മാർക്ക് ഹാഡന്റെ 'ദ ക്യൂരിയസ് ഇൻഡിഡെന്റ് ഓഫ് ദ ഡോഗ് ഇൻ ദ നൈറ്റ് ടൈം' ഒരു അപസർപ്പക നോവലല്ല. എന്നാൽ ഒരു അപസർപ്പകനോവലെഴുതാനും കുറ്റകൃത്യം തെളിയിക്കാനുമുള്ള ശ്രമമാണ് നോവൽ വിവരിക്കുന്നത്. ആർതർ കോനൻ ഡോയ്ലിന്റെ ഏറ്റവും പ്രശസ്തമായ ഷെർലക് ഹോംസ് കഥകളിലൊന്നായ 'സിൽവർ ബ്ലെയ്സി' ൽ നിന്നാണ് മാർക്ക് ഹാഡൻ തന്റെ നോവലിന്റെ പേരു സ്വീകരിച്ചത്. 'രാത്രിസമയത്തെ നായയുടെ വിചിത്രമായ സംഭവം' എന്ന് അക്ഷരാർഥത്തിൽ പരിഭാഷപ്പെടുത്താമെങ്കിലും 'രാത്രിസമയത്തെ നായയുടെ വിചിത്രമായ പെരുമാറ്റം' എന്നർഥമുള്ള ഒരു വാക്യം 'സിൽവർ ബ്ലെയ്സി' ൽ ഷെർലക് ഹോംസ് പറയുന്നുണ്ട്. കുറ്റകൃത്യം തെളിയിക്കുന്നതിന് ഹോംസിനെ സഹായിക്കുന്ന പ്രധാന സൂചനയാണത്. ഇംഗ്ലണ്ടിലെ ഡാർട്ട് മൂറിലുള്ള ചതുപ്പുപ്രദേശത്തെ ('ബാസ്കർ വിലിലെ വേട്ടനായ' യുടെ പശ്ചാത്തലം) കിങ് പൈലൻഡിലെ കേണൽ റോസിന്റെ സിൽവർ ബ്ലെയ്സ് എന്ന പന്തയക്കുതിരയെ കാണാതായതും അതിന്റെ പരിശീലകൻ കൊല്ലപ്പെട്ടതും ഹോംസ് തെളിയിക്കുന്നതാണ് ആ കഥയിൽ കോനൻ ഡോയ്ൽ വിവരിച്ചത്. പോലീസിനെ വഴിതെറ്റിച്ച സൂചനകളിൽനിന്ന് ഭാവനയിലൂടെ വഴിമാറി സഞ്ചരിച്ച ഷെർലക് ഹോംസിനെ യാഥാർഥ്യത്തിലേക്കെത്തിച്ചത് കുതിരപ്പന്തിയിലെ കാവൽ നായയുടെ കുറ്റകൃത്യം നടന്ന രാത്രിയിലെ വിചിത്രമായ പെരുമാറ്റമാണ്. ആ രാത്രിയിൽ അത് കുരച്ചിരുന്നില്ല എന്നു മനസ്സിലാക്കിയ ഹോംസ് കുറ്റവാളി നായയ്ക്കു പരിചിതനും അതുകൊണ്ടുതന്നെ കുതിരപ്പന്തിയുമായി ബന്ധപ്പെട്ടയാളുമാണെന്ന് ഊഹിച്ചു. ആ താക്കോൽ വാക്യത്തിൽനിന്നാണ് നായയുമായും വിചിത്രമായ പെരുമാറ്റവുമായും അപസർപ്പണവുമായും ബന്ധപ്പെട്ട തന്റെ ആഖ്യാനകം മാർക്ക് ഹാഡൺ വികസിപ്പിക്കുന്നത്.
ക്രിസ്റ്റഫർ ജോൺ ഫ്രാൻസിസ് ബൂൺ എന്ന പതിനഞ്ചുകാരൻ പറയുകയും എഴുതുകയും ചെയ്യുന്ന അപസർപ്പക കഥയാണ് 'ക്യൂരിയസ് ഇൻസിഡെന്റ്.' അതൊരു 'മർഡർ മിസ്റ്ററി നോവൽ' ആണെന്ന് ക്രിസ്റ്റഫർ അവകാശപ്പെടുന്നു. ഇംഗ്ലണ്ടിലെ സ്വിൻഡൺ എന്ന ഉൾനാടൻ പട്ടണത്തിൽ അച്ഛനോടൊപ്പമാണ് ക്രിസ്റ്റഫർ താമസിക്കുന്നത്. രണ്ടുവർഷം മുമ്പ് അമ്മ മരിച്ചുപോയെന്ന് അച്ഛൻ പറഞ്ഞതുകൊണ്ട് അവൻ അതു വിശ്വസിക്കുന്നു. അയൽവീട്ടിലെ മിസിസ് ഷിയേഴ്സിന്റെ നായ വെല്ലിങ്ടൺ ഒരുദിവസം പുൽത്തകിടിയിൽ ഗാർഡൻ ഫോർക്കുകൊണ്ട് കുത്തിക്കൊല്ലപ്പെട്ടതായി കാണപ്പെട്ടതോടെ ക്രിസ്റ്റഫർ കുറ്റവാളിയെ കണ്ടെത്താൻ ഒരു അപസർപ്പകനെപ്പോലെ അന്വേഷണം ആരംഭിക്കുന്നു. പക്ഷേ, മിസിസ് ഷിയേഴ്സ് അത് പ്രോത്സാഹിപ്പിക്കാതെ ക്രിസ്റ്റഫറിനെ വീട്ടിൽനിന്ന് അകറ്റിനിർത്താനാണു ശ്രമിച്ചത്. അന്വേഷണം തുടർന്ന ക്രിസ്റ്റഫർ അത് ഒരു മിസ്റ്ററി നോവലായി എഴുതുന്നു. സ്കൂളിലെ അധ്യാപികയായ സിയോബനാണ് ക്രിസ്റ്റഫറിനോട് എഴുതാൻ ആവശ്യപ്പെട്ടത്. പൊതുവേ കണക്കിന്റെയും സയൻസിന്റെയും പുസ്തകങ്ങൾ മാത്രം വായിക്കുകയും ഗണിത ബുദ്ധിപരീക്ഷകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ക്രിസ്റ്റഫറിന് മർഡർ മിസ്റ്ററി നോവലുകൾ ഇഷ്ടമാണ്. ഷെർലക് ഹോംസ് കഥകൾ മുഴുവൻ അവൻ വായിച്ചിട്ടുണ്ട്. 'ബാസ്കർവിലിലെ വേട്ടനായ' യിൽ രണ്ടു നായകൾ കൊല്ലപ്പെടുന്നതുകൊണ്ട് വെല്ലിങ്ടന്റെ മരണത്തെപ്പറ്റി നോവലെഴുതുന്ന ക്രിസ്റ്റഫറിനോട് മനുഷ്യർ കൊല്ലപ്പെടുന്നതാണ് മർഡർ മിസ്റ്ററി നോവലുകളിലെ വിഷയമെന്ന് സിയോബൻ പറഞ്ഞെങ്കിലും, തനിക്ക് കൊല്ലപ്പെട്ട ആളുകളെ പരിചയമില്ലാത്തതിനാൽ യഥാർത്ഥ സംഭവം മുൻനിർത്തി നോവലെഴുതാനും ഒപ്പം വെല്ലിങ്ടന്റെ കൊലയാളിയെ തിരയാനുമായിരുന്നു അവന്റെ തീരുമാനം. ക്രിസ്റ്റഫറിന്റെ പുസ്തകത്തിൽ അധ്യായ സംഖ്യകൾ 1,2,3 എന്ന ക്രമത്തിലല്ല. 2,3,5,7,11 എന്ന ക്രമത്തിലാണവ. ക്രിസ്റ്റഫർ അഭാജ്യസംഖ്യകളെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അങ്ങനെ അധ്യായ സംഖ്യ നൽകുന്നത്. ധാരാളം ചിത്രങ്ങൾ -- ഇമോജികൾ, ഡയഗ്രങ്ങൾ, ഭൂപടങ്ങൾ, പാറ്റേണുകൾ അവന്റെ നോവലിലുണ്ട്. ഇതെല്ലാമടങ്ങിയ അഭാജ്യസംഖ്യകളിൽ മാത്രമുള്ള അധ്യായങ്ങളും വലിയ ടൈപ്പിലുള്ള അച്ചടിയുമുള്ള നോവലാണ് ക്രിസ്റ്റഫറിന്റെ നോവൽതന്നെയായ മാർക്ക് ഹാഡന്റെ നോവൽ. ഇത്തരം രൂപപരീക്ഷണങ്ങളടങ്ങിയ കൃതികൾക്ക് 'മൾട്ടിമോഡൽ ഫിക്ഷൻ' എന്നാണ് സാങ്കേതികനാമം.
