ജോസി ജോസഫ്

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, അന്തര്‍ദ്ദേശീയതലത്തില്‍ അറിയപ്പെടുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ചേര്‍ത്തല സ്വദേശിയായ ജോസി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ദ ഹിന്ദു'വിന്റെ 'നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍', 'ടൈംസ് ഓഫ് ഇന്ത്യ'യുടെ എഡിറ്റര്‍ ഓഫ് സ്പെഷ്യല്‍ പ്രൊജക്ട് എന്നീ നിലകളിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ജോസി ജോസഫിന്റെ പല വാര്‍ത്തകളും കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ രാജികള്‍ക്കും ഉയര്‍ന്ന ഓഫീസര്‍മാരുടെ സ്ഥാനചലനത്തിനും ഒട്ടേറെ അറസ്റ്റുകള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം, വസ്തുതാന്വേഷണം, ഡോക്യുമെന്ററി-സിനിമാനിര്‍മ്മാണം എന്നിങ്ങനെ വിവിധ മേഖലകളിലിടപെടുന്ന കോണ്‍ഫ്‌ലുവന്‍സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സ്ഥാപ?കനാണ്. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ എഡ്വേര്‍ഡ് ആര്‍ മുറോ സെന്ററില്‍ ഗ്ലോബല്‍ ഫെല്ലോ ആയ ജോസി രാജ്യത്തിനകത്തും പുറത്തും വിവിധ വിദ്യാഭ്യാസ?സ്ഥാപനങ്ങളില്‍ വിസിറ്റിങ് പ്രൊഫസറാണ്. പ്രേം ഭാട്യ ട്രസ്റ്റിന്റെ 'ഇന്ത്യാസ് ബെസ്റ്റ് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍' (2010), രാംനാഥ് ഗോയങ്ക 'ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍' (2013) എന്നിവയടക്കം ദേശീയ-അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജോസിയുടെ 2016-ല്‍ പുറത്തിറങ്ങിയ ആദ്യപുസ്തകമായ 'എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ് (കഴുകന്മാരുടെ വിരുന്ന്)' 2017-ലെ മികച്ച നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനുള്ള ക്രോസ്വേഡ് പുരസ്‌കാരത്തിന് അര്‍ഹമായി. 2021-ല്‍ പുറത്തിറങ്ങിയ 'സൈലന്റ് കൂപ്പ്' (നിശ്ശബ്ദ അട്ടിമറി)' 2021-ലെ ഗാര്‍ഡിയന്‍ മസ്റ്റ് റീഡ് പട്ടികയില്‍ ഇടംപിടിച്ചു.