കാലാവസ്ഥാ പ്രതിസന്ധിക്കാലത്തെ ചരിത്രവീക്ഷണം

World of Letters

കാലാവസ്ഥാ പ്രതിസന്ധിക്കാലത്തെ ചരിത്രവീക്ഷണം


പാരിസ്ഥിതിക ചരിത്രം ബിരുദക്ലാസ്സുകളിൽ ചർച്ച ചെയ്യുന്നതിനും ദില്ലി സർവകലാശാലയുടെ പാരിസ്ഥിതിക ചരിത്രകോഴ്‌സുകൾ തയ്യാറാക്കുന്നതിനുംവേണ്ടി നടത്തിയ വായനകളുടെ തുടർച്ചയാണ് ഈ പഠനം. പാരിസ്ഥിതികചരിത്രം പ്രാധാന്യത്തോടെ വായിക്കപ്പെടുന്ന കാലമാണിത്. ദശാബ്ദങ്ങൾ വേണ്ടിവരും പാരിസ്ഥിതിക സാമൂഹ്യശാസ്ത്ര മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങൾ വായിക്കണമെങ്കിൽ. കാലാവസ്ഥാപ്രതിസന്ധിയും പാരിസ്ഥിതികാഘാതങ്ങളും ചരിത്രഗതി മാറ്റുമെന്ന് ലോകം തിരിച്ചറിയുന്ന കാലത്താണ് ചരിത്രരചനയിലും ഈ പ്രശ്‍നങ്ങൾ പ്രധാനമാകുന്നത്. കമ്പോളവ്യവസ്ഥിതിക്ക് മേൽക്കൈയുള്ള ആധുനിക ലോകക്രമത്തെ പൊളിച്ചെഴുതിയാൽ മാത്രമാണ് ഭൂമിയുടെ നിലനിൽപ്പ് സാധ്യമാകൂ എന്നത് പൊതുബോധത്തിൽ ചെറുതായെങ്കിലും വേരുപിടിച്ചു തുടങ്ങുന്നുണ്ട്. ആധുനികസംസ്കാരം പൊളിച്ചെഴുതപ്പെടുമ്പോൾ ഭാവിസമൂഹം എങ്ങനെയുള്ളതാവണം എന്ന ആലോചന ചരിത്രഗവേഷണത്തിലും പ്രധാനമാണ്. കാരണം, സമൂഹത്തിന്റെ പരിണാമപാതയിൽ പിന്നോട്ട് പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ് (റിയർ വ്യൂ മിറർ) വിമർശനാത്മക ചരിത്രവീക്ഷണം. സമകാലികലോകത്തിലെ യാഥാർഥ്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നതിന് അനിവാര്യമായ പഠനമേഖലയാണിത്.

വരേണ്യസങ്കല്പത്തിലുള്ള ചരിത്രവും യഥാർത്ഥ മനുഷ്യജീവിതവും തമ്മിലുള്ള അന്തരം വരച്ചിടുകയാണ് സാമൂഹ്യചരിത്രം (social history) ലക്ഷ്യമാക്കുന്നത്. സാമൂഹ്യചരിത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മനുഷ്യ-പ്രകൃതി പാരസ്പര്യം വിശകലനം ചെയ്യുന്ന പഠനമേഖലയാവണം പാരിസ്ഥിതികചരിത്രം. എല്ലാവർക്കും ഇടമുള്ള ഒരു പുതുഭൂമി സങ്കല്പിക്കാനുള്ള ചിന്തയുടെ വ്യാകരണം കൂടിയാവണത്. ഫോസിൽ ഊർജ്ജസ്രോതസ് ആശ്രയിച്ചു ലോകം കീഴടക്കിയ മുതലാളിത്തലോകക്രമത്തിന്റെ ബാക്കിപത്രമാണ് പാരിസ്ഥിതിക പ്രതിസന്ധി. നഗരവത്കരണവും പ്രകൃതിയെ വിഭവങ്ങളാക്കുന്ന വാണിജ്യവത്കരണവും ഫോസിൽ ഇന്ധനം സാധ്യമാക്കിയ വ്യവസായവത്കരണവും യുദ്ധവെറിയും പുരുഷാധിപത്യവും ചേർന്ന് രൂപപ്പെടുത്തിയ സാമൂഹ്യാനുഭവമാണത്. മനുഷ്യയുഗം (Anthropocene) പോലുള്ള ആശയങ്ങൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഉത്തരവാദിത്വം എല്ലാ മനുഷ്യരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. കാലാവസ്ഥാചരിത്രം എന്ന പുതിയ പഠനമേഖലയിലും മനുഷ്യയുഗസങ്കല്പനം വേരുറപ്പിച്ചുതുടങ്ങി. ജനപ്പെരുപ്പമാണ് പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് പുതുമാൽത്തൂസിയൻ ചരിത്രഗവേഷകർ പറയുന്നു. ഭൂരിപക്ഷത്തിന്റെ തൊഴിൽശേഷിയെ ചൂഷണംചെയ്യുകവഴി മുതലാളിത്തലോകക്രമം പ്രകൃതിയെ വിഭവങ്ങളാക്കുന്നതും അവ നഗരവാസികളായ സമ്പന്നരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നതുമാണ് ദാരിദ്ര്യത്തിന്റെയും പാരിസ്ഥിതിക പ്രതിസന്ധികളുടെയും അടിസ്ഥാനമെന്നത് അവഗണിക്കപ്പെടുന്ന വസ്തുതയാണ്. ‘പാരിസ്ഥിതിക സാമ്ര്യാജ്യത്വം’ (Crosby, 1986) എന്ന് വർത്തമാനകാലലോകം കടന്നുപോകുന്ന അവസ്ഥയെ വിശേഷിപ്പിക്കാം.


Related Articles