ഗംഗയുടെയോ ബ്രഹ്മപുത്രയുടെയോ പത്തിലൊന്ന് ദൈർഘ്യം കേരളത്തിലെ ഒരു നദിക്കുമില്ല; അവയിലെ ഒഴുക്കിന്റെ നൂറിലൊരംശം കേരളത്തിലെ ഏറ്റവും വലിയ നദിയിൽപോലുമില്ല. പിന്നെയെങ്ങനെ ജലഗതാഗതത്തിൽ കേരളം അത്രയധികം മുന്നേറി? കേരളത്തിലെ നദികളിലൂടെ ഒഴുകിയെത്തുന്ന ഏകദേശം മുപ്പതു ശതമാനം അളവ് വെള്ളം തീരപ്രദേശത്ത് കായലുകളായി പരന്നുകിടക്കുകയാണ്. ഒഴുക്കില്ലായ്മ, അല്ലെങ്കിൽ ഒഴുക്കു തീരെ കുറഞ്ഞ അവസ്ഥ, കായലുകളെ ഗതാഗതത്തിന് അനുയോജ്യമായ പ്രതലമാക്കി മാറ്റുന്നു. മറ്റൊരു പ്രകൃതി പ്രതിഭാസവും ഇക്കാര്യത്തിൽ കേരളത്തെ സഹായിക്കുന്നുണ്ട്; ഏറ്റിറക്കങ്ങൾ–വേലിയേറ്റവും വേലിയിറക്കവും. ഏറ്റവും കൂടിയ വേലിയേറ്റവും ഏറ്റവും കുറഞ്ഞ വേലിയിറക്കവും തമ്മിലുള്ള അന്തരമാണ് ജലഗതാഗതത്തിൽ നിർണ്ണായകമാവുക. ഏറ്റവുംകൂടിയ വേലിയേറ്റനിരപ്പ് പാതയ്ക്കു കുറുകെയുള്ള നിർമ്മിതികളിലേക്കുള്ള ഉയരം നിർണ്ണയിക്കുന്നു; ഏറ്റവും കുറഞ്ഞ വേലിയിറക്കനിരപ്പ് പാതയിലൂടെ സഞ്ചരിക്കുന്ന യാനങ്ങളുടെ അധികതമ ഡ്രാഫ്റ്റും നിശ്ചയിക്കുന്നു. കേരളത്തിൽ ഏറ്റിറക്കങ്ങൾ തമ്മിൽ ഏറ്റവുംകൂടിയ അന്തരം ഒരു മീറ്ററിനടുത്താണ്; ഗുജറാത്തിലെ ഭാവ്നഗറിൽ അത് പത്തു മീറ്ററിലധികമാണ്.
അതായത്, കേരളത്തിലെ ഏറ്റിറക്കങ്ങളിൽ അത്ര ഏറ്റിറക്കമില്ല! ഏറ്റിറക്കങ്ങളിലെ വ്യത്യാസത്തിന് ആനുപാതികമായി വേലിയിറക്കത്തിൽ കടൽ ഉൾവലിയുന്നു. എത്ര ദൂരത്തിൽ കടൽ ഉൾവലിയുന്നുവോ അതായിരിക്കും കടൽത്തീരത്തിന്റെ അപ്പോഴത്തെ വീതി. വേലിയേറ്റവും വേലിയിറക്കവും ദിവസത്തിൽ രണ്ടു തവണ വീതം നടക്കുന്നു. ഗംഗ, ബ്രഹ്മപുത്ര പോലുള്ള നദികൾ കടലിനോടടുക്കുന്ന ഡെൽറ്റാ ഭാഗങ്ങളിൽ അവയിലെ ജലനിരപ്പിൽ പറയത്തക്ക മാറ്റമുണ്ടാവുന്നില്ല. എന്നാൽ നദിയുടെ മുകൾഭാഗങ്ങളിൽ മഴക്കാലത്തും വേനൽക്കാലത്തും ജലനിരപ്പിൽ പ്രകടമായ വ്യത്യാസമുണ്ടാവും; ഒഴുക്കിന്റെ വേഗതയിലും വളരെയധികം മാറ്റമുണ്ടാവും. ജലനിരപ്പ് വളരെയധികം മാറുന്നത് ജെട്ടികളുടെ സ്ഥാനം നിർണ്ണയിക്കുന്നത് ദുഷ്കരമാക്കും. ഒഴുക്കിന്റെ വേഗത കൂടുന്നത് സുരക്ഷയെ ബാധിക്കും. ഒഴുക്കിനെതിരെയും ഒഴുക്കിനോടൊത്തും നദികളിൽ നാവിഗേഷൻ നടക്കുന്നുണ്ട്. ഒഴുക്കിനെതിരെ ചരിക്കുന്ന യാനങ്ങൾ ഒഴുക്കിനൊപ്പം പോകുന്നതിലും കൂടുതൽ ഊർജ്ജമുപയോഗിക്കുന്നു; ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ സമയവുമെടുക്കുന്നു. കായലിലൂടെയുള്ള നാവിഗേഷനിൽ ഒഴുക്ക് ചരക്കുനീക്കത്തെ ബാധിക്കുന്ന ഘടകമാവുന്നില്ല. കേരളത്തിലെ കായലുകളിൽ ഏറ്റിറക്കങ്ങൾമൂലം ജലോപരിതലത്തിലുണ്ടാകുന്ന ഉയർച്ചതാഴ്ചകൾ കുറവായതിനാൽ ബോട്ടുജെട്ടികളുടെ സ്ഥാനം നിർണ്ണയിക്കാനും എളുപ്പമാണ്.
