തീക്കൊള്ളികൊണ്ട് ചരിത്രം ചികയുമ്പോൾ

World of Letters

തീക്കൊള്ളികൊണ്ട് ചരിത്രം ചികയുമ്പോൾ


മൂന്നു വർഷമാണ് "കോതറാണി' എന്ന നോവലിന്റെ എഴുത്തുകാലം. മുമ്പെഴുതിയ നോവലുകളിൽ പരാമർശിച്ചിട്ടുള്ള സ്ഥലങ്ങളൊക്കെ ഞാൻ ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുള്ളതാണ്. നേരിട്ടറിയാത്ത ഇടങ്ങൾ കഥയുടെ ഭൂമികയാക്കി സ്വീകരിക്കുന്നത് പൊതുവേ ഇല്ലാത്തൊരു ശീലമാണ്. കോതറാണിയുടെ ഏകദേശം രൂപം എഴുതിയ രണ്ടു വർഷത്തോളം വരുന്ന സമയം വരെ ഞാൻ കോതറാണിയുടെ കൊട്ടാരം ഉണ്ടായിരുന്ന കൊറ്റാമലക്കുന്നു കണ്ടിട്ടേയില്ലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ആ സന്ദർശനം നീണ്ടുപോയി.  
എന്നാൽ നോവലിന്റെ കഥാപരിസരമായ പുലയനാർ കോട്ടയും വേളി പൊഴിമുഖവും അഞ്ചുതെങ്ങു കോട്ടയുമൊക്കെ പലവട്ടം കണ്ടിട്ടുണ്ട്. അരുൺ സമുദ്രയുടെ ബുള്ളറ്റിൽ കയറി പുലയനാർ കോട്ട ചുറ്റിക്കയറിയ യാത്രയൊക്കെ എഴുത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പുലയനാർ കോട്ടയെക്കുറിച്ച് വാതോരാതെയുള്ള അരുണിന്റെ സംഭാഷണം ഒന്നും ഞാൻ ഒരു ഘട്ടത്തിൽ ശ്രദ്ധിക്കുന്നില്ലായിരുന്നു. പുറകിൽ കണ്ണുകൾ അടച്ചിരിക്കുന്നു. ഞാനപ്പോൾ സങ്കല്പത്തിൽ ഒരു കരിങ്കുതിരയുടെ പുറത്തേറി ആക്കുളം കായലിന്റെ പടവഴികളുടെ തീരത്തുനിന്നും കോട്ടയിലേക്ക് കുതിക്കുന്ന പുലയനാരായിരുന്നു. ഒന്നു കണ്ണടച്ചാൽ മതി വർത്തമാനത്തിൽനിന്നും പിന്നോട്ട് പോകാനും പതിനേഴാം നൂറ്റാണ്ടിലെ ഭൂതകാലത്തിന്റെ കുളമ്പടികൾ കേൾക്കാനും കഴിയുമായിരുന്നു.  
അച്ചടിക്കു മുമ്പ് ഒരു നോവലിന്റെ കഥാപരിസരത്തുകൂടി എഴുത്തുകാരൻ നടത്തുന്ന യാത്രകൾക്ക് ഒരു പ്രത്യേക അനുഭവമാണ്. ഗർഭാശയത്തിൽ ഉൾഭിത്തികളിൽ തൊടുന്ന ഒരു ശിശുവിന്റെ കൗതുകമാവും ആ അന്വേഷണത്തിന്റെ ഭാവം. പിറവിയെടുക്കാനായി അനുദിനം വളരുന്ന ഒരു ഭ്രൂണത്തിന്റെ ഓർമ്മയിൽ എങ്ങോ അടയാളപ്പെടുത്താനായി ഒരു നാഡിമിടിപ്പു തേടിയുള്ള പരതൽ.
ചരിത്രം തേടി പലരും പലകാലങ്ങളിലായി പുലയനാർകോട്ടയുടെ പിരിയൻ വഴികൾ താണ്ടിവന്നിട്ടുണ്ട്. എന്റെ യാത്ര ഒരുപാട് വൈകിയിരുന്നു. നിർണ്ണായകമായ വിവരങ്ങൾ തരാൻ കഴിയുന്ന പലരും ഇന്ന് മൺമറഞ്ഞിരിക്കുന്നു. പത്തോ ഇരുപതോ കൊല്ലങ്ങൾ മുമ്പുവരെ പുലയനാർ കോട്ടയുടെ കഥപറഞ്ഞുതരാൻ കഴിയുമായിരുന്ന അന്വേഷികൾ ജീവിച്ചിരുന്നു.
നെടുമങ്ങാട് വരെ ബസിലെത്തി അവിടെനിന്നും ഒരു ഓട്ടോറിക്ഷയിലാണ് കൊങ്ങണം സ്‌കൂളിന്റെ മുന്നിൽ ഇറങ്ങിയത്. കോ അങ്കണം അഥവാ രാജാങ്കണം എന്നാണ് ആ സ്ഥലനാമത്തിന്റെ അർത്ഥം. സ്‌കൂളിന്റെ മുന്നിൽ നിന്നാൽ കോതറാണിയുടെ കൊട്ടാരം നിന്നിരുന്ന കൊറ്റാമല കാണാം എന്നായിരുന്നു മനസ്സിലുള്ള അറിവ്. ഇടം പറഞ്ഞു തരാൻ ഒന്നും ആരുമില്ല. ഏറ്റവും ഉയർന്ന കുന്നു നോക്കി ഏതോ ജന്മത്തിൽ നിന്നുമുള്ള നിർദേശം കേട്ടിട്ടെന്നപോലെ ഒറ്റ നടപ്പാണ്.
ഏതൊരു നാടിന്റെയും കഥമുത്തശ്ശിമാരാണ് അവിടുത്തെ ചായക്കടകൾ, ബാർബർ ഷോപ്പുകൾ എന്നിവ. അങ്ങനെ എന്തെങ്കിലും അന്വേഷിച്ചുള്ള നടത്തം അവസാനിച്ചത് "അൽ അമീൻ' തട്ടുകട എന്ന ബോർഡിന് മുന്നിലാണ്. പഴംപൊരിയും ഇറച്ചിക്കറിയും കിട്ടുന്ന ഒരു ചെറിയ ചായക്കട. കൊറ്റാമലയിലേക്ക് പോകാനുള്ള വഴിയും ഉച്ചവെയിലിൽ ഒറ്റയ്ക്ക് കുന്നു കയറുന്നതിന്റെ വെല്ലുവിളികളും എല്ലാംതന്നെ ചായക്കടക്കാരൻ പറഞ്ഞുതന്നു.
ഇങ്ങനെ ഉള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. ‘ഞാനിതാ ഒരു സാഹിത്യകാരൻ, എന്റെ കഥയുടെ ഭൂമി തേടിയുള്ള യാത്രയിലാണ്' എന്ന് പറയാൻ സാധിക്കില്ല. ആവശ്യമുള്ള സഹായം കിട്ടുകയില്ല എന്നു മാത്രമല്ല, പലതരം വഴിതടസ്സങ്ങൾ വരികയും ചെയ്യും. സാധാരണമായ, എല്ലാവർക്കും സ്വീകാര്യമായ ഒരു കാരണം പറയുന്നതാണ് നല്ലത്. അങ്ങനെയാണ് വിലകുറഞ്ഞ കൃഷിസ്ഥലം വാങ്ങാൻ വന്ന ഒരാളാണെന്ന് പറയുന്നത്. ഈ കാരണം പറഞ്ഞാൽ ആരും അകന്നു നിൽക്കില്ല, സ്ഥലങ്ങൾ കൊണ്ടുനടന്നു കാണിച്ചുതരാൻ ഒരുപാട് പേർ ഉണ്ടാവുകയും ചെയ്യും.  
ഭക്ഷണവും വെള്ളവും "അൽ അമീൻ' തട്ടുകടയിൽ നിന്നും വാങ്ങിയിട്ട് ഞാൻ കോതറാണിയുടെ കാല്പാദങ്ങൾ പതിഞ്ഞ കൊറ്റാമലയുടെ കുത്തനെയുള്ള കയറ്റം കയറാൻ തുടങ്ങി. പാതിവഴി എത്തിയപ്പോൾതന്നെ കിതച്ചു തുടങ്ങി. ഉച്ചവെയിൽ ആ മൊട്ടക്കുന്നിനെ ഉന്മാദിയാക്കി. ചൂടുകായുന്ന ഒരു വൃദ്ധനെപ്പോലെ പെട്ടെന്നു കിട്ടിയ ഉന്മേഷത്തിൽ കുന്നിനു ജീവൻ വച്ചു. പതിയെപ്പതിയെ വീടുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വന്നു.
ഏപ്രിൽ മാസമാണ്, കൈയിലെ കുപ്പിയിൽ കരുതിയ വെള്ളം ചൂടായിത്തുടങ്ങി. കുന്നിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെ പുറമേയുള്ള ആർക്കും കയറിപ്പോകുന്ന ആളെ കാണാൻ കഴിയില്ല. ആഞ്ഞടിക്കുന്ന ചുടുകാറ്റ് പൊതുവേ ദുർബലമായ എന്റെ ശ്വാസകോശത്തിനു കനമേറ്റി. തിരികെ നോക്കുമ്പോൾ കയറിവന്ന പാത തിളച്ചുമറിയുകയാണ്. ശ്വാസം കിട്ടാതെ പലയിടത്തും തങ്ങിനിന്നു. ഒരു പരിധിക്കപ്പുറം വെള്ളം കുടിച്ചാൽ ഛർദിക്കും. ചെവികൾ കാറ്റടിച്ചു  മൂടിപ്പോയി.   മടങ്ങിപ്പോകണമെങ്കിൽ കയറിവന്ന അത്രയും ദൂരം ഇതേ വെയിലിലൂടെ തിരികെ സഞ്ചരിക്കണം. ലക്ഷ്യം വിജയത്തിലെത്തിയില്ല എന്ന സങ്കടവും ഉണ്ടാവും. എത്ര സമയമെടുത്തായാലും ഞാൻ മുകളിലെത്തും എന്നുതന്നെ തീരുമാനിച്ചു. മുകളിലേക്കുള്ള വഴിയുടെ പണി പാതിയിൽ നിന്നിരിക്കുകയാണ്. ഇളക്കിയിട്ടിരിക്കുന്ന മണ്ണിലൂടെ വേണം നടന്നു കയറാൻ. അവസാനം മണിക്കൂറുകൾ എടുത്തു ഞാൻ കൊറ്റാമലക്കുന്നിന്റെ മുകളിൽ എത്തി.  
നോവലിന്റെ ആഖ്യാനഗതിയിൽ പ്രകടമായ മാറ്റം കൊണ്ടുവരാൻ ആ മലകയറ്റത്തിന് കഴിഞ്ഞു. എന്തായിരുന്നു കോതറാണിയുടെ രാജ്യം എന്നു കണ്ടറിയുവാൻ കിട്ടിയ അവസരം. കുന്നിൽ മുകളിൽ നിന്നാൽ ആ നാടുവാഴിക്ക് സ്വന്തം രാജ്യം മുഴുവനും കാണാൻ കഴിയുമായിരുന്നു. ക്ഷീണിതനായിരുന്ന ഞാൻ അവിടെക്കണ്ട ഒരു പരന്ന കല്ലിൽ കയറി ഇരുന്നു. ചുറ്റും കടും ചുവപ്പു നിറത്തിലുള്ള  പൂവും കായയും നിറഞ്ഞ ഒരു ചെടി നിൽക്കുന്നത് കണ്ടു. ആ ഒരൊറ്റ ഇരിപ്പിൽനിന്നും ഉണ്ടായതാണ് നോവലിലെ അമ്പതോളം പേജുകൾ. ഒരു ഭ്രമാത്മക സ്വപ്നത്തിൽ എന്നപോലെ എന്റെ മുന്നിൽ ആ കരിങ്കൽ കോട്ടയും ചെങ്കൽ കൊട്ടാരവും തെളിഞ്ഞുവന്നു.
ചുവന്ന കായ്കൾ ഉള്ള കാട്ടുചെടിയുടെ അടുത്തായി ഞാനിരുന്നു. തിരികെ മടങ്ങണമെങ്കിൽ വെയിലാറണം. ഭക്ഷണം കഴിച്ചാലോ എന്നൊരു തോന്നൽ വന്നു. കയറ്റം മുഴുവനും നടന്നതിനാൽ വയറ്റിൽ കൊളുത്തി വലിക്കുന്നതുപോലെ ഒരു കല്ലിപ്പ്. അത് വകവെക്കാതെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. താഴത്തെ അൽ അമീൻ കടയിൽനിന്നും പൊതിഞ്ഞു തന്ന ഇറച്ചിക്കറിയുണ്ട്. ഞാനതു രുചിച്ചു. ഇറച്ചിതന്നെയാണ് അവിടെയിരുന്നു കഴിക്കാൻ ഏറ്റവും ഉത്തമം എന്നെനിക്കു തോന്നി.
നാളിതുവരെ കേട്ട റാണിമാരുടെ വിശുദ്ധിയും ചിട്ടയും ഒന്നുമില്ലാത്ത പതിവു വാർപ്പുകൾക്കു പുറത്ത് രൂപപ്പെട്ട നാടുവാഴികുലത്തിൽ പെട്ട കോതറാണി. ഓലമെടഞ്ഞ തടുക്കിൽ ഇറച്ചിയും പാളക്കുടുക്കയിൽ കള്ളും ഇരുകൈകൊണ്ടും തിന്നുന്ന വന്യയാവണം അവൾ. വേട്ടമൃഗത്തിന്റെ കരൾ വേവിക്കാതെ കഴിക്കുന്ന പച്ചയായ പ്രകൃതി. മൃഗതുല്യമാവണം അവളുടെ തീൻചലനങ്ങൾ. ദ്രാവിഡർക്കും മുമ്പ് നാട്ടുകുലങ്ങളിൽ കുറിഞ്ചിമുല്ലൈത്തിണകൾക്കു മുമ്പ് വാഴുന്നോരായി, മണ്ണുടയോരായി കാലംകഴിച്ച അനവധി നാട്ടുകുലങ്ങളിൽ  ഒന്നിന്റെ കണ്ണിയാണവൾ. കണ്ടറിഞ്ഞ കണ്ണുകൾ കൊണ്ടൊന്നും അവളെ അളക്കാൻ കഴിയില്ല. കേട്ടറിഞ്ഞ കാതുകൾക്ക് അവളുടെ പല്ലരവിന്റെ പതിഞ്ഞ ഒച്ച പോലും താങ്ങാൻ കഴിയില്ല.  
കോതറാണിയുടെ മകൾ തിരുവാതിരകുമാരി മരതകമാലയെക്കുറിച്ചായി എന്റെ ചിന്ത. ഈ കുന്നിന്റെ മുകളിൽ എവിടെയോനിന്നാണ് തന്റെ പുലമാരുതൻ എന്ന കുതിരയെ കിടങ്ങിലേക്ക് പായിച്ചുകൊണ്ട് അവൾ ജീവൻ ത്യജിച്ചത്. എവിടെയാവും ആ കിടങ്ങ്? ഞാൻ ആ കുന്നിൻപരപ്പിന്റെ അരികുകളിൽ അന്വേഷിച്ചു നടന്നു.
പരാജയം അറിഞ്ഞപ്പോൾ കോട്ടയുടെ മുകളിൽനിന്നും താഴേക്ക് കുതിരയെ പായിക്കുന്നത് ഇതിനു മുമ്പ് കേട്ടിരിക്കുന്നത് ഝാൻസി റാണിയുടെ കഥയിലാണ്. ബ്രിട്ടീഷുകാരിൽനിന്നും രക്ഷ നേടാനായി ബാദൽ എന്ന കുതിരയെ ഝാൻസിക്കോട്ടയിൽനിന്നും താഴേക്ക് പായിച്ച റാണി ലക്ഷ്മി ബായി. ആ സാഹസത്തിനിടെ കുതിര മരണപ്പെട്ടു എന്നും റാണിയും കുഞ്ഞും  രക്ഷപ്പെട്ടു എന്നുമാണ് കഥ. അവിശ്വസനീയമാണ് ആ രക്ഷപ്പെടൽ. നേരിട്ട് മനസ്സിലാക്കിയത് അനുസരിച്ച് ബാദൽ ചാടി എന്നുപറയുന്ന ഭാഗത്തുനിന്നും തറനിരപ്പിലേക്കുള്ള ആഴം ആ വാദത്തെ ന്യായീകരിക്കുന്നില്ല. അതിനെക്കാൾ കോതറാണിയുടെ മകൾ കോട്ടയുടെ മുകളിൽനിന്നും കുതിരയെ താഴേക്ക് പായിച്ചു മരണം വരിച്ചു എന്നതിനാണ് വിശ്വാസ്യത. അത്തരത്തിലുള്ള ഒരു കിടങ്ങ് എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കുറേക്കാലം മുമ്പുവരെ അതവിടെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പുതിയതായി സ്ഥലം വാങ്ങിയ ആൾക്കാർ പിന്നീട് റബ്ബറോ കശുമാവോ ഒക്കെ നടാൻവേണ്ടി കുന്നിന്റെ കുറച്ചു ഭാഗം തട്ടുതട്ടുകളാക്കി മാറ്റിയിരുന്നു.  
ക്ഷീണം കാരണം അവിടെയിരുന്നു കുറച്ചുനേരം മയങ്ങിയതിനുശേഷമാണ് മടക്കം ആരംഭിച്ചത്. കൈയിലുള്ള വെള്ളം തീരാറായിരുന്നു. കൊറ്റാമല ഇറങ്ങി പാതിവഴിയിൽ വീടുകൾ കണ്ടുതുടങ്ങിയപ്പോഴാണ് ഒരു മൺവീട് ശ്രദ്ധയിൽപെട്ടത്. ചുറ്റും എല്ലായിടത്തും ആധുനിക രീതിയിലുള്ള തരക്കേടില്ലാത്ത വീടുകൾ. അവയുടെ ഇടയിൽ ഇടിഞ്ഞുവീഴാറായ നിലയിൽ മണ്ണുകൊണ്ടുള്ള കട്ടകൾകൊണ്ട് ഉണ്ടാക്കിയ ഒരു ഒറ്റമുറി വീട്. അതിന്റെ മുന്നിൽ എഴുപതോ എൺപതോ വയസു പ്രായമുള്ള ഒരമ്മ. കുടിക്കാൻ അല്പം വെള്ളം തരുമോ എന്നു ഞാൻ ചോദിച്ചു.
സ്നേഹപൂർവ്വം ആ അമ്മ ഉള്ളിൽനിന്നും ഒരു കുപ്പിയിൽ നല്ല കിണറ്റുവെള്ളം എടുത്തുതന്നു. എന്റെ ദാഹവും പരവേശവും കണ്ടപ്പോൾ ആ അമ്മയ്ക്ക് സങ്കടം തോന്നിയിട്ടുണ്ടാവും. "കഞ്ഞി കുടിക്കുന്നോ മോനേ' എന്ന് അവർ ചോദിച്ചു. കഞ്ഞി വേണ്ടെന്നും അല്പം കഞ്ഞിവെള്ളം തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു. അല്പം പരിപ്പുകറി ഒഴിച്ച കഞ്ഞിവെള്ളമാണ് ആ അമ്മ കൊണ്ടുവന്നു തന്നത്.
എവിടെ പോയതാണ് എന്നവർ ചോദിച്ചപ്പോൾ എനിക്ക് കള്ളം പറയുവാൻ തോന്നിയില്ല. കോതറാണിയെക്കുറിച്ച് പറയാൻ ആ അമ്മയ്ക്ക് നൂറു നാവായിരുന്നു. അതിനിടെ കത്തിപ്പോയ പഴയ കുടിപ്പള്ളിക്കൂടത്തെ ക്കുറിച്ചും അവർ പറഞ്ഞുതന്നു.

കോതറാണി
പുലയ രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്ന കോതറാണിയുടെ കഥ. അടിമവംശം എന്ന് മുദ്രകുത്തപ്പെടുന്നതിനു മുമ്പ്, നാടുവാഴികളായിരുന്ന കുലങ്ങളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കൽ. വാഴ്ത്തി എഴുതപ്പെട്ട വേണാട്-തിരുവിതാംകൂർ ചരിത്രത്തിനു നേരേ ചോദ്യത്തിന്റെ വാളോങ്ങുന്ന പുലയനാർ കോട്ടയുടെയും കൊക്കോതമംഗലത്തിന്റെയും വീണ്ടെടുക്കൽ. വിസ്മൃതിയിൽ തീപ്പെട്ട ഭൂതകാലത്തിനെ ഭ്രമത്തിന്റെയും മറിമായത്തിന്റെയും നേർത്തനൂലിൽ കോർത്ത് സമകാലികതയുമായി വരിഞ്ഞുമുറുക്കുന്ന മാജിക്കൽ റിയലിസം നിറഞ്ഞ ആഖ്യാനം. ഡി സി ബുക്സ് നോവൽ പുരസ്‌കാര ജേതാവ് കിംഗ് ജോൺസിന്റെ പുതിയ നോവൽ

കിംഗ്‌ ജോൺസ്


Related Articles