ജീവിതയാഥാർത്ഥ്യങ്ങളോട് ചേർന്ന എഴുത്ത്

World of Letters

ജീവിതയാഥാർത്ഥ്യങ്ങളോട് ചേർന്ന എഴുത്ത്


അവസാനമായി ഒരു കഥ എഴുതിയത് 2015–ലാണ്. ന്യൂമാൻ കോളേജിലെ ഡിഗ്രിപഠന കാലഘട്ടത്തിൽ. അതുവരെ പാഠപുസ്‌തകങ്ങൾക്കുള്ളിലെ താളുകളിലും നോട്ടുപുസ്‌തകങ്ങൾക്കവസാന പുറങ്ങളിലും യാതൊരു ബന്ധവുമില്ലാതെ എഴുതിക്കൂട്ടിയിരുന്ന വരികളോ ആശയങ്ങളോ കണ്ടിരുന്നത് എന്റെ ഏറ്റവും അടുത്ത ചുരുക്കം ചില സുഹൃത്തുക്കൾ മാത്രമായിരുന്നു. അവരിൽ ഒരാൾ, അമൽ, ഒരിക്കൽ അത്തരത്തിൽ ഒന്ന് കണ്ടെത്തി. ‘നീയിത് മുഴുവനെഴുത്... നമുക്ക് മാഗസിനിൽ കൊടുക്കാം' എന്ന് പറഞ്ഞത് ഞാനങ്ങ് സീരിയസായി എടുത്തു. അന്ന് അമലിന്റെ പ്രോത്സാഹനം ഒന്നു കൊണ്ടുമാത്രം എഴുതി തീർത്ത ആ ചെറുകഥ, ‘കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും', യാതൊരു പ്രതീക്ഷയും ഇല്ലാതെ കോളേജ് മാഗസിനിലേക്ക് കൊണ്ടുപോയി കൊടുത്ത് ആ സംഭവമേ മറന്നു പോയി കൃത്യം നാലു മാസങ്ങൾക്കിപ്പുറം അമൽതന്നെയാണ് അന്ന് മാഗസിനിൽ അച്ചടിച്ചുവന്ന എന്റെ കഥയുമായി ആദ്യം ക്ലാസിലേക്ക് എത്തിയതും. അന്നത്തെ നിറഞ്ഞ കൈയടികളും പ്രോത്സാഹനങ്ങളും കഴിഞ്ഞ് പിന്നീടങ്ങോട്ട് ഒരു വരിപോലും എഴുതാനാകാതെ കടന്നുപോയത് പത്ത് വർഷമായിരുന്നു. ആ പത്ത് വർഷത്തിനുശേഷം എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആൽബർട്ട്, അവന്റെ ആദ്യ നോവലിന്റെ അവതാരിക എഴുതാനായി എന്നെ തേടിയെത്തുന്നിടം വരെ എന്റെ എഴുത്തിനെ ഞാൻ പാടേ മറന്നുപോയിരുന്നു. അന്നാ ഉദ്യമം ഏറ്റെടുക്കാൻ മടിച്ചു നിന്ന എന്നോട് ‘നിന്നെക്കൊണ്ട് പറ്റും... ഒന്ന് എഴുതി നോക്കൂ...' എന്ന് പറഞ്ഞ് കൂടെനിന്ന എന്റെ നല്ല പാതി, ജിജോ മാഷിനും നന്ദി. അവിടെനിന്ന് അങ്ങോട്ട് നോവലിന്റെ ആദ്യാന്ത്യം ഇവരുടെ രണ്ടുപേരുടെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമോ സ്വപ്‌നമോ പ്രതീക്ഷയോ ഇല്ലാതിരുന്ന ഞാൻ ആ വലിയ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്. നോവലിനുള്ള ആശയവും മുന്നിലേക്ക് എത്തിയത് വെറും ആകസ്മികം മാത്രം എന്ന് കരുതി തള്ളിക്കളയുന്നതിനുമപ്പുറം ദൈവാനുഗ്രഹം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം വളരെ അപ്രതീക്ഷിതമായി ശ്രദ്ധയിൽ പെട്ട ഒരു വാർത്തയായിരുന്നു നോവലിന്റെ ആധാരം. ആ വാർത്ത തന്നെയായിരുന്നു ഈ നോവൽ എഴുതാനുള്ള എന്റെ പ്രചോദനവും. ആ വാർത്തയ്ക്കു ചുവടുപിടിച്ച് പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ എനിക്ക് മറ്റൊരു ലോകം കാണിച്ചുതന്നു. അപ്രസക്തരായി പോകുന്ന ആ ഒരു കൂട്ടം ജനതയെ അടയാളപ്പെടുത്തിവയ്ക്കാനുള്ള ഒരു ഉപാധിയായി ഞാനങ്ങനെ എന്റെ ആദ്യ നോവലിനെ കണ്ടു. അതുകൊണ്ടുതന്നെ ‘അനോലഖി' (അറിയപ്പെടാത്തവർ അല്ലെങ്കിൽ അപ്രസക്തർ) എന്ന പേര് ഈ നോവലിന് വേണ്ടി തിരഞ്ഞെടുക്കാൻ എനിക്ക് അധികമൊന്നും തിരിഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്നില്ല. എന്നാലീ കഥ ഒരിക്കലും യാഥാർഥ്യമാണ് എന്നെനിക്ക് അവകാശപ്പെടാനുമാകില്ല. എന്തെന്നാൽ എന്റെ കണ്ടെത്തലുകൾ പൂർണമായിരുന്നില്ല. ആയതിനാൽ ഞാനറിഞ്ഞ അപൂർണമായ അത്തരം സത്യങ്ങളെ, ആ സത്യങ്ങളെ ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞാൻ ഒരു മഹാരാജ്യത്തിന്റെ ഇങ്ങു തെക്കേ മൂലയിൽ ഒരിടത്തിരുന്ന് തീർത്തും ഭാവനകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു സങ്കല്പം മാത്രമാണിത്.  എന്നാലിത് നൂറു ശതമാനവും കളവാണെന്ന് പറയാനും വയ്യ കാരണം ചില സ്ഥലനാമങ്ങൾ, ചില വ്യക്തികൾ എന്നിവയെ നിങ്ങൾക്കു പരിചയം കാണും. യഥാർത്ഥമായ അത്തരം ഒരു ശതമാനം സത്യത്തെ ബാക്കിവരുന്ന ശതമാനത്തോട് കെട്ടുകഥകൾ കൂട്ടിക്കെട്ടി എഴുതിവെച്ചിരിക്കുന്ന ഒന്നാണിത്.

പൂർണ്ണമായും സാങ്കല്‌പികമായ ഒരു കഥ എന്നത് മാത്രമായിരുന്നു മനസ്സിലെങ്കിലും എഴുതിത്തുടങ്ങി കുറച്ചു കഴിഞ്ഞതോടെ സമൂഹത്തിൽ മുഴച്ചുനിൽക്കുന്ന ആ ജീവിതയാഥാർത്ഥ്യങ്ങളോട് ചേർന്നല്ലാതെ എഴുത്തിനെ മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് സാധിച്ചില്ല. ഒരുപക്ഷേ, ആദ്യ പത്രവാർത്തയിൽനിന്നും ആരംഭിച്ച് ആ വിഷയത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിമിതമെങ്കിലുമുള്ള വായന എന്നെ അത്രമേൽ സ്വാധീനിച്ചതുകൊണ്ടാകാം. എന്തുതന്നെ ആയിരുന്നാലും മുൻ അനുഭവസമ്പത്തുകൾ ഒന്നുമില്ലാതെയുള്ള ആദ്യ നോവലെഴുത്തനുഭവം അത്രമേൽ എന്നിലുണർത്തിയത് കൗതുകവും ആത്മനിർവൃതിയും അന്വേഷണത്വരയുമായിരുന്നു. അതിനെല്ലാം എന്നെ സഹായിച്ചത്, ഒപ്പം നിന്നത് കുറച്ചധികം നല്ല മനുഷ്യരാണ്. അവരെക്കൂടി ഇവിടെ അടയാളപ്പെടുത്താതെ എനിക്ക് കടന്നുപോകാൻ സാധിക്കില്ല. കാരണം അച്ചടിമഷി പുരളും മുൻപേ എന്റെ ഈ കൊച്ചു നോവൽ വായിച്ചുതീർത്ത, എന്നെ തിരുത്തിയ, വിമർശിച്ച, അർഹിക്കുന്നതിനുമപ്പുറം കടന്നുചെന്ന് പ്രോത്സാഹിപ്പിക്കുന്ന, ഉപാധികൾ ഒന്നുമില്ലാതെ എനിക്കായി സമയം നീക്കിവെച്ച ചിലരുണ്ട്. മുൻവിധികൾ ഒന്നുമില്ലാതെ എന്നെ കേട്ടിരുന്ന പ്രിയപ്പെട്ടവൻ സൂരജ്, എന്റെ നോവലിന്റെ കുത്തും കോമയും ഡിലീറ്റ് ബട്ടനും വിട്ടുപോയ വിടവുകളിൽ വാക്കുകൾ നിറച്ചവരുമായ അനൂപ് സാറും ജിജു സാറും, പുലർച്ചെവരെയിരുന്ന് എന്റെ എഴുത്തുകൾ വായിച്ചുതീർത്ത എന്റെ ബാല്യകാലസഖികൾ ധന്യ, അച്ചു, എനിക്കുവേണ്ടി പത്രവാർത്തകൾ അന്വേഷിച്ച എന്റെ നാത്തൂൻ, അമൃത. ഇവർകൂടി ഉൾപ്പെട്ടതാണ് എന്റെ ആദ്യ ചുവട്. ഇന്ന് ലോകത്തിലേക്കുവെച്ച് ഏറ്റവും വിലപിടിപ്പുള്ളത് സമയമെന്നിരിക്കെ ഇവർ ഓരോരുത്തരും എനിക്കുവേണ്ടി നീക്കിവെച്ച സമയങ്ങൾ എനിക്ക് അത്രമേൽ ഹൃദയത്തോട് ചേർത്തുവെക്കേണ്ടുന്നവയാണ്.


Related Articles