വഴിതടയുന്ന സംവരണങ്ങൾ

World of Letters

വഴിതടയുന്ന സംവരണങ്ങൾ


ജാട്ട് സംവരണം റദ്ദുചെയ്തുകൊണ്ടുള്ള 2015 മാർച്ച് 14-ലെ വിധിയിൽ സംവരണത്തിന്റെ മാനദണ്ഡം ജാതിമാത്രമല്ലെന്ന് ഒരിക്കൽക്കൂടി സുപ്രീംകോടതി ആവർത്തിച്ചുപറഞ്ഞു. കണക്കിലെടുക്കേണ്ടത് സാമൂഹിക പിന്നാക്കാവസ്ഥയാണെന്നു ചൂണ്ടിക്കാട്ടി, പുതിയ മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും ആവിഷ്‌കരിക്കണമെന്നു പറഞ്ഞ കോടതി ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ സമാനലക്ഷണങ്ങളുള്ളള വിഭാഗങ്ങളെപ്പോലെ ലിംഗത്തിന്റെയും വൈകല്യത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നഗുണങ്ങളുള്ള വിഭാഗങ്ങളെയും സംവരണത്തിൽ പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. ചരിത്രപരമായ വിവേചനങ്ങൾ മാത്രം മനസ്സിൽവെച്ചുകൊണ്ടുള്ള നയം കൂടുതൽ അർഹതയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നത് തടയുമെന്നും അവരെ ഉയർത്തുന്നതിലായിരിക്കണം സർക്കാരിന്റെ ശ്രദ്ധയെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, രോഹിങ്ടൺ നരിമാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഇന്ത്യയിലെ പ്രബലസമുദായങ്ങൾ ഭരണകൂടത്തെ സ്വാധീനിച്ച് തങ്ങളുടെ അധീശതാത്പര്യങ്ങൾ സംരക്ഷിക്കുവാനും കൂടുതൽ നേട്ടങ്ങളുണ്ടാക്കുവാനും സംവരണത്തെ എങ്ങനെ ദുരുപയോഗം ചെയ്യുവാൻ ശ്രമിക്കുന്നുവെന്നതിന്റെയും ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമായിരുന്നു 2014 മാർച്ച് 4-ന്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്നാൾ, യു.പി.എ. സർക്കാർ നടത്തിയ ജാട്ട് സംവരണപ്രഖ്യാപനം. ഇതേ സാമുദായിക സമ്മർദ്ദങ്ങളുടെ മുന്നിലാണ് 2013 നവംബറിൽ രാജസ്ഥാനിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് തങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഗുജ്ജാറുകൾക്ക് 5 ശതമാനം സാമുദായികസംവരണം വാഗ്ദാനം നല്കിയത്.

വിരോധാഭാസമായൊരു കാര്യം തങ്ങളുടെ ജാതിമേൽക്കോയ്മ മുൻനിർത്തി ഒരിക്കൽ അപമാനമായി കണ്ടിരുന്ന സംവരണത്തിനുവേണ്ടി സമീപകാലത്ത് ജാട്ടുകളെപ്പോലുള്ള ചില മുന്നോക്കസമുദായങ്ങൾ നടത്തുന്ന സംഘടിതമായ രാഷ്ട്രീയനീക്കങ്ങളാണ്. എന്നാൽ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള ജാട്ടുകളുടെ അവകാശവാദം അംഗീകരിക്കുമ്പോൾ യു.പി.എ. നേതൃത്വം ലക്ഷ്യമിട്ടിരുന്നത് സാമൂഹികനീതിയുടെ നിർവ്വഹണമായിരുന്നില്ല, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, യു.പി., ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർഖണ്ഡ് എന്നീ വടക്കൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു സമുദായത്തിന്റെ വോട്ടു സമാഹരണമായിരുന്നു. ജാട്ടുകളുടെ സാമൂഹിക സ്ഥാനമോ സാമ്പത്തിക സ്ഥിതിയോ ഒന്നും അതിനു തടസ്സമായില്ല. സമ്പന്നതകൊണ്ടും പദവികൊണ്ടും മറ്റു പിന്നാക്കവർഗ്ഗങ്ങൾക്ക് ഏറെ മുകളിലാണ് ജാട്ടുകൾ. ഹരിയാനയിൽ അവർ ജനസംഖ്യയുടെ നാലിലൊന്നാണ്. ഹരിയാന ഭരിക്കുന്നത് ജാട്ടുകളാണ്. ദേവിലാലിനെപ്പോലുള്ള ജാട്ടുകളാണ് അവിടെ ഏറ്റവുമധികം കാലം ഭരണം നടത്തിയിട്ടുള്ളത്. ദലിതർക്കും മറ്റ് പിന്നാക്ക ജാതിക്കാർക്കു മുകളിൽ അവരൊരു മർദ്ദകജാതിയാണ്. പഞ്ചാബിലെ ജാട്ടുസിഖുകാർ അഭിമാനികളായ സൈനികഭൂവുടമ ജാതിയാണ്. അവരാണ് പഞ്ചാബിനെ സമ്പന്നമാക്കിയ ഹരിതവിപ്ലവത്തിന്റെ അടിത്തറ. അവരുടെ ഗുരുദ്വാരകളിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ല. അയിത്തജാതിക്കാരെപ്പോലെ ഒരിക്കലുമവർ ജാതിഘടനയുടെ കീഴ്ത്തട്ടായിരുന്നില്ല.


Related Articles