അതിദീർഘങ്ങളായ രാത്രികൾ താണ്ടാൻ കഥയെന്ന കൂട്ട്

World of Letters

അതിദീർഘങ്ങളായ രാത്രികൾ താണ്ടാൻ കഥയെന്ന കൂട്ട്


കഥകളോട് അവസാനിക്കാത്ത ഇഷ്ടമുണ്ടായിരുന്നു. അങ്ങനങ്ങനെയെപ്പോഴോ ആണ് അക്കാലത്തെ മിക്കവരെയും പോലെ നോട്ബുക്കിലൊക്കെ കഥകളെഴുതിത്തുടങ്ങിയത്. പല ബുക്കുകളിലായി ഒരിക്കലും പൂർത്തിയാക്കാത്ത ആ കഥകൾ ചിതറിക്കിടന്നു. പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ വായിക്കുമ്പോൾ ഇതുപോലെ എഴുതാൻ കഴിഞ്ഞെങ്കിലെന്നു മോഹിച്ചു. അങ്ങനെയൊരിക്കലും എഴുതാനാവില്ലെന്ന തിരിച്ചറിവും വ്യത്യസ്തമായ അനുഭവങ്ങളുടെ അഭാവവും ജീവിതത്തിൽ അറിഞ്ഞും അറിയാതെയും അടിച്ചേല്പിക്കപ്പെട്ട മൗനവുമൊക്കെ കാരണമാവാം ദീർഘകാലം ഒന്നുമെഴുതാതെയുമിരുന്നു. വളരെ വൈകിയാണ് എഴുത്തിലേക്കു തിരിച്ചുവന്നത്.

എഴുതിയാലേ ജീവിക്കാനാവൂ എന്നോ എഴുതി പ്രശസ്തയാവണമെന്നോ വിചാരിച്ചിരുന്നില്ല. ജീവിതം മുന്നോട്ടു പോകാൻ വ്യത്യസ്തമായതെന്തെങ്കിലും വേണം എന്ന തോന്നലുണ്ടായപ്പോഴായിരിക്കും എഴുതാൻ തുടങ്ങിയത്. 22 വയസ്സിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ മത്സരത്തിനെഴുതിയ അവസാനത്തെ കഥയ്ക്കു ശേഷം അത്രയും തന്നെ വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കഥ എഴുതിത്തുടങ്ങുമ്പോൾ സ്വാഭാവികമായും വളരെ അങ്കലാപ്പും ആരാണ് എൻ്റെ കഥകൾ വായിക്കുകയെന്ന സന്ദേഹവും ഉണ്ടായിരുന്നു. അത്തരം ആശങ്കകളെ എനിക്ക് എൻ്റെയുള്ളിൽത്തന്നെ നേരിടേണ്ടിയുമിരുന്നു.

നാലാമത്തെ കഥാസമാഹാരമാണ് 'രാത്രിയോ അതിദീർഘം'. കഥയെഴുതാൻ സ്വന്തം അനുഭവങ്ങൾ തന്നെ വേണ്ടെന്നും ചുറ്റുമുള്ളതൊക്കെ, കേൾക്കുന്നതും കാണുന്നതുമെല്ലാം കഥയുടെ അസംസ്കൃതവസ്തുക്കളാണെന്നുമുള്ള തിരിച്ചറിവുണ്ടായപ്പോഴാവും എഴുത്തിലേക്കു മടങ്ങിവരാൻ സാധിച്ചത്. കടലാസിൽ വീണ മഷിത്തുള്ളി പോലെ മനസിൽ പടർന്ന ഒരു വാക്ക്, പേര്, സന്ദർഭം, സംഭാഷണം എന്തെങ്കിലുമുണ്ടാവും. ഏറെക്കാലം അതവിടെ കൂടുതൽ പടർന്നും നനഞ്ഞും കിടക്കുന്നുമുണ്ടാവും. അതിനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ടാക്കുന്നതിൻ്റെ സാധ്യതയെക്കുറിച്ച് ആലോചിക്കും. പക്ഷേ അത്തരം ആലോചനകളിൽ കഥ പൂർണമായും വ്യക്തമായും തെളിഞ്ഞു വരില്ല. കഥയാക്കണമെന്നു നിശ്ചയിച്ച് എഴുതാൻ തുനിയുമ്പോൾ മനസിലുള്ള വാക്കോ പേരോ സന്ദർഭമോ മാത്രമേ പകർത്താനുണ്ടാവൂ. അതിനു മുമ്പും പിമ്പുമുള്ള കാര്യങ്ങൾ, കഥാപാത്രങ്ങൾ, സംഭവങ്ങൾ ഒക്കെയും തനിയെ രൂപപ്പെട്ടു വരികയാണ്. പലപ്പോഴും എനിക്കു പോലും അറിയാത്ത വിധത്തിൽ, ഉണ്ടായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ ഒന്നുമറിയാത്ത വിധം അവ വന്നു ചേരും. ഒറ്റയടിക്കല്ല, പലപ്പോഴായി.


Related Articles