാലിച്ച പ്രത്യാശ​കളുടെയും പതിവ് ചതിക്കുഴികളല്ല ഇവിടെയുള്ള പ്രശ്നം’, തഞ്ചാവൂരിനെപ്പറ്റി ‘വേണ്ടത്ര പറഞ്ഞിട്ടില്ല എന്നതാണ്’. തന്റെ യാത്ര തുടരുന്നതിനു മുൻപായി ഹെബെർ രണ്ടാമതും നടത്തിയ ഒരു അനൗപചാരിക സന്ദർശന​ത്തിന്റെ വിവരണത്തിൽ അദ്ദേഹത്തിന്റെ ആവേശം മാത്രമല്ല കാണുന്നത്, തഞ്ചാവൂർ രാജാവിന്റെ ഭൗതികവും ബൗദ്ധികവുമായ പ്രപഞ്ചത്തിലേക്കുള്ള ഒരു എത്തി​നോട്ടംകൂടിയാണ്. മുഗൾ കൊട്ടാരത്തിലെ പ്രകടമായ ചീഞ്ഞഴുകലിൽനിന്ന് ഏറെ വ്യത്യസ്തമായ ഒരു അനുഭവം.


Related Articles