“ഇമ്മോ ആ കുഞ്ഞൽവ്യാക്ക മരിച്ചത്രെ!”
രാവിലെ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തട്ടത്തിൻ്റെ തുമ്പുകൊണ്ട് മുഖം അമർത്തിത്തുടച്ച് ഉമ്മ ആ വാർത്ത വന്ന് പറയുന്നത്. പള്ളിയിൽനിന്ന് വിളിച്ചു പറഞ്ഞ മരണവാർത്തയിലെ ആയുസ്സ് തീർന്ന മനുഷ്യൻ്റെ പേര് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മൂർച്ചയുള്ള ആയുധംകൊണ്ട് ശരീരം മുഴുക്കെ കോറിവരഞ്ഞതു പോലെ എനിക്ക് നീറി.
‘കുഞ്ഞൽവ്യാക്ക’ ആ പേരോർക്കുമ്പഴേ ശ്വാസം നിന്ന് പോകുന്നതുപോലെ. സദാ ചിരിയ്ക്കുന്ന, തലമുടി മുഴുവൻ നരച്ച, ശരീരത്തെ വാർദ്ധക്യം ബാധിച്ചില്ലെന്ന് തോന്നുന്ന ഒറ്റനോട്ടത്തിൽ ആരോഗ്യമുള്ളൊരു മനുഷ്യൻ. നാട്ടിൽ സ്വന്തമായൊരു പലചരക്കുകട നടത്തുന്നു. മടക്കിക്കുത്തിയ മുണ്ടിനടിയിലൂടെ ഉള്ളിലിട്ട ട്രൗസറിൻ്റെ പാതിയും പുറത്തുകാട്ടി നടക്കുന്ന അയാളുടെ ചുണ്ടിലെപ്പോഴും എരിയുന്നൊരു ബീഡി കാണാം. ഇടതുകൈ കൊണ്ട് ഇടക്കിടക്ക് തുട മാന്തും. കുറ്റിപ്പുറം മൂടാൽ ഭാഗത്തേക്ക്, അതായത് സർക്കാർ നൽകിയ ഭൂമിയിലേക്ക്, ഞങ്ങൾ താമസം മാറിയിട്ട് പലചരക്ക് സാധനങ്ങൾ വാങ്ങിയിരുന്നത് അദ്ദേഹത്തിൻ്റെ കടയിൽ നിന്നായിരുന്നു. നല്ല പരിചയക്കാരായി കഴിഞ്ഞപ്പോൾ ഉപ്പ പറഞ്ഞതിൻ പ്രകാരം കടവും തന്നിരുന്നു.
