നാഗ്ഹമാദി രേഖകൾ, ഡമാസ്‌ക്കസ് രേഖകൾ, ചാവുകടൽ ചുരുളുകൾ, ജ്ഞാനവാദഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ പേരുകളിൽ അടയാളപ്പെടുത്തപ്പെട്ട ഒട്ടേറെ ചർമ്മലിഖിതങ്ങളും പാപ്പിറസ് ലിഖിതങ്ങളും അടുത്തകാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. യേശുക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും എന്നതുപോലെ, പുരാതന മദ്ധ്യധരണി ഭൂപ്രദേശത്തെ ജനജീവിതത്തിലേക്കു വെളിച്ചം വീശുന്ന പല ലിഖിതങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഗവേഷകകരങ്ങളിൽ എത്തിച്ചേർന്നുകൊണ്ടാണിരിക്കുന്നത്. ഇവയിൽ ചിലതൊക്കെ നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ബൈബിളിലെ വിവരണങ്ങളും ആയി പൊരുത്തപ്പെടുന്നവയും ചിലതൊക്കെ തീർത്തും പൊരുത്തപ്പെടാത്തവയും ആണ്. പ്രതിയോഗികളുടെ ഗ്രന്ഥങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്ന ഏർപ്പാട് എല്ലാ സംസ്‌കാരങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവ വരുംതലമുറയെ ലക്ഷ്യമാക്കി ഭൂഗർഭത്തിൽ ഒളിപ്പിക്കുകയായിരുന്ന പതിവ് എന്നനുമാനിക്കാവുന്നതാണ്. അങ്ങനെ ഒളിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളുടെഭാഗികമായ അവശിഷ്ടങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള മേൽപ്പറഞ്ഞ ലിഖിതങ്ങൾ.
1945 ഡിസംബറിലാണ് നാഗ്ഹമാദിരേഖകൾ കണ്ടെടുക്കപ്പെട്ടത്. ഉത്തര ഈജിപ്തിലെ കെയ്‌റോ നഗരത്തിൽ നിന്നും 300 മൈൽ തെക്കായി നൈൽ നദിതീരത്തുള്ള നാഗ്ഹമാദി എന്ന അറിയപ്പെടാതെ കിടന്ന ഒരു കുഗ്രാമത്തിൽ സ്വന്തം വയലിൽ കൃഷിപ്പണിയിൽ മുഴുകിയിരുന്ന ഒരുകൂട്ടം കർഷകർക്കു ഭൂഗർഭത്തിൽ നിന്നു ലഭിച്ച ഒരു സാധാരണ മൺഭരണിയിലെ പുരാവസ്തു രേഖകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. 52 രേഖകളങ്ങിയ 13 തുകൽ ചുരുളുകളായിരുന്നു അവ. ഇതിന് പുറമെ 1947-56 കാലത്ത് ചാവുകടലിന്റെ (Dead Sea‑) വടക്കു പടിഞ്ഞാറൻ തീരങ്ങളിൽനിന്നും കണ്ടെടുക്കപ്പെട്ട പുരാതന ഹീബ്രു കൈയെഴുത്തു പ്രതികളുടെ ശേഖരം ബി.സി.3-ാം നൂറ്റാണ്ടു മുതൽ എ.ഡി. 2-ാം നൂറ്റാണ്ടുവരെയുള്ള പുരാതന ഹീബ്രു ജനതയുടെ ജീവിതത്തിന്റെ പല ഏടുകളും ഉൾക്കൊള്ളുന്നതായിരുന്നു. ചാവുകടൽ ചുരുളുകളെന്നറിയപ്പെട്ട ഈ പുരാലിഖിതങ്ങൾ യഹൂദന്മാരുടെ ഇടയിൽ നിലവിലുണ്ടായിരുന്ന പൊതുസമൂഹത്തിൽനിന്നും വേറിട്ട സവിശേഷമായ ചില ജീവിതശൈലികൾ പിന്തുടർന്നിരുന്ന ഖുംറാൻ (Qumran) സമൂഹത്തെക്കുറിച്ചും തത്തുല്യമായ മറ്റൊരു ജീവിതശൈലി പിന്തുടർന്നിരുന്ന എസ്സീനിയർ എന്ന മറ്റൊരു മതവിഭാഗത്തിന്റെ ജീവിതദർശനങ്ങളെകുറിച്ചും ഉള്ള നിരവധി രേഖകൾ ഉൾപ്പെട്ടതാണ്. ഇവർ അക്കാലത്തെ മതതീവ്രവാദ സമീപനം പുലർത്തിയിരുന്ന സീലോട്ടുകൾ (Radicals) ആയിരുന്നു എന്നാണനുമാനം. മലയാളം ബൈബിൾ ഇവരെ 'എരിവുകാർ' എന്നു വിളിക്കുന്നു. അവർ തങ്ങളുടെ കാലത്തെ ഭൂരിപക്ഷ വിഭാഗമായിരുന്ന യഹൂദ ജനതയുടെ കാഴ്ചപ്പാടുകളെ നിരാകരിക്കുകയും ലോകത്തെ നന്മയ്ക്കും തിന്മയ്ക്കും ഇടയിലായി പരുഷമായി വേർതിരിച്ചു കാണുകയും ചെയ്തിരുന്നു എന്നാണ് ഈ ലിഖിതങ്ങൾ തെളിയിക്കുന്നത്. എഡി. 66 മുതൽ 77വരെയുള്ള കാലത്ത് ഈ സമൂഹങ്ങൾ ക്രൂരമായി വേട്ടയാടപ്പെടുകയും ഈ രേഖകൾ ഭൂഗർഭത്തിലൊളിപ്പിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്നു.
