നിശ്ശബ്ദ അട്ടിമറി: ആമുഖം

World of Letters

നിശ്ശബ്ദ അട്ടിമറി: ആമുഖം


വർഷം ഏതാണ്ടവസാനിക്കാറായിരിക്കുന്ന സമയത്ത്, ഒരു ശൈത്യകാല പ്രഭാതത്തിലായിരുന്നു ആ സന്ദേശം എത്തിയത്. കോവിഡ് 19-നും അതിന്റെ പ്രശ്നപരിഹാരങ്ങൾക്കുംശേഷം 2020-ന് കൂടുതൽ അത്ഭുതങ്ങളൊന്നും താങ്ങാനാകില്ല എന്നായിരുന്നു ഞാൻ കരുതിയത്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ഏകാന്തവാസത്തിൽ, ഈ പുസ്തകത്തിന്റെ അവസാന അധ്യായങ്ങളുടെ പണിയിലായിരുന്നു ഞാൻ. അപ്പോഴാണ് ഫോണിൽ മെസേജെത്തുന്നത്. "പത്തു വർഷം മുമ്പ് ഞാനിതു പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല.’

അതിനോടൊപ്പം ഒരു പത്രവാർത്ത അറ്റാച്ച് ചെയ്തിരുന്നു. ഇല്ലാത്ത ബിസിനസിന്റെ പേരിൽ ഭീമമായ വായ്പകൾ സംഘടിപ്പിച്ച് നാട് വിട്ട മറ്റൊരു വ്യവസായകുടുംബത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. എനിക്ക് സന്ദേശം അയച്ചയാൾ പ്രഗല്ഭനായ ഒരു പെട്രോകെമിക്കൽ വ്യാപാരിയായിരുന്നു. ഏതാണ്ടൊരു പതിറ്റാണ്ടുമുമ്പ് പ്രശസ്തമായൊരു വ്യവസായകുടുംബം തന്നെ ഉപദ്രവിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഫോൺകോളിലൂടെയാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടാനിടയായത്.  സത്യം പറഞ്ഞാൽ, അദ്ദേഹത്തെ പൂർണ്ണമായി വിശ്വസിക്കാൻ എനിക്ക് കുറച്ചുകാലം വേണ്ടിവന്നു. പലവട്ടം ഞാൻ അദ്ദേഹത്തിന്റെ അനുഭവകഥകൾ കേട്ടു. നൂറുകണക്കിന് രേഖകൾ വായിച്ചു. ഇതേതരത്തിലുള്ള ഉപദ്രവം ഏറ്റുവാങ്ങേണ്ടിവന്ന മറ്റുള്ളവരെ കണ്ടു സംസാരിച്ചു. ആദ്യം ഞാൻ കരുതിയിരുന്നത്, അദ്ദേഹത്തിന്റെ മതിഭ്രമമാണിതെല്ലാം എന്നായിരുന്നു.

ഒരു വ്യവസായകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, ഡൽഹി ആസ്ഥാനമായുള്ള, ഒരു കമ്പനിയുടെ പെട്രോകെമിക്കൽ ട്രേഡിങ് ബിസിനസ് വികസിപ്പിക്കുക എന്ന പുതിയ ജോലിക്കെത്തിയപ്പോഴാണ് ചില ഇരുണ്ടരഹസ്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ കൺതുറന്നത്. വികസിപ്പിക്കാനായി യാതൊരു പെട്രോകെമിക്കൽ ബിസിനസും ആ കമ്പനിക്കുണ്ടായിരുന്നില്ല. കമ്പനിയുടെ യാഥാർത്ഥ കച്ചവടം കള്ളപ്പണം വെളുപ്പിക്കലും വജ്രത്തിന്റെ ചാക്രികവ്യാപാരവും (സർക്കുലർ ട്രേഡ്–ഉള്ളതിൽ കൂടുതൽ വ്യാപാരമുണ്ടെന്ന് ധ്വനിപ്പിക്കുന്ന രേഖകൾ സൃഷ്ടിച്ച് വിപണിമൂല്യം വർദ്ധിപ്പിക്കുന്ന തട്ടിപ്പ്: വിവർത്തകൻ) മറ്റ് നിയമവിരുദ്ധ ഏർപ്പാടുകളുമാണ്. നിയമവിരുദ്ധകാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ ബാധ്യതപ്പെട്ട മറ്റേതൊരു പൗരനെപ്പോലെയും അദ്ദേഹം അന്വേഷണ ഏജൻസികൾക്കും ബാങ്കുകൾക്കും ഇതു സംബന്ധിച്ച വിശദാംശങ്ങൾ പരാതിയായി എഴുതിനൽകി. ഈ പരാതികളെല്ലാം കൃത്യമായും അദ്ദേഹത്തിന്റെതന്നെ കമ്പനിയുടെ ഉന്നതാധികാരികൾക്കു മുന്നിൽ എത്തിച്ചേരുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതോടെ ഉപദ്രവമാരംഭിച്ചു.


Related Articles