ദുഃഖമാണ് ഒരാളുടെ ശാശ്വതമായ സമ്പാദ്യമെന്ന് പറഞ്ഞത് കോവിലനാണ്. ആ വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്, ഗുരുനാഥന്മാരും മഹാഭാരതവുമാണ്. മഹാഭാരതത്തിന്റെ സത്തയെന്താണെന്ന് ചോദിച്ച യാജ്ഞവൽക്യന് കിട്ടുന്ന ഉത്തരം, ദുഃഖമെന്നാണ്.
മനുഷ്യജീവിതമെന്നാൽ നിരന്തരം നരകത്തിലേക്ക് കുതിക്കുകയാണെന്നറിഞ്ഞിട്ടും മനുഷ്യർ അതൊന്നും കാണാതെ പോകുന്നതെന്തുകൊണ്ടാണെന്ന് യാജ്ഞവൽക്യനെപ്പോലെ ഞാനും ചോദിച്ചുപോയ അനേകം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്.
അച്ഛനാണ് ചക്കപ്പന്റെ കഥ പറഞ്ഞുതന്നത്. ഏതാണ്ട് നൂറു കൊല്ലം മുമ്പ് നടന്ന കഥയാണിത്. ഒരുപക്ഷേ, ഇത് ആളുകൾ പറഞ്ഞുപറഞ്ഞ് പൊലിപ്പിച്ചുകൂട്ടിയ കഥ മാത്രമായിരിക്കാം. പൊടിപ്പും തൊങ്ങലും വെക്കുന്നതിൽ കഥ പറയാൻ വിദഗ്ദ്ധനായ അച്ഛനും തന്റേതായ സംഭാവന നൽകിയിരിക്കാം. ആളുകൾക്ക് അങ്ങനെയൊരു വൈഭവമുണ്ട്; എന്തും കഥയാക്കും. എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിലിരിക്കും. കുട്ടിക്കാലത്ത് ഒരുനാൾ താനപ്പറമ്പ് കോവിലിലേക്ക് അച്ഛൻ കാവടി കാണാൻ കൊണ്ടുപോയതായിരുന്നു. തിരിച്ച് ചക്കപ്പന്തറയുടെ സമീപത്തുള്ള വഴിയിലൂടെ വരുമ്പോഴാണ് ചക്കപ്പനെ കൊന്നടക്കിയ തറയും അവിടെയുള്ള ക്ഷേത്രവും കാണിച്ചുതന്നത്. ഏകദേശം അമ്പതു കൊല്ലങ്ങൾക്കുമുൻപ് അവിടെയൊരു കഴുമരമുണ്ടായിരുന്നതും ഓർമ്മയിലുണ്ട്. അച്ഛൻ ചക്കപ്പന്റെ കഥ പറഞ്ഞു. അമ്പതു കൊല്ലക്കാലം മകൻ, കഥ മനസ്സിലിട്ടുനടന്നതിനുശേഷം ഇപ്പോൾ കടലാസ്സിൽ പകർത്തിയെന്നുമാത്രം.
