അനുഭവമെഴുത്തിന്റെകൂടിയായ ഈ പുസ്തകം ഒരു ടീസറാണ്. ഇനി വരാൻപോകുന്ന എന്റെ എഴുത്തിന്റെ ടീസർ. അനുഭവമെഴുത്തിനെക്കുറിച്ച് ചിന്തിക്കുമ്പോൾ രണ്ടു സാഹിത്യകാരൻമാരെയാണ് എനിക്ക് ഓർമ്മവരിക, ബഷീറും പിയും. ജീവിതമെഴുതി മാർക്കറ്റ് ചെയ്യുന്ന കാര്യത്തിൽ ഈ രണ്ടുപേരും അതിവിദഗ്ധരായിരുന്നു.
കഥയെന്ന പേരിലാണ് ബഷീർ തന്റെ ജീവിതമെഴുതിയത്. അങ്ങനെ ചെയ്യുമ്പോൾ ഒരു സൗകര്യമുണ്ട്. സത്യത്തിന്റെ കുറച്ച് മേമ്പൊടി ചേർത്താൽ മതി, എന്തു നുണയും നമുക്ക് വെച്ചുകാച്ചാം. മിക്കവരും അതൊക്കെ നടന്നതാണെന്ന് വിശ്വസിച്ചുകൊള്ളും. ഇതൊക്കെ ഉള്ളതാണോയെന്ന് ആരെങ്കിലും സംശയം പറഞ്ഞാൽ ഞാൻ എഴുതിയത് ആത്മകഥയല്ല വെറും കഥയാണെന്നു പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാം.
ഉദാഹരണത്തിന്, മുംബൈ ഭീകരാക്രമണസമയത്ത് അജ്മൽ കസബ് ഉതിർത്ത വെടിയുണ്ടയിൽനിന്നും തലനാരിഴയ്ക്ക് ഞാൻ രക്ഷപ്പെട്ടു എന്ന് ഒരു കഥയെഴുതിയാൽ വായനക്കാരിൽ തൊണ്ണൂറു ശതമാനവും ഞാൻ മുംബൈയിൽ പോയി ആ ഭീകരാക്രമണത്തെ നേരിട്ടു എന്നായിരിക്കും വിശ്വസിക്കുക. ബാക്കി പത്തു ശതമാനമാളുകൾമാത്രമേ ഞാനെഴുതിയത് ഫിക്‌ഷനാണ് എന്ന കാര്യം ഓർത്തിരിക്കുകയുള്ളൂ.
