കാലത്തിനു മീതെയുള്ള യാത്ര

World of Letters

കാലത്തിനു മീതെയുള്ള യാത്ര


സഹ്യപർവ്വതനിരകൾക്കു മേലെ, മഞ്ഞിന്റെ മറകൾക്ക് പിന്നിൽ, മനുഷ്യന്റെ ഉത്പത്തിയോളം പഴക്കം ചെന്ന ചരിത്രങ്ങൾ മൺമറഞ്ഞ് കിടക്കുന്നു. അവയിലേക്ക് നമ്മെ ബന്ധിപ്പിക്കുന്ന നേരിയ കണികകൾ, വാമൊഴിയായി കൈമാറി വന്ന കഥകൾ മാത്രമാണ്. ആ കഥകളിലെ ബാക്കിപത്രമെന്നോണം പാണ്ഡവർമേടും വള്ളിയാങ്കാവും രാമക്കൽമേടും മംഗളാദേവിയുമൊക്കെ ഇപ്പോഴും അവിടെ നിലകൊള്ളുന്നു. ത്രേതായുഗത്തിൽ സഹ്യനിലൂടെ നടന്ന രാമന്റെയും ദ്വാപരയുഗത്തിൽ വിഹരിച്ച പാണ്ഡവരുടെയും യാത്രകളിൽനിന്ന് അടർന്നുവീണ ഐതിഹ്യങ്ങൾക്ക്, സഹ്യനോളം വലുപ്പമുണ്ട്. അവയുടെ താഴ്‌വാരങ്ങളിൽ നാമ്പിട്ട്, കാലങ്ങൾകൊണ്ട് വേരറ്റുപോയ കഥകളുമുണ്ട്. ഐതിഹ്യങ്ങൾ ഇടതിങ്ങി വളർന്ന വനങ്ങളിലേക്ക് പില്കാലത്ത് തേയിലനാമ്പുകൾ കടന്നുവന്നു. നൂറ്റാണ്ടുകളുടെ ചരിത്രസാക്ഷികളായി നിലകൊണ്ട നിബിഡവനങ്ങൾ, ഒന്നൊന്നായി അഗ്നിയിലമർന്ന് തോട്ടങ്ങളായി പുനർജനിച്ചു. അവയ്ക്കൊപ്പം ചാരമായിപ്പോയ ഐതിഹ്യങ്ങളിൽനിന്നും അവശേഷിച്ച ചിലതിനെ ആരൊക്കെയോ നട്ടുവളർത്തി വലുതാക്കി, തലമുറകൾക്ക് കൈമാറി. അങ്ങനെ കൈമാറി വന്ന നിരവധി കഥകളുടെ പശ്ചാത്തലത്തിൽനിന്നുമാണ് ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും ഉടലെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഹ്യനിലേക്ക് കുടിയേറിയവരുടെ അനുഭവങ്ങളിൽ, അസ്വാഭാവികത നിറഞ്ഞ ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അത്തരത്തിലുള്ള അനുഭവകഥകൾ, അവരുടെ പിൻതലമുറക്കാരിൽ മാത്രമായി ഒതുങ്ങിനിന്നു. ആ കാലഘട്ടത്തിൽ കാട് തെളിച്ചു, ഞാറു നട്ടു ജീവിച്ചവരിൽ പലർക്കും, നേരം പുലരുവോളം ജീവൻ നിലനിർത്തുക മാത്രമായിരുന്നു ലക്ഷ്യം. എഴുപതുകളുടെ പകുതിവരെയും ആ ജീവിതരീതിയിൽ വല്യ മാറ്റമൊന്നും കർഷകർക്ക് ഉണ്ടായിട്ടില്ല. ഇന്നും വന്യമൃഗങ്ങളുടെ ഭീതിയിൽ ജീവിക്കുന്ന നിരവധി മനുഷ്യരെ ഈ മലനിരകളിൽ കാണാം. ജീവൻ നിലനിർത്തുന്നതിനുള്ള യുദ്ധത്തിനിടയിൽപെട്ട് മറഞ്ഞുപോയ ഐതിഹ്യങ്ങൾ. ഏതൊരു ഐതിഹ്യത്തിന്റെയും കാമ്പിൽ, ആ കഥകളെയത്രയും ഭ്രമണപഥത്തിൽ നിർത്തുന്ന ഒരു സത്യത്തിന്റെ ഗുരുത്വാകർഷണം കുടിയിരുപ്പുണ്ടാവും. ആ സൗരയൂഥത്തിന്റെ സന്തുലനാവസ്ഥയെ നിലനിർത്തുന്നത്, സൂര്യനായ സത്യവും ചുറ്റും തിരിയുന്ന കഥകളിലെ ഏറ്റവും ആഴവും വ്യാപ്തിയും ഉള്ള, വ്യാഴത്തിന് സമാനമായ, ഒരു കഥയുമായിരിക്കും. 

Summary: Manu K Sajan writes about his novel, Ganimeed

ഗാനിമീഡ്
പെരിയാറിന്റെ വന്യതയിൽ നായാട്ടിന്റെയും അതിജീവനത്തിൻ്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങൾക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോർത്തിണക്കിയ നോവലാണ് മനു കെ. സാജൻ എഴുതിയ 'ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാർന്ന പ്രമേയപരിസരം ഈ നോവൽ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാൽ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാൻ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്.

മനു കെ. സാജൻ


Related Articles