ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയചിന്തകനായിരുന്നു ഡോ. ബി. ആർ. അംബേദ്കർ. എം.എൻ. റോയ് മുതൽ രാംമനോഹർ ലോഹ്യവരെയും രവീന്ദ്രനാഥടാഗോർ മുതൽ അരവിന്ദഘോഷ് വരെയുമുള്ള സമുന്നതരായ ചിന്തകരുടെ വലിയൊരു നിരയ്ക്ക് ആധുനിക ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. എങ്കിലും ഡോ. ബി. ആർ. അംബേദ്കറുടെ ജീവിതം ചിന്താപരമായ വ്യാപ്തികൊണ്ടും സാമൂഹ്യജീവിതത്തിൽ ഉളവാക്കിയ ഫലംകൊണ്ടും അതിനെയെല്ലാം മറികടന്നുപോകുന്ന ഒന്നാണ്. കേവലമായ ആശയവിചാരങ്ങൾ എന്നതിനപ്പുറം ആസന്നവും പ്രായോഗികവുമായ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം തന്റെ ധൈഷണികാലോചനകൾ അവതരിപ്പിച്ചത്. എങ്കിലും അവയുടെ മൗലികതയും വിമോചകശേഷിയുംകൊണ്ട് അവ കാലാതിവർത്തിയായി പരിണമിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ പുനർനിർമ്മിക്കാൻപോന്നവയായിരുന്നു ആ ഇടപെടലുകൾ. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചക്രവാളം അത്രമേൽ വിപുലമായ സാമൂഹ്യ-ധൈഷണികപ്രയോഗങ്ങൾക്ക് ഏറെയൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ലോകമിപ്പോൾ തിരിച്ചറിയുന്നുണ്ട്.
അംബേദ്കറുടെ ജീവിതത്തെയും ചിന്തയെയും കുറിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ എഴുതിയ പ്രബന്ധങ്ങളുടെയും പലയിടങ്ങളിലായി നടത്തിയ പ്രഭാഷണങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം. അംബേദ്കറുടെ ചിന്തയിലെ കേന്ദ്രസങ്കല്പനങ്ങളായ ജനാധിപത്യം, ജാതിനിർമ്മൂലനം, ഭരണഘടനാപരമായ ധാർമ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യാനാണ് ഈ പ്രബന്ധങ്ങൾ ശ്രമിക്കുന്നത്. മാർക്‌സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകൾ പരിശോധിക്കുന്ന രണ്ടു പ്രബന്ധങ്ങളും ഇതോടൊപ്പമുണ്ട്. അംബേദ്കറുടെ ചിന്താലോകത്തിന്റെ സൂക്ഷ്മസ്വരൂപത്തെ മനസ്സിലാക്കാനും അഭിമുഖീകരിക്കാനും പലപ്പോഴായി ഞാൻ നടത്തിയ പരിശ്രമങ്ങളുടെ ഉത്പന്നങ്ങളാണിവ.
മൂന്നര പതിറ്റാണ്ടുമുൻപ് 1990-കളുടെ തുടക്കത്തിലാണ് അംബേദ്കറുടെ ജീവിതത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കാൻ തുടങ്ങുന്നത്. ബിരുദാനന്തരപഠനം കഴിഞ്ഞ് വടക്കൻ പറവൂരിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്ന കാലം. അന്നത്തെ പ്രീഡിഗ്രി വിദ്യാർത്ഥികൾക്ക് മലയാളം പാഠപുസ്തകങ്ങളിലൊന്നായി അംബേദ്കറുടെ ജീവചരിത്രം പഠിക്കാനുണ്ടായിരുന്നു. അതു പഠിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതവഴികൾ സാമാന്യം വിശദമായി ഞാൻ വായിച്ചറിഞ്ഞു. ജാതിവിവേചനത്തിന്റെ എല്ലാവിധ തിക്തതകളോടും പൊരുതിമുന്നേറിയ അംബേദ്കറുടെ ധൈഷണികമഹിമയും സമരോത്സുകതയും സംഘാടനശേഷിയുമെല്ലാം തിരിച്ചറിയാൻ അതു കാരണമാവുകയും ചെയ്തു. ഭരണഘടനാനിർമ്മാതാവ്, ദലിത് ജനതയുടെ വിമോചകൻ എന്നീ നിലകളിലുള്ള അംബേദ്കറുടെ സമുന്നതസ്ഥാനത്തെ മുൻനിർത്തിയാണ് അക്കാലത്ത് ഞാനദ്ദേഹത്തെ മനസ്സിലാക്കിയത്.
