ഖദീജ: അദ്ധ്യായം ഒന്ന്

World of Letters

ഖദീജ: അദ്ധ്യായം ഒന്ന്


മജീദിക്കാന്റെ ചായയ്ക്ക് അന്നും ഇന്നും ഒരേ കടുപ്പമാണ് മധുരമാണ്. അബൂക്ക വന്നിരുന്നാൽ മതി, ചായയ്ക്ക് പറയുകപോലും ചെയ്യേണ്ട. കടുപ്പം കൂട്ടി, മധുരം പാകത്തിന്, പാല് കടുപ്പത്തെ ബാധിക്കാതെ മാറ്റിമാറ്റി അടിച്ചടിച്ചു മജീദിക്കാന്റെ കൈയിലെ ഒരു ഗ്ലാസിൽ നിന്നും മറ്റേ കൈയിലെ ഗ്ലാസ്സിലേക്ക് നീണ്ടവരപോലെ ഒഴിച്ചൊഴിച്ചു പതപ്പിച്ചെടുത്ത ഒരു കറക്ക് ചായ. അതിങ്ങനെ അബൂ​ക്കാന്റെ മുന്നിലെത്തും, അബൂക്കാന്റെ കടുപ്പവും മധുരവു​മൊക്കെ മജീദിക്കായ്ക്ക് അബൂക്കയോളംതന്നെ അറിയാം.

കൊഴുപ്പ് കണ്ടിട്ടില്ലാത്ത ശരീരം, നെഞ്ചിലെ എല്ലുകളൊക്കെ ഇട്ടിരിക്കുന്ന വെള്ള ബനിയനിടയിലൂടെ കാണാം, കള്ളിത്തുണി, തലയിൽ ചെറിയ തോർത്തുമുണ്ട് കൊണ്ടൊരു കെട്ടും. അതാണ് മജീദിക്ക... കശുവണ്ടിയുടെ വിലതൊട്ട് അമേരിക്കയിലെ പ്രസിഡ​ണ്ടിന്റെ തെരഞ്ഞെടുപ്പുവരെ ചർച്ചയാകുന്ന ആ ചായക്കട​ചർച്ചകളിലെ അധ്യക്ഷൻ. മജീദിക്കാന്റെ ചായക്കടയാണ് നാട്ടിൽ അബൂക്കയുടെ ഇഷ്ടകേന്ദ്രം. മജീദിക്കാന്റെ വാപ്പ സുലൈമാനിക്ക​യുള്ള കാലംതൊട്ടേ അബൂക്കായ്ക്ക് ആ ചായക്കടയിലെ ഓർമ്മകളുണ്ട്. രണ്ട് ബെഞ്ചും അതിന് ഒത്ത രണ്ട് ഡെസ്കും. ഡെസ്കിൽ ഒന്നിന് ഇത്തിരി ആട്ടമുണ്ട്. പക്ഷേ, പൊട്ടില്ല, വീഴുകയും ഇല്ല. പല്ലി ചിലയ്ക്കുന്നതുപോലെ ചെറിയൊരു ശബ്ദം ആ ആട്ടത്തിന് ഒപ്പമുണ്ടാകും. അങ്ങേമൂലയിൽ പലഹാരം നിറച്ച ഒരു ഗ്ലാസിന്റെ അലമാരയും മറുതലയ്ക്കൽ ഒരു മേശയും അതിന്റെ മുകളിൽ മൂന്ന് കുപ്പികൾ. ഭക്ഷണത്തിന്റെ കാശുകൊടുക്കുന്നവർക്ക് ബാക്കികൊടുക്കാൻ ചില്ലറയില്ലെങ്കിൽ പകരം കൊടുക്കാനുള്ള മിഠായിയും ഒന്ന് രണ്ടു പലഹാരങ്ങളും മറ്റും ആ കുപ്പികളിൽ നിറഞ്ഞി​രിക്കും. ഒന്നോ രണ്ടോ പത്രം എന്നും അവിടെ ഉണ്ടാകും. ലക്ഷണ​മൊത്ത എല്ലാ ചർച്ചകളും തകൃതിയായി നടക്കാറുള്ള സ്ഥലമാണ് മജീദിക്കാന്റെ ചായക്കട. മജീദിക്കാന്റെ ചായക്കടയും അവിടെ ഇരുന്നുള്ള വീമ്പുപറച്ചിലും കുശലംപറച്ചിലും, കൂടെ ഇത്തിരി ആഗോള​ചർച്ചകളും ഇന്നാട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

“എവിടെന്നാ കുഞ്ഞൂഞ്ഞാനെ വരുന്നത്, ആകെ വിയർ​ത്തല്ലോ?”


Related Articles