ആരുടെ കണ്ണടയുടെ വികാസമാണ് ബൈസിക്കിൾ?

World of Letters

ആരുടെ കണ്ണടയുടെ വികാസമാണ് ബൈസിക്കിൾ?


'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ' എന്ന കവിതയുടെ രചനയ്ക്കു പിന്നിലെ അനുഭവങ്ങൾ.

എന്റെ ഓർമ്മ ഉദിക്കുന്ന കാലത്ത് വീട്ടിൽ ഒരു സൈക്കിൾ ഉണ്ടായിരുന്നു. അച്ഛൻ ആ സൈക്കിളിലാണ് ഏഴാം മൈലിലെ പ്രൈമറി സ്‌കൂളിൽ പഠിപ്പിക്കാൻ പോയത്. വയലിലേക്കും കടമ്പനാട്ടെ ചന്തയിലേക്കും പോയത്. ചവറയിൽ അമ്മയുടെ വീട്ടിലേക്കും ശാസ്താംകോട്ടയിലെ സബ് രജിസ്ട്രാറാഫീസിലേക്കും എ.ഇ.ഒ. ഓഫീസിലേക്കും പോയത്. അടൂരിലെ ബാങ്കിൽനിന്ന് പണയപ്പണ്ടം തിരിച്ചെടുക്കാൻ പോയത്. ശൂരനാട്ടെ സർക്കാരാശുപത്രിയിലെ സ്‌നേഹിതൻ ഡോ. രാഘവനെ ക്കാണിക്കാൻ സുഖമില്ലാത്ത എന്നെയുംകൊണ്ടു പോയത്. സീറ്റിനു മുമ്പിലെ കമ്പിയിലായിരുന്നു എന്നെ ഇരുത്തിയത്. എനിക്കിഷ്ടം പിന്നിലെ സീറ്റിൽ ഇരിക്കാനായിരുന്നു. സുഖമില്ല. കാറ്റുകൊണ്ട് ഉറങ്ങിപ്പോവും. വീണുപോവും. വേണ്ട എന്ന് അച്ഛൻ അതു തടഞ്ഞു. ഇത്തിരി കഴിഞ്ഞപ്പോൾ കമ്പിക്കെന്നോട് ദേഷ്യം തുടങ്ങി. അതെന്നോട് പരുഷമായി. എനിക്ക് നൊന്തു തുടങ്ങി. കമ്പി പൊള്ളുന്നെന്നു തോന്നി. മുന്നിൽ കുട്ടിസീറ്റ് അന്നില്ല. പിൻസീറ്റിലിരുന്നു യാത്രചെയ്യുന്ന കുട്ടികളുമായി പല സൈക്കിളും എതിരേ വന്നുപോയി. പിൻസീറ്റിലേക്കൊരുപ്രൊമോഷൻ എന്നെങ്കിലും എനിക്കും കിട്ടും. എന്റെ ഇരുവശവും അച്ഛന്റെ കാലുകൾ ഒരേ താളത്തിൽ ഉയർന്നു താണുകൊണ്ടിരുന്നു. ഇറക്കത്തിൽ മൂക്കുകയർ മുറുകിയ കാളയെപ്പോലെ സൈക്കിൾ മുരളുന്നുണ്ടായിരുന്നു. കയറ്റം പാതി ചവിട്ടിക്കേറി. ബാക്കി അച്ഛൻ ഇറങ്ങി ഉന്തിക്കയറ്റി.

വയൽനടുവിലൂടെ ശൂരനാട്ടേക്കുള്ള യാത്രയിൽ കണ്ടങ്ങളും ആളുകളും കാളവണ്ടികളും തെങ്ങുകളും പിന്നിലേക്കകലുന്നുണ്ടായിരുന്നു. സൈക്കിളിന്റെ വേഗപ്പാട്ട് എനിക്ക് കേൾക്കാമായിരുന്നു. റോഡിന്റെ ചെമ്മൺ നിലത്ത് ചെറിയ ചരലുകൾ വരിവരിയായി ചിത്രപ്പെടുന്ന മായികം ഞാൻ നിർവൃതിയോടെ കണ്ടിരുന്നു.


Related Articles