"ഞാൻ സ്വരുക്കൂട്ടുന്ന പദങ്ങളെല്ലാം
ഞാൻ എഴുതുന്ന വാക്കുകളെല്ലാം
ചിറകുകൾ വിടർത്തി തളരാതെ
യാത്രയിൽ ഒരിട പോലും നിൽക്കാതെ
പറക്കണം നിൻ്റെ നീറുന്ന നെഞ്ചിലെത്തും വരെ
പാടണം രാത്രി പുലരും വരെ
ഇളകുന്ന അരുവിക്കുമപ്പുറം
കൊടുങ്കാറ്റിൻ്റെ ഇരുളിമയിലും,
നിലാവിൻ്റെ തെളിമയിലും." (1)
Where My Books Go എന്ന ഈ കവിത എഴുതിയ ആ മനുഷ്യൻ്റെ ഭ്രമം കവിതയിലായിരുന്നില്ല, ചിത്രകലയിലും നാടകത്തിലുമായിരുന്നു. ഒരു പോർട്രെയ്റ്റ് പെയ്ൻ്ററുടെ മകനായിരുന്ന അയാൾ അതുകൊണ്ടായിരിക്കണം വിഷ്വൽ ആർട്സ് പഠിക്കാൻ തീരുമാനിച്ചതും ഡബ്ലിനിലെ മെട്രോപൊളിറ്റൻ സ്കൂൾ ഓഫ് ആർട്സിൽ ഫൈൻ ആർട്സ് കോഴ്സിന് ചേർന്നതും. രണ്ടു വർഷത്തെ പഠനം അയാളെ അറിയപ്പെടുന്ന ചിത്രകാരനാക്കിയില്ല; നാടകക്കാരുമായുള്ള നിരന്തര സംസർഗ്ഗം അയാളെ നാടകകൃത്തുമാക്കിയില്ല, പകരം ഇംഗ്ലീഷ് കവിതാ സാഹിത്യത്തിലെ ശോഭയുള്ള നാമങ്ങളിലൊന്നാക്കി മാറ്റി. ചിത്രകലയിലെ താൽപ്പര്യം അയാളുടെ കവിതകൾക്ക് ദൃശ്യഭാവം നൽകി. നാടകകലയ്ക്കും ചിത്രകലയ്ക്കും വന്ന നഷ്ടം ഇംഗ്ലീഷ് കവിതയ്ക്ക് വില്യം ബട്ലർ യേറ്റ്സ് (W. B. Yeats) എന്ന ലാഭമായി മാറി. ആ ലാഭത്തിൻ്റെ കണക്കെടുപ്പിൽ "എൻ്റെ മകൾക്കായി ഒരു പ്രാർത്ഥന" (A Prayer for my Daughter), "ബൈസാൻ്റിയത്തിലേക്കുള്ള ജലയാത്ര" (Sailing to Byzantium), "പ്രായമാകുമ്പോൾ" (When You Are Old), "കൂളെയിലെ കാട്ടു ഹംസങ്ങൾ" (Wild Swans at Coole), "ഒരു ഐറിഷ് വൈമാനികൻ തൻ്റെ മരണത്തെ പ്രവചിക്കുന്നു" (An Irish Airman Foresees His Death) എന്നിവയെ കൂടാതെ "രണ്ടാം വരവ്" (The Second coming) എന്നൊരു കവിതാ സമാഹാരവുമുണ്ടായിരുന്നു, ഈ സമാഹാരത്തിൽ അതേ പേരിൽ ഒരു കവിതയും. ആ കവിത ഇങ്ങനെ തുടങ്ങുന്നു:
"വലുതായി വരുന്ന ചുഴലിയിൽ പെട്ട് തിരിഞ്ഞു കൊണ്ടേയിരിക്കുന്ന
പ്രാപ്പിടിയൻ പക്ഷിയ്ക്ക് വേടൻ്റെ വരവ് കേൾക്കാനാകുന്നില്ല.
സർവ്വവും തകർന്നു വീഴുന്നു; നടുഭാഗം ഇടിഞ്ഞു വീഴുന്നു,
ലോകമാകെ അരാജകത്വം പടരുന്നു..." (2)
