പണ്ടുപണ്ടൊരിക്കൽ വിശുദ്ധമായ ഹെലിക്കോൺ പർവതത്തിൽ ആട്ടിൻകൂട്ടത്തെ മേയ്ച്ചു നടന്നിരുന്ന ഹീസിയോഡിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട പ്രചോദനത്തിന്റെ ദേവതകൾ (Muses) പറഞ്ഞ വാക്കുകളിങ്ങനെ:
“സത്യമെന്നു തോന്നുന്ന മട്ടിൽ നുണകൾ എങ്ങനെ പറയണമെന്നു ഞങ്ങൾക്കറിയാം; വേണമെന്നുള്ളപ്പോൾ സത്യം എങ്ങനെ പറയണമെന്നുമറിയാം.” 1
ക്രി.മു. എട്ടാം നൂറ്റാണ്ടിനൊടുവിൽ ഹോമറിനു സമകാലികനായി ജീവിച്ചു എന്നു കരുതപ്പെടുന്ന ഹീസിയോഡ് എന്ന കവിയുടെ തിയോഗണി എന്ന കാവ്യം തുടങ്ങുന്നത് ഈ പ്രചോദനദേവതകളെ സ്തുതിച്ചുകൊണ്ടാണ്. തുടർന്നുള്ളതാണ് ഈ ഭാഗം. കലയിലെയും സാഹിത്യത്തിലെയും ഒന്നു പറഞ്ഞു മറ്റൊന്ന് അർത്ഥമാക്കുന്ന മനോഹരമായ നുണകളിലേയ്ക്കും വേണ്ടിവരുമ്പോൾ മാത്രം അവ നേരിട്ടു പറയുന്ന സത്യങ്ങളിലേയ്ക്കുമൊക്കെ എത്ര സ്വാഭാവികമായ ഒരു പ്രവേശകം! കവിതയുടെയും കലയുടെയും അടിസ്ഥാനം ദിവ്യപ്രചോദനമാണ് എന്ന വിശ്വാസത്തിനും അത്ര പഴക്കമുണ്ട്. ഇതു പറഞ്ഞ പ്രചോദനത്തിന്റെ ദേവതകളാണ് ഹീസിയോഡിനെ മധുരഗാനങ്ങൾ പാടാൻ പഠിപ്പിച്ചത്. ഇവരുടെ പേരുകളും കവി നല്കുന്നുണ്ട്:
