ബോർഹസിന്റെ ഡിറ്റക്ടീവ്‌

World of Letters

ബോർഹസിന്റെ ഡിറ്റക്ടീവ്‌


ഹോർഹെ ലൂയി ബോർഹസ് അപസർപ്പകകഥയെ സ്‌നേഹിച്ചു. ചെറുകഥയുടെ ചരിത്രത്തിലെ നിത്യാത്ഭുതമായ ബോർഹസിന്റെ രചനകളിൽ ആ അനുരാഗത്തിന്റെ ആലിംഗനം നാമെപ്പോഴുമനുഭവിക്കും. 'ഡെത്ത് ആന്റ് ദ കോംപസ്' എന്ന കഥതന്നെ ഉദാഹരണം. അപസർപ്പകകഥയെക്കുറിച്ചും കഥാകൃത്തുക്കളെക്കുറിച്ചും ഗൗരവത്തോടെയുള്ള പ്രബന്ധങ്ങൾ ബോർഹസ് എഴുതി; അപസർപ്പകകഥ എന്ന ജനുസ്സ് കണ്ടുപിടിച്ച എഡ്ഗർ അലൻപോയെ ആദരവോടെമാത്രം കണ്ടു. വിൽകി കോളിൻസ്, ആർതർ കോനൻ ഡോയ്ൽ, എസ്.എസ്.വാൻ ഡൈൻ, എല്ലെറി ക്വീൻ, ജി.കെ. ചെസ്റ്റേർട്ടൺ എന്നിവരെയെല്ലാം ഒന്നാംകിടക്കാരായാണ് ബോർഹസ് കണ്ടത്. 'ഡിറ്റക്ടീവ് സ്റ്റോറി' (1978) എന്ന പ്രബന്ധത്തിൽ ബോർഹസ് എഴുതി : ''സമകാലിക വായനക്കാരുടെ ഒരു പ്രത്യേക ജീവജാതി നിലനിൽക്കുന്നു: അപസർപ്പകകഥ വായനക്കാർ ലോകത്തെ എല്ലാ രാജ്യങ്ങളിലും കാണാൻ കഴിയുന്ന കോടിക്കണക്കിനുവരുന്ന ഈ വായനക്കാരെ സൃഷ്ടിച്ചത് എഡ്ഗർ അലൻ പോയാണ്. യഥാതഥജനുസ്സായി അപസർപ്പകകഥയെ സൃഷ്ടിക്കാനല്ല, ബൗദ്ധികജനുസ്സായി, ഭ്രമാത്മകജനുസ്സായി സൃഷ്ടിക്കാനാണ് പോ അഭിലഷിച്ചത്; ധിഷണയുടെ ഭ്രമാത്മകജനുസ്സായി. അപസർപ്പകകഥയെഴുതാൻ ഒരവസരത്തിൽ ഞാനും ശ്രമിച്ചിരുന്നു. എഴുതിയതിനെപ്പറ്റി അത്ര വലിയ അഭിമാനമൊന്നും എനിക്കില്ല. ഞാൻ അതിനെ എടുത്തത് പ്രതീകാത്മകതലത്തിലാണ്. 'ഡെത്ത് ആന്റ് കോംപസി' നൊപ്പം ബിയോയ് കസാറെസിനോടുചേർന്ന് (എന്റേതിനെക്കാൾ വളരെ മികച്ചവയാണ് അയാളുടെ കഥകൾ) ചില ഡിറ്റക്ടീവ് കഥകളും ഞാൻ എഴുതി; ജയിലിൽ കിടന്നുകൊണ്ട് കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന ഇസിഡ്രോ പരോഡിയെക്കുറിച്ചുള്ള കഥകൾ ഉദാഹരണം.''

ഇരുപതാം നൂറ്റാണ്ടിലെ ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായ ബോർഹസ് സുഹൃത്തും നോവലിസ്റ്റുമായ ബിയോയ് കസാറെസി (Adolfo Bioy - Casares) നൊപ്പം ചേർന്നു സൃഷ്ടിച്ച അപസർപ്പകകഥാസാമാഹരമാണ് ഡോൺ ഇസിഡ്രോ പരോഡിക്ക് ആറ് പ്രശ്‌നങ്ങൾ (Six Problems for Don Isidro Parodi, 1942). അതുവരെയും ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ സ്വന്തം അപസർപ്പകകഥകൾ ഇല്ലായിരുന്നുവെന്നതാണ് കൗതുകകമായ വസ്തുത. ഇംഗ്ലിഷിലും ഫ്രഞ്ചിലും നിന്നുള്ള പരിഭാഷകളാണ് ലാറ്റിനമേരിക്കൻ സ്പാനിഷ് സാഹിത്യത്തിൽ അപസർപ്പകസാഹിത്യകൃതികളായി ഉണ്ടായിരുന്നത്. എഡ്ഗർ അലൻ പോ വടക്കേ അമേരിക്കയിൽനിന്ന് അപസർപ്പകകഥ എന്ന പുതിയ ജനുസ്സ് സൃഷ്ടിച്ചുവെങ്കിൽ മറുപാതിയായ തെക്കേ അമേരിക്കയ്ക്ക് അപസർപ്പകകഥ സമ്മാനിച്ചത് കുറ്റാന്വേഷണ സാഹിത്യകാരനല്ലാത്ത ബോർഹസായിരുന്നുവെന്നു പറയാം. സാഹിത്യത്തിലെ ആധുനികതയുടെ കാലത്തുതന്നെ പിൽക്കാലത്തുണ്ടായ ഉത്തരാധുനികതയുടെ കഥാമാതൃകകൾ സൃഷ്ടിച്ച ബോർഹസ് (ബിയോയ് കസാറെസും) ഒരു അപസർപ്പക കഥാമാതൃക അവതരിപ്പിക്കുകമാത്രമല്ല, ലാറ്റിനമേരിക്കയിൽ അതു പ്രചരിപ്പിക്കാനും കഠിനാധ്വാനം നടത്തി. സ്വന്തം രാജ്യമായ അർജന്റീനയിലെ വായനക്കാർക്കുവേണ്ടി ഇംഗ്ലിഷ് ഡിറ്റക്ടീവ് നോവലുകളുടെ ഒരു പരിഭാഷാപരമ്പരയാണ് ബോർഹസും ബിയോയ് കസാറെസും ചേർന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തിയത്. 1945- 55 കാലത്ത് 'ദ സെവന്ത് സർക്കിൾ' എന്ന പേരിൽ ബ്യൂണസ് ഐറിസിലെ എമീസ് എന്ന പ്രസാധകർ പ്രസിദ്ധീകരിച്ച ആ പരമ്പരയിൽ ജോൺ ഡിക്ക്‌സൺ കാർ, ജെയിംസ് എം. കെയിൻ, തുടങ്ങിയവരെല്ലാമുൾപ്പെട്ടവരായിരുന്നു.


Related Articles