ഒരിക്കലും പെയ്തുതീരാത്തൊരു മേഘലോകം അകമേ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇടയ്ക്ക് അന്തരീക്ഷമാകെ അട്ടിമറിയുന്നു. ന്യൂനമര്‍ദ്ദങ്ങള്‍, ചുഴലികള്‍, ആര്‍ത്തനാദങ്ങള്‍ എഴുത്തായി പെയ്യുന്നു.
എങ്ങനെയാണ് മഴ എഴുത്തായി എന്നില്‍ രൂപപ്പെട്ടതെന്ന് അറിഞ്ഞുകൂടാ. അത്തരമൊരു അന്തരീക്ഷത്തില്‍ എഴുതുകയല്ലാതെ മറ്റൊരു വഴിയും മുന്നില്‍ തെളിയാറുമില്ല. എല്ലാ സംഘര്‍ഷങ്ങളില്‍നിന്നും ഒളിച്ചോടി എത്തിച്ചേരാനുള്ള ദ്വീപാണ് എനിക്ക് കഥ.
കഥയെഴുതുമ്പോള്‍ അതിന്റെ മൂര്‍ത്തരൂപങ്ങളും ഭാവങ്ങളും വ്യക്തമാവുന്നതുവരെ പ്രിയപ്പെട്ടൊരാളുടെ വരവിലേക്കെന്നപോലെ കാത്തിരിക്കും. പ്രതീക്ഷിച്ച സമയത്തൊന്നുമാവില്ല കഥാപാത്രങ്ങളുടെയാ രംഗപ്രവേശം. ആകസ്മികമായ ആ വരവാണ് കഥയെഴുത്തിലെ ഏറ്റവും ഉന്മാദപൂര്‍വ്വമായ സ്ഥിതി സമ്മാനിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
വെട്ടിയും തിരുത്തിയും മാസങ്ങളോളം കഥാപരിസരവും കഥാപാത്രങ്ങളും ഉള്ളില്‍ മറ്റൊരു ജീവിതം ആഘോഷിക്കുന്നുണ്ടാവും. ദുഃഖങ്ങളുടെ ആഘോഷത്തെ എന്താണ് പറയുക?
