രണ്ട് താക്കോലുകൾ

World of Letters

രണ്ട് താക്കോലുകൾ


വൈക്കം മുഹമ്മദ് ബഷീറിന്റെ ‘അനർഘനിമിഷം' (1947) ഏത് സാഹിത്യവിഭാഗത്തിൽപെട്ടതാണെന്ന് ബഷീർ സമ്പൂർണ്ണകൃതികളുടെ ഒന്നാം വാല്യത്തിൽ (ഡി സി ബുക്‌സ്:1994) കൊടുത്തിട്ടില്ല. കഥ​യുണ്ട്. കഥയില്ലായ്മയുണ്ട്. അസ്തി​ത്വദർശനത്തിന്റെ വ്യഥയുണ്ട്. നീറ്റ​ലുണ്ട്. ‘അനർഘനിമിഷ'ത്തിനുള്ളി​ൽ അനർഘനിമിഷമടക്കം പത്തു രചന​കളുണ്ട്. ആകെ നാല്പ​ത്തിയേഴ് പുറങ്ങൾ. അവ തുടർച്ചയായ രചന​കളാണോ, ബഷീർ പറ​യുന്നില്ല. ഓരോന്നിലും വ്യത്യസ്ത ആഖ്യാനരൂപങ്ങളാണ്. അതിലെ ഏഴാമത്തെ രചനയാണ് ‘പൂനിലാവിൽ.'

‘അനർഘനിമിഷ'ത്തെക്കുറിച്ചുള്ള ഒരു ലേഖനം എഴുതുന്നതിനിടയിലാണ് സ്വാഭാവികമായും ‘പൂനിലാവിൽ' എത്തുന്നത്. യുവാവായിരിക്കുമ്പോ​ൾ വായിച്ചിട്ടുണ്ട്; പത്ത് വർഷം മുമ്പും. അക്കാലത്ത് ആന​ന്ദിന്റെ ‘താക്കോൽ' എന്ന കഥ (‘മാതൃ​ഭൂമി’ കഥയെ നോവലാക്കി 2024-ൽ പ്രസിദ്ധീകരിച്ചു) വന്നിട്ടില്ല. ‘പൂനിലാവിൽ' വായിച്ചുകഴിഞ്ഞപ്പോൾ, ഈ രചനയുടെ പരിസരംതന്നെയല്ലേ ‘താക്കോലി'ന്റേതും എന്നു തോന്നി. ‘താക്കോൽ' എന്ന കഥ വീണ്ടും വായിച്ചു. സംശയം ശരിയാണ്. എഴുപത്തിയെട്ടു വർഷത്തിന്റെ വിടവിൽ ബഷീറിനെ വീണ്ടും വളരെ വ്യത്യസ്തമായ ഒരു തലത്തിൽ വായിക്കുന്നതായി അനുഭവപ്പെട്ടു.

ബഷീറിന്റെ എഴുപത്തിയെട്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച ‘പൂനി​ലാവിൽ' ആനന്ദ് പണ്ട് വായിച്ചിട്ടുണ്ടാകാം. ഇല്ലായിരിക്കാം. സ്വകാര്യ സംഭാഷണങ്ങളിൽ ആനന്ദിന് ബഷീ​ർ​രചനകളോടു താത്പര്യമില്ല. ബോ​ധി​സത്വന്റെ സൗമ്യതയോടെ അക്കാ​ര്യം ആനന്ദ് അമൃത്‌ലാലുമായുള്ള സംഭാഷണത്തിൽ (ഒടുവിൽ പുസ്തകങ്ങൾമാത്രം അവശേഷിക്കുന്നു: ഡിസംബർ 2024: ഐവറി ബുക്‌സ്) പറയുന്നു. ‘എന്നെ മറ്റെഴുത്തുകാർ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാനാവില്ല. ഒന്നാമത്, ഞാനധികമൊന്നും വായി​ച്ചിട്ടില്ല. വായിച്ചത് കൂടുതലും ഇംഗ്ലി​ഷായിരുന്നു. മലയാളത്തിൽ തകഴി, പൊൻകുന്നം വർക്കി, ഉറൂബ്, പൊറ്റെക്കാട്ട് തുടങ്ങിയ എഴുത്തുകാർ പരിചിതരായിരുന്നു.' അമൃത്‌ലാൽ എടുത്ത് ചോദിക്കുന്നു: ‘‘ബഷീറോ?'’ ആനന്ദ് ‘‘തീർച്ചയായും ബഷീറുണ്ട്. പക്ഷേ, ബഷീർ എന്നെ സ്വാധീനിച്ചിട്ടേയില്ല.''


Related Articles