ഗതിയിൽ അറിഞ്ഞും, അറിയാതെയും ഒഴുകുന്ന നദിയാണല്ലോ ജീവിതം. അതുകൊണ്ട് ചുമ്മാ പിൻതുടരാമെന്നല്ലാതെ വേർതിരിക്കാനോ, വ്യാഖ്യാനിക്കാനോ പ്രയാസമാണ്. എങ്കിലും നാം ശ്രമിക്കാതിരിക്കുകയില്ലല്ലോ. സാധാരണയായി ഓർമ്മകൾകൊണ്ടാണ് അത് ചെയ്യുക പതിവ്. അപ്പോഴും പരിപൂർണ്ണമായി പിടിതരാതെ, ജീവിതം അവ്യക്തസുഭഗമായി വിലസും. അതാണ് ജീവിതത്തിന്റെ ചാരുത, അഥവാ, ഓർമ്മകളുടെയും. മാടമ്പ് കുഞ്ഞുകുട്ടൻ എന്ന എഴുത്തുകാരനുമായി ചാർച്ച കുറവാണ്, ആ മനുഷ്യനുമായിട്ടാണ് എനിക്ക് നേർബന്ധം. കൈവശമുള്ള അല്പബുദ്ധികൊണ്ടു മനസ്സിലാക്കിയതുപ്രകാരം, അദ്ദേഹം കോവിലൻ സ്‌കൂളാണ്, (ഫലിതബോധം എന്ന പ്ലസ്സ് ഉണ്ടെന്നതു മറക്കുന്നില്ല.) ഞാനാണെങ്കിൽ, വി.കെ.എൻ. സ്‌കൂളാണെന്നാണ് വെയ്പ്പ്. ഇതു പോരാത്തതിന്, ഞങ്ങൾക്കിടയിൽ മുപ്പതു സംവത്സരങ്ങളുടെ വിടവും. എങ്കിലും, അദ്ദേഹവുമായി അടുപ്പം വന്നുഭവിക്കാനുള്ള നിയോഗം എനിക്കുണ്ടായി. നടേപറഞ്ഞതുപോലെ ജീവിതം അങ്ങനെയൊക്കെയാണല്ലോ.
നിർണ്ണായകമായ രണ്ടു കൂടിക്കാഴ്ചകൾക്കിടയിലേക്ക് ഓർമ്മകളെ ക്രമപ്പെടുത്തിക്കൊണ്ട്, ഏതാനും ചിലത് കുറിക്കട്ടേ.
കഴിഞ്ഞനൂറ്റാണ്ടവസാനത്തിലാണ്, തൊണ്ണൂറുകളിൽ, തിരുവില്വാമലയിലെ ഉപാസന സംഗീതസഭയുടെ പരിപാടി നടക്കുകയാണ്. വേദിയിൽ മാടമ്പ് പങ്കെടുക്കേണ്ടതുണ്ട്. അദ്ദേഹത്തെ കിരാലൂരിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ എങ്ങനെയോ നറുക്കു വീണത് ചിന്നപ്പയ്യനായ എനിക്ക്. കാറുമായി പ്രബലനായ എഴുത്താളനെ കൂട്ടിക്കൊണ്ടുവരാൻ പോകുകയാണ്. ആകാരംകൊണ്ടുതന്നെ ആരെയും വെല്ലും. ചാട്ടുളിപോലെയാണ് ഭാഷണം, അങ്ങനെ പലതും കേട്ടിട്ടുണ്ട്. നാട്ടിലെ വായനശാലയിൽനിന്ന് വായിച്ച പുസ്തകങ്ങളിലെ എഴുത്തുകാരോടൊക്കെ അക്കാലം, അടക്കാനാവാത്ത ആരാധനയാണ്. (ഇക്കാലവും) മന്ത്രവാദത്തേക്കാൾ നിഗൂഢമായ എന്തോ മനോപദ്ധതിയാണ് സാഹിത്യമെന്നാണ് ബോദ്ധ്യം. ഇവരിതെങ്ങനെ സാധിച്ചെടുക്കുന്നുവെന്ന് ഒരു രൂപവുമില്ല. എഴുത്താളനെന്നാൽ, ഏതാണ്ട് ഗന്ധർവ്വന്റെ പവറുള്ള ഒരാളാണെന്നാണ് സങ്കൽപം. അതുകൊണ്ട്, നഗ്നനേത്രങ്ങൾകൊണ്ട് ഇവരെയൊന്നും കാണാനുള്ള ധൈര്യമില്ല, നേരിടാനും.
