ഞാന്‍ ജീവിച്ച യക്ഷിക്കഥ

World of Letters

ഞാന്‍ ജീവിച്ച യക്ഷിക്കഥ


കുട്ടിക്കാലത്തു വീട്ടില്‍ 'സോവിയറ്റ് ലാന്‍ഡ്', 'സോവിയറ്റ് നാട്' മാസികകള്‍ വരുത്തിയിരുന്നു. അതിന്റെ താളുകള്‍ക്കു പ്രത്യേകമായൊരു സുഗന്ധമുണ്ടായിരുന്നു. ഐസ് പോലെ തിളങ്ങുന്നതും തെന്നുന്നതുമായ കടലാസില്‍ മറ്റൊരു പ്രസിദ്ധീകരണത്തിലും കണ്ടിട്ടില്ലാത്ത ജീവന്‍തുളുമ്പുന്ന ഫോട്ടോഗ്രാഫുകള്‍ അച്ചടിച്ചിരുന്നു. നീലാകാശത്തിനുതാഴെ പച്ചമഷി തളംകെട്ടിയ തടാകത്തിന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. ആ പ്രായത്തില്‍, അതിലേറെ മാസ്മരികമായ ഫോട്ടോ വേറെ കണ്ടിട്ടില്ല. ബിഗ് ആല്‍മാട്ടി തടാകത്തിന്റെ ചിത്രമായിരുന്നു അത്. ആ സ്ഥലമൊന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ തീവ്രമായി കൊതിച്ചു. ഏഴോ എട്ടോ വയസ്സുള്ള കാലമാണ്. പത്തു നാല്‍പ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം സാധിച്ചു. പല കടമ്പകള്‍ കടന്നും ജീവന്‍ പണയംവച്ചും ഐസില്‍ പലതവണ തെന്നിവീണും പിച്ചനടന്നും ഞാന്‍ അവിടെയെത്തി. ജീവിതത്തോടുള്ള സ്‌നേഹം തിരിച്ചുകിട്ടി. ജീവിതം കഥയായി ഞാന്‍ വായിച്ചു. പലതരം യക്ഷിക്കഥകള്‍ ഇഴയിട്ട യക്ഷിക്കഥയായി അനുഭവിച്ചു.

കലാച്ചി എന്ന ഗ്രാമത്തെപ്പറ്റി കേട്ടത് 2013-ലാണ്. 'ആരാച്ചാര്‍' എഴുതിക്കഴിഞ്ഞിരുന്നു. പ്രതീക്ഷാശൂന്യതയും കടുത്ത വിഷാദവും ഒരു കടല്‍ച്ചുഴിയെന്നവണ്ണം എന്നെ കുടുക്കി. രാത്രി ഉറക്കമില്ലായ്മയും പകല്‍ ഉറക്കംതൂങ്ങലുമായി ഞാന്‍ വട്ടംകറങ്ങി. ഒരു ദിവസം ഉച്ചയ്ക്കു ടിവിയില്‍ സിനിമ കാണാന്‍ ശ്രമിച്ചു. ശ്രദ്ധയുറയ്ക്കാതെ ചാനലുകള്‍ മാറ്റിമാറ്റി നോക്കി. ഒടുവില്‍ ഒരു വിദേശ ചാനലില്‍ എത്തി. മഞ്ഞും ഉണങ്ങിയ പോപ്ലാര്‍ മരവുമാണ് ആദ്യം കണ്ണില്‍ത്തടഞ്ഞത്. 'സ്ലീപ്പിങ് സിക്ക്‌നെസ്' എന്ന സബ്‌ടൈറ്റില്‍ എന്നെ കൊളുത്തിവലിച്ചു. ഞാന്‍ ജിജ്ഞാസുവായി. കസഖ്സ്ഥാനിലെ 'കലാച്ചി' എന്ന ഗ്രാമത്തില്‍ ദുരൂഹമായ ഒരു അജ്ഞാതരോഗം വ്യാപിക്കുന്നതിനെപ്പറ്റിയുള്ള വാര്‍ത്തയായിരുന്നു അത്.

അവിടെ താമസിക്കുന്നവര്‍ ഉറങ്ങിവീഴുന്നു. എട്ടും പത്തും ദിവസം ഉണരാതെ ഉറങ്ങുന്നു. പല നാടുകളില്‍നിന്നും വിദഗ്ധര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ആര്‍ക്കും കൃത്യമായ കാരണം കണ്ടെത്താന്‍ കഴിയുന്നില്ല.


Related Articles